ജഗീഷ് ബാബു
പത്തനംതിട്ട: കാനന നടുവിലെ രവീന്ദ്രന്റെ വീടു കാണാനെത്തുന്നവർക്ക് ഒന്നും വിശ്വസിക്കാനാവുന്നില്ല. ഇഷ്ടികയോ സിമന്റോ, എന്തിന് മരത്തടി പോലും ഇല്ലാതെ കേരളീയ വാസ്തു ശൈലിയിൽ പൂർത്തിയായ മുളവീട്.
വീടുമുഴുവൻ നടന്നു കണ്ട ശേഷം ഏതൊരാളുടേയും ആദ്യചോദ്യം ചെലവായ തുക ആയിരിക്കും.
പ്ലാപ്പള്ളി വനമേഖലയിലെ ആദിവാസി മലമ്പണ്ടാര വിഭാഗത്തിൽപ്പെട്ട രവീന്ദ്രന്റെ കഠിനാധ്വാനമാണ് ഈ മുളവീട്. ആറുമാസത്തെ തന്റെ അധ്വാനമാണ് വീട് നിർമാണത്തിലെ പ്രധാന ചെലവ്.
പിന്നെ മേൽക്കൂരയ്ക്ക് ആവശ്യമായ ജി ഐ ഷീറ്റും ഇരുമ്പ് ആണിയും വിലകൊടുത്ത് വാങ്ങി. ബാക്കിയെല്ലാം കാട് തന്നു.
രവീന്ദ്രനും ഭാര്യയും മക്കളും ചെറുമക്കളുമെല്ലാം ഒരുമിച്ചാണ് ഇവിടെ താമസം.പമ്പ റൂട്ടിൽ ളാഹ മഞ്ഞകടമ്പ് പ്ലാപ്പള്ളി വനം സ്റ്റേഷനു സമീപം ശബരിമല കാടുകളിലാണ് രവീന്ദ്രന്റെ “കാനന ബംഗ്ലാവ്.’
ചെലവു കുറഞ്ഞ രീതിയിൽ നിർമിച്ച വീടാണിതെങ്കിലും കാഴ്ചയിലെ ആ സുഖം പറഞ്ഞറിയിക്കാനാവില്ല.
ചുറ്റും നിറഞ്ഞു നിൽക്കുന്ന വന്യ സൗന്ദര്യത്തിൽ പക്ഷികളുടെയും ചീവീടുകളുടെയും നിലയ്ക്കാത്ത ശബ്ദവും ശുദ്ധവായു നിറഞ്ഞ അന്തരീക്ഷവും. ഇടയ്ക്കിടെ വിരുന്നുകാരെപ്പോലെയെത്തുന്ന മാൻപേടകളും മറ്റൊരു കാഴ്ച .
വീടിന്റെ അകത്തളത്തിന്റെ ഭംഗിയും ഉപയോഗിച്ചിരിക്കുന്ന നിർമാണവസ്തുക്കളുമെല്ലാം ആരേയും ആകർഷിക്കും. ഏതാണ്ട് 400 ചതുരശ്രയടി വലുപ്പമുളള വീടാണൊരുക്കിയിരിക്കുന്നത്.
‘‘ചെലവ് കുറഞ്ഞ വീടുകളെപ്പറ്റിയുളള പൊതുധാരണകൾ ഇവിടെ ആകെ തിരുത്തിക്കുറിക്കും. . ഇവിടെ ചെലവിന് മാത്രമാണ് കുറവ്.
മികവിന് യാതൊരു കുറവും വരുത്തിയിട്ടില്ല.’’ വീട് രൂപകൽപന ചെയ്ത ആർക്കിടെക്ട് രവീന്ദ്രനാകട്ടെ സ്കൂൾ വിദ്യാഭ്യാസം പോലും മുഴുമിപ്പിച്ചിട്ടില്ല.
എന്നിട്ടും കിടക്ക മുറിയും മനോഹരമായ വരാന്തയും , അടുക്കളയും മൊത്തത്തിൽ ആകർഷകമായ ഭംഗി ഈ വീടിനുണ്ട്.
വിനോദ സഞ്ചാരമേഖലയിൽ ഇത്തരത്തിലുള്ള വീടുകൾ നിർമിച്ചാൽ താമസിക്കുവാനായി ധാരാളം പേർ എത്തുമെന്നു മാത്രമല്ല, പരിസ്ഥിതി സൗഹാർദ വിനോദ സഞ്ചാരത്തിനുള്ള സാധ്യതകളും മെച്ചമാകും. ആദിവാസി ഗോത്ര വിഭാഗങ്ങളിൽപ്പെട്ട മലമ്പണ്ടാരങ്ങളാണ്ട് ഇത്തരത്തിലുള്ള വീടുകൾ നിർമിക്കുന്നത്.
വനത്തിൽ നിന്നും ലഭിക്കുന്ന മുളകളും കാട്ടുവള്ളികളും ചാണകവും മണ്ണ് കുഴച്ച മിശ്രിതവും കാട്ടുകല്ലുകളുമാണ് നിർമാണ സാമഗ്രികൾ.
പൂർണമായും പരിസ്ഥിതി സൗഹാർദ നിർമാണസാമഗ്രികളാണ് ഇവയിൽ ഉപയോഗിച്ചിരിക്കുന്നതെ ന്നതും ശ്രദ്ധേയമാണ്. പത്തു വർഷം വരെ ഇത്തരം വീടുകൾക്ക് കേടുപാടുകൾ ഉണ്ടാകില്ലെന്നാണ് രവീന്ദ്രൻ അവകാശപ്പെടുന്നത്.
ഏകദേശം 20 കുടുംബങ്ങളാണ് രവീന്ദ്രനെ കൂടാതെ ഈ വനമേഖലയിൽ ഉള്ളത്. ഇവരിൽ പലരും ടാർപോളിൻ വലിച്ചു കെട്ടിയ കൂരയ്ക്കുള്ളിലാണ് കഴിയുന്നത്. പലരും രവീന്ദ്രൻ മാതൃക പിൻതുടരാനുള്ള തയാറെടുപ്പിലാണ്.
പരിസ്ഥിതി സൗ ഹാർദ്ദപരമായ ഈ വീട് നിർമിച്ചിരിക്കുന്ന രവീന്ദ്രനെ സ്നേഹപ്പച്ച എന്ന സംഘടനയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
സ്നേഹപ്പച്ച കോർഡിനേറ്റർ രേഖ എസ് നായർ, വേഗവരയിൽ ലോക റിക്കാർഡ് നേടിയ ജിതേഷ് ജി, ശിലാ സന്തോഷ്, സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് എൽ. സുഗതൻ, മെഹർഖാൻ ചേന്നല്ലൂർ, എഴുത്തുകാരൻ ബിജു മുഹമ്മദ്, രവീന്ദ്രൻ , ഉണ്ണികൃഷ്ണൻ തുടങ്ങുയവർ ചടങ്ങിൽ പങ്കെടുത്തു.