കടുത്തുരുത്തി: കാണക്കാരി പഞ്ചായത്തിലെ കുറുമുളളൂര്‍ കരയില്‍ കോളവേലില്‍ കെ.യു. ജെയിംസ് 80 സെന്റ് സ്ഥലം സൗജന്യമായി പഞ്ചായത്തിന് കൈമാറി.
പഞ്ചായത്തിന് സ്വന്തമായി അന്താരാഷ്ട്ര നിലവാരത്തിലുളള സ്റ്റേഡിയം നിര്മിക്കുന്നതിനായാണ് മകന് ഫിലിപ്പ് ജെയിംസിന്റെ ഓര്‍മയ്ക്കായി പഞ്ചായത്തിന് സ്ഥലം ദാനം ചെയ്തത്.
സ്ഥലം കളിക്കളത്തിനു മാത്രമായി ഉപയോഗിക്കണമെന്നും ഫിലിപ്പ് ജെയിംസിന്റെ ഓര്‍മയ്ക്കായി രേഖപെടുത്തണമെന്നുമാണ് സ്ഥലം ദാനം ചെയ്തപ്പോള്‍ ജെയിംസിന്റെ വ്യവസ്ഥ. പഞ്ചായത്ത് പ്രസിഡന്റ് മിനു മനോജിന്റെ ശ്രമങ്ങളാണ് ഇതിനു സഹായകമായത്.
പഞ്ചായത്തിന് ലഭിക്കുന്ന സ്ഥലത്തിന്റെ രജിസ്ട്രേഷന് ഫീസ് ഉള്‍പെടെയുള്ള നടപടിക്രമങ്ങള്‍ ഒഴിവാക്കി ആധാരം എഴുതി വാങ്ങുകയായിരുന്നു.
മുഖ്യമന്ത്രിയുടെ നൂറുദിന പദ്ധതിയില്‍ ഉള്‍പെടുത്തി ഈ സ്ഥലത്ത് ആധുനിക നിലവാരത്തിലുളള സ്റ്റേഡിയമായി ഉയര്‍ത്തുന്നതിനുളള നടപടികള്‍ ആരംഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് മിനു മനോജ്, സെക്രട്ടറി ബെന്നി ജേക്കബ് എന്നിവര്‍ അറിയിച്ചു.