തിരുവനന്തപുരം: കേരളത്തിലെ ഇടതു രാഷ്ട്രീയത്തിൽ യൗവനകാലം മുതൽ തലയെടുപ്പോടെനിന്ന നേതാവാണു കാനം രാജേന്ദ്രൻ. എഴുപത്തിമൂന്നാം വയസിൽ അപ്രതീക്ഷിതമായി വിടവാങ്ങുന്പോൾ അത് വർത്തമാന കേരളരാഷ്ട്രീയത്തിലെ മുൻനിരനേതാക്കളിൽ ഒരാളാണ് ഇല്ലാതാകുന്നത്.
രണ്ടു മാസത്തോളമായി ആശുപത്രിയിൽ കഴിയുന്ന കാനത്തിനു പകരക്കാരനെ വയ്ക്കേണ്ടെന്നായിരുന്നു പാർട്ടി തീരുമാനം. കൂട്ടായ നേതൃത്വം തീരുമാനങ്ങളെടുത്തു മുന്നോട്ടു പോകാനും പാർട്ടി തീരുമാനിച്ചു. പാദം മുറിച്ചു മാറ്റിയതിനു ശേഷം കൃത്രിമപാദം ഉപയോഗിക്കാനായിരുന്നു തീരുമാനം.
അതിനു ശേഷം കാനം സിപിഐ രാഷ്ട്രീയത്തിലേക്കു മടങ്ങി വരണമെന്നു പാർട്ടി ആഗ്രഹിച്ചിരുന്നു. കാനത്തിനു പകരക്കാരനേക്കുറിച്ചു ചിന്തിക്കാൻ പോലും പാർട്ടിക്കു കഴിയുമായിരുന്നില്ല. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കാനം അപ്രതീക്ഷിതമായി വിടവാങ്ങി. കേരള രാഷ്ട്രീയത്തിനും ഇടതുരാഷ്ട്രീയത്തിനും നഷ്ടം.
1969 ൽ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ആയിരുന്ന സി.കെ. ചന്ദ്രപ്പൻ ദേശീയ പ്രസിഡന്റ് ആയപ്പോൾ കാനം സംസ്ഥാന സെക്രട്ടറി ആയി. അന്നു പ്രായം 19 മാത്രം. ഒരുപക്ഷേ കേരളത്തിൽ ഒരു യുവജനപ്രസ്ഥാനത്തിന്റെ തലപ്പത്ത് അതിനു മുന്പോ ശേഷമോ ഇത്ര ചെറിയ പ്രായത്തിൽ ഒരാൾ എത്തിയിട്ടുണ്ടാകില്ല.
1971ൽ പാർട്ടി സംസ്ഥാന കൗണ്സിൽ അംഗമാകുന്പോൾ 21 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളു. 25-ാം വയസിൽ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായി. സിപിഐ രാഷ്ട്രീയത്തിലെ അതികായന്മാർ ഈ സമിതികളിൽ ഇടംകണ്ടിരുന്ന കാലത്തായിരുന്നു യുവാവായ കാനം പാർട്ടിയുടെ നിർണായകമായ സമിതികളിൽ എത്തിയത്.
1982ലും 1987 ലും വാഴൂർ നിയോജകമണ്ഡലത്തിൽ നിന്നു നിയമസഭയിലെത്തി. നിയമസഭാ സാമാജികൻ എന്ന നിലയിലും ശ്രദ്ധേയനായി. 1991ൽ നിയമസഭയിൽ കാലാവധി പൂർത്തിയാക്കിയതിനുശേഷം കാനം പാർലമെന്ററി രാഷ്ട്രീയം പയറ്റിയിട്ടില്ല. തൊഴിലാളി യൂണിയൻ രംഗത്തും 2015 മുതൽ പാർട്ടി സംസ്ഥാന സെക്രട്ടറിയായിട്ടുമായായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം. മൂന്നു തവണ സിപിഐ സംസ്ഥാന സെക്രട്ടറിയായ അദ്ദേഹം സിപിഐയുടെ കരുത്തനായ അമരക്കാരനായി മാറി. അധികാര സ്ഥാനങ്ങളിൽനിന്ന് അകന്നുനിന്നപ്പോഴും കാനം രാജേന്ദ്രൻ സംസ്ഥാന രാഷ്ട്രീയത്തിൽ പ്രസക്തനും പ്രബലനുമായി തുടർന്നു.
സൗമ്യമായ പെരുമാറ്റവും വിപുലമായ സൗഹൃദങ്ങളുമായിരുന്നു കാനത്തിന്റെ സവിശേഷത. സിപിഐയെ ഇടതുപക്ഷത്തെ തിരുത്തൽ ശക്തിയായി നിലനിർത്തിയതിൽ കാനത്തിന്റെ പങ്ക് ചെറുതല്ല. ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായിരുന്ന തോമസ് ചാണ്ടിക്കെതിരേ ആരോപണങ്ങൾ ഉയർന്നപ്പോൾ മന്ത്രിക്ക് എതിരായ നിലപാടിലായിരുന്നു സിപിഐ. എന്നാൽ സിപിഎം തുടക്കത്തിൽ മന്ത്രിക്കൊപ്പം നിലകൊണ്ടു.
ഒടുവിൽ തോമസ് ചാണ്ടി ഇരിക്കുന്ന മന്ത്രിസഭായോഗത്തിൽ പങ്കെടുക്കേണ്ടെന്ന് സിപിഐ മന്ത്രിമാർക്കുനിർദേശം നൽകിയത് കാനമാണ്. ഇതിന്റെ പേരിൽ സിപിഎം-സിപിഐ ബന്ധത്തിൽ വിള്ളൽ വീണെങ്കിലും ഏതാനും മണിക്കൂറുകൾക്കുള്ളിൽ മന്ത്രിക്കു രാജിവയ്ക്കേണ്ടി വന്നു. എത്ര വലിയ നേതാവിനോടും മുഖത്തു നോക്കി വിയോജിപ്പുകൾ വിളിച്ചു പറയാൻ കാനം ഭയപ്പെട്ടില്ല. സംസ്ഥാന രാഷ്ട്രീയത്തിൽ കാനം രാജേന്ദ്രനു പ്രത്യേക ഇടം നേടിക്കൊടുത്തതും ഈ തന്റേടമായിരുന്നു.
സാബു ജോണ്