കൊല്ലം : തീരദേശത്തെ അപൂർവ്വമായ ധാതു മണൽ ഖനനം ചെയ്യുവാനുള്ള അധികാരം സ്വകാര്യ മേഖലയ്ക്ക് നൽകുവാൻ ഇടത് സർക്കാർ നീക്കം നടത്തുന്നതിലൂടെ കോടി കണക്കിന് രൂപയുടെ അഴിമതിക്ക് സി പിഎമ്മിന് അവസരം ലഭിച്ചതായി ഡി സി സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ആരോപിച്ചു.
ധാതു മണൽ ഖനന കാര്യത്തിൽ 2016ലെ ഇടത് മുന്നണിയുടെ പ്രകടന പത്രിക പൊതു മേഖലയ്ക്ക് ഒപ്പമെന്ന് പ്രഖ്യാപിച്ചെങ്കിലും, കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ആറ്റമിക് മിനറൽ കണ്സക്ഷൻ നിയമത്തിൽ (2016) ഭേദഗതിയിലൂടെ സ്വകാര്യ മേഖലയെ വിലക്കിയിട്ടും ഇതെല്ലാം മറച്ചുവച്ച് സി പി എം നീക്കം കൊല്ലത്തെ ലക്ഷക്കണക്കിന് ടണ്‍ ധാതു ശേഖരം സ്വകാര്യ മേഖലയ്ക്ക് തീറെഴുതി കൊടുക്കുന്നതിനാണ്.
ഇതിലൂടെ അഴിമതിയുടെ പുതിയ മുഖം തുറക്കാൻ സി പി എം ശ്രമിക്കുന്നത് കോണ്‍ഗ്രസ് അനുവദിക്കില്ലെന്നും, പൊതുമേഖലയിൽ ധാതു ഖനനം നിലനിർത്തുവാൻ ശ്രമിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് വരുമെന്നും ഡി സി സി പ്രസിഡന്റ് പറഞ്ഞു.