ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ പോസ്റ്ററൊട്ടിച്ചത് സ്വന്തം പാർട്ടിയിലുള്ളവർ തന്നെയാണെന്ന് വ്യക്തമായി. സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
സിപിഐയുടെ യുവജന വിഭാഗമായ എഐവൈഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം ജയേഷ്, മണ്ഡലം കമ്മിറ്റി അംഗം ഷിജു എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ ഉൾപ്പെട്ട കിസാൻ സഭാ മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ ഒളിവിൽ പോയി. ഇയാൾക്കായി പോലീസ് തെരച്ചിൽ തുടങ്ങി.
എൽദോ എബ്രഹാം എംഎൽഎയെയും മറ്റ് സിപിഐ നേതാക്കളെയും എറണാകുളത്ത് പോലീസ് മർദ്ദിച്ച സംഭവത്തെ പാർട്ടി സെക്രട്ടറി ന്യായീകരിച്ചതിൽ പ്രതിഷേധിച്ചാണ് പോസ്റ്റർ പതിച്ചതെന്ന് അറസ്റ്റിലായ യുവനേതാക്കൾ പോലീസിനോട് പറഞ്ഞു.
ഇവർ എത്തിയ കാർ രാവിലെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പുന്നപ്ര സ്വദേശിയുടെ കാറിൽ എത്തിയാണ് ഇവർ പോസ്റ്റർ പതിച്ചത്. ഇയാൾ കാർ വാടകയ്ക്ക് നൽകുന്നയാളാണ്. ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് യുവനേതാക്കൾ അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച പുലർച്ചെയാണ് കാനത്തിനെതിരേ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ പോലീസ് കാർ കസ്റ്റഡിയിലെടുത്തു. കാർ കണ്ടെത്തി മണിക്കൂറുകൾക്കുള്ളിൽ പോസ്റ്റർ പതിച്ചവരെയും കണ്ടെത്തുകയായിരുന്നു. അതിവേഗത്തിലാണ് ഈ കേസിൽ പോലീസ് അന്വേഷണം നടത്തിയത്.