കണമല: കണമലയിലെ കർഷകരെ വലച്ചു മലയണ്ണാൻമാരും കുരങ്ങുകളും. വിളകൾ പാകമാകും മുന്പേ മലയണ്ണാൻ കൂട്ടത്തോടെയെത്തി ശാപ്പിടും.
കരിക്ക് കഴിക്കാൻ തെങ്ങുകളിലാണു മലയണ്ണാൻ കൂട്ടത്തോടെ എത്തുന്നത്. വനമേഖലയോട് ചേർന്നുള്ള പുരയിടങ്ങളിലെ മിക്ക തെങ്ങുകളിലും തേങ്ങ ഇല്ലാതാക്കിക്കഴിഞ്ഞു.
മൂർച്ചയേറിയ പല്ലുകൾ കൊണ്ട് കരിക്കിൽ ദ്വാരമുണ്ടാക്കി ഇളനീര് കുടിക്കും. ഒട്ടേറെ തെങ്ങിൻകുലകളാണു പല തെങ്ങുകളിലും കരിക്ക് ആകുന്പോൾ തന്നെ ഉണങ്ങി പൊഴിഞ്ഞുകൊണ്ടിരിക്കുന്നത്.
കൊക്കോ കൃഷി ചെയ്തവർക്കൊന്നും വിള കിട്ടുന്നില്ല. കൊക്കോ വിളയുന്നതിനു മുന്നേ അകത്താക്കും. വാഴ, കാച്ചിൽ എന്നിവയും മലയണ്ണാന്മാർ നശിപ്പിക്കുന്നുണ്ട്.
കാണാൻ വന്യമായ സൗന്ദര്യമുണ്ട് മലയണ്ണാൻമാർക്ക്. കൈയിലിരിപ്പ് കർഷക ദ്രോഹമാണെന്ന് നാട്ടുകാർ പറയുന്നു. മരങ്ങളുടെ ഏറ്റവും ഉയരത്തിലാണ് ഇവ കൂടുവച്ചിരിക്കുന്നത്.
പല മരങ്ങളിലായി മൂന്നും നാലും കൂടുകൾവച്ചു താമസിച്ച് കൃഷി നശിപ്പിക്കുന്ന പ്രകൃതമാണ് മലയണ്ണാൻമാരുടേത്. ഈ മേഖലയിൽ മലയണ്ണാന്മാർ നൂറിലധികമുണ്ടന്നു കർഷകർ പറയുന്നു.
മറ്റൊരു പ്രധാന ശല്യക്കാരനാണു കുരങ്ങ്. തേങ്ങ പറിച്ചെടുത്തു താഴെ ഇറങ്ങി കല്ലിൽ അടിച്ച് പൊട്ടിച്ചശേഷം ശാപ്പിടും. തുരത്താൻ ശ്രമിച്ചാൽ പാഞ്ഞെത്തി ഉപദ്രവിക്കും.
പലവിധ സൂത്രപ്പണികൾ നോക്കിയിട്ടും കുരങ്ങിനെയും മലയണ്ണാന്മാരെയും അകറ്റാൻ കഴിയുന്നില്ലെന്നും പറയുന്നു. രാത്രിയിൽ ഇവയുടെ ശല്യമില്ല. പകലാണ് ഈ രണ്ടു സംഘവും വിഹരിക്കുന്നത്.
രാത്രിയിൽ ആന, പന്നി, കാട്ടുപോത്ത് എന്നിവയും കണമല – പന്പാവാലി മേഖലയിൽ കർഷകരെ വലച്ചുകൊണ്ടിരിക്കുകയാണ്.
മൃഗങ്ങൾ വനാതിർത്തി കടന്ന് നാട്ടിൽ ഇറങ്ങാതിരിക്കാൻ സൗര വൈദ്യുതി പ്രവഹിക്കുന്ന ഷോക്ക് വേലികൾ വനംവകുപ്പ് ചില സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പൊന്തക്കാടുകൾ മൂലം വൈദ്യുതി പ്രവഹിക്കാത്തതിനാൽ പ്രയോജനമില്ല. കാട്ടുപന്നികൾ നാട്ടിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്.
വെടിവച്ചിടാൻ നിയമപരമായി അനുമതി സർക്കാർ സമീപകാലത്തു നൽകിയെങ്കിലും അതിന് വൈദഗ്ധ്യമുള്ളവർ രംഗത്തുവന്നിട്ടില്ല. വെടിവച്ചിട്ടാൽ നായാട്ടാണെന്ന കേസ് വരുമോയെന്ന് ആശങ്കയുണ്ട്.
മലയണ്ണാൻ, കാട്ടുപന്നി തുടങ്ങിയവയെ വനത്തിലേക്കു തുരത്താൻ വനപാലകർ നാട്ടുകാരുമായി ചേർന്നു പദ്ധതികൾ നടപ്പിലാക്കുക മാത്രമാണ് ശരിയായ പോംവഴിയെന്നും അതിന് ജനപ്രതിനിധികൾ നടപടികൾ സ്വീകരിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.