കണമല: പമ്പാവാലിയിലെ 15 ട്രാൻസ്ഫോർമറുകളും ഓഫായി രാവും പകലും കിഴക്കൻ മേഖല മുഴുവനും വൈദ്യുതി മുടക്കം നീണ്ടപ്പോൾ കാരണം തേടി കെഎസ്ഇബി ജീവനക്കാർ കാട് വരെ കയറി. പോസ്റ്റുകളും ലൈനുകളും രണ്ടും മൂന്നും വട്ടം പരിശോധിച്ചിട്ടും കുഴപ്പങ്ങളൊന്നുമില്ല. ലൈൻ ചാർജ് ചെയ്യുമ്പോഴേ ഓഫാവുകയാണ്. ജീവനക്കാർ കാരണം തപ്പി മടുത്ത് വെള്ളം കുടിച്ചതിനൊടുവിൽ അവർ വില്ലനെ കണ്ടപ്പോൾ പകച്ചുപോയി. മൂഷികനായിരുന്നു വില്ലൻ.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. 11 കെവി മെയിൻ ലൈനുകളുടെ ഡിപി ബ്രിഡ്ജിങ്ങിൽ വാൽ ഉടക്കി എലി ഷോക്കേറ്റ് ചത്തപ്പോൾ വൈദ്യുതി മുടങ്ങുകയായിരുന്നു. കെഎസ്ഇബി എരുമേലി സെക്ഷൻ ലൈൻമാൻ തുലാപ്പള്ളി സ്വദേശി ജയന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് മണിക്കൂറുകൾ നീണ്ട വൈദ്യുതി മുടക്കം പരിഹരിക്കാനായത്.
സെക്ഷന്റെ പരിധിയിലുള്ള കണമല, എരുത്വാപ്പുഴ, മൂക്കംപെട്ടി, ആറാട്ടുകയം, മൂലക്കയം, കാളകെട്ടി, എയ്ഞ്ചൽവാലി പ്രദേശങ്ങളിലാണ് ട്രാൻസ്ഫോർമറുകൾ ഓഫായി മണിക്കൂറുകളോളം വൈദ്യുതി മുടങ്ങിയത്.
വൈദ്യുതി മുടക്കത്തിൽ നൂറുകണക്കിന് ആളുകളാണ് വലഞ്ഞത്. എരുമേലി സെക്ഷൻ ഓഫീസിലേക്ക് ഫോൺ കോളുകളുടെ പ്രവാഹമായിരുന്നു. കിഴക്കൻ മേഖലയിൽ വൈദ്യുതി മുടക്കം സംബന്ധിച്ച് പരാതികൾ വർധിച്ചതിനെത്തുടർന്ന് തകരാറുകൾ കാലതാമസമില്ലാതെ പരിഹരിക്കുന്നതിന് കണമലയിൽ ജീവനക്കാർക്ക് വാടക മുറി നൽകിയിട്ടുണ്ട്. പക്ഷികൾ, പാമ്പ്, പച്ചത്തവള തുടങ്ങിയ ജീവികൾ പലപ്പോഴും 11 കെ വി ലൈനുകളിൽ കുടുങ്ങി വൈദ്യുതി മുടക്കം നീളാറുണ്ട്.
കാരണം കണ്ടെത്താൻ താമസം നേരിടുമ്പോൾ തകരാർ പരിഹരിക്കൽ വൈകും. മരങ്ങളും മരച്ചില്ലകളും ലൈനുകളിൽ വീണാൽ കണ്ടുപിടിക്കാൻ പ്രയാസമില്ല. ജീവികൾ കുടുങ്ങുമ്പോഴാണ് ബുദ്ധിമുട്ടേറുന്നത്. കഴിഞ്ഞയിടെ എരുമേലി കൊരട്ടിയിൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങിയത് പോസ്റ്റിന് മുകളിൽ പാമ്പ് ഷോക്കേറ്റത് മൂലമായിരുന്നു. ജീവികൾക്ക് ഷോക്കേറ്റാൽ ചെറിയ ശബ്ദമാണ് ലൈനുകളിൽ ഉയരുക. അതേസമയം മരച്ചില്ലകൾ പതിച്ച് വൈദ്യുതി പോകുന്നത് ഉഗ്ര ശബ്ദത്തോടെയാണെന്ന് ജീവനക്കാർ പറയുന്നു.