കൊച്ചി: ഫിഫ അണ്ടർ 17 ലോകകപ്പ് മത്സരങ്ങൾക്കായി ആവേശത്തോടെ കാത്തിരിക്കുന്ന ആരാധകർക്ക് മുന്നിലേക്ക് കൊച്ചിയിൽ പന്തു തട്ടാനിറങ്ങുന്ന വിദേശ ടീമുകൾ പറന്നിറങ്ങി. ഗ്രൂപ്പ് ഡിയിലെ ബ്രസീൽ, സ്പെയിൻ, ഉത്തര കൊറിയ, നൈജർ ടീമുകളാണ് ഇന്നലെ നെടുന്പാശേരി വിമാനത്താവളത്തിൽ എത്തിയത്.
ഒഫീഷ്യൽസിനു പുറമേ അൻവർ സാദത്ത് എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ടീമുകളെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. നെടുന്പാശേരിയിൽ വിമാനമിറങ്ങിയ ആദ്യ ടീം ലാ റോഹ (ദ റെഡ്) എന്നറിയപ്പെടുന്ന സ്പെയിനായിരുന്നു. ഇന്നലെ പുലർച്ചെ 3.30നാണ് അവർ എത്തിയത്. സ്പാനിഷ് ടീം വൈകിട്ട് 5.30ന് ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിൽ പരിശീലനത്തിനിറങ്ങുകയും ചെയ്തു.
ഗോളടിക്കാനും പ്രതിരോധക്കോട്ട കെട്ടാനുമുള്ള പരിശീലനമാണ് ഇന്നലെ കോച്ച് സാന്റിയാഗോ ഡെനിയ സാഞ്ചെസ് സ്പാനിഷ് കൗമാരപടയ്ക്ക് പകർന്നു നൽകിയത്. നിലവിലെ യൂറോ അണ്ടർ 17 ചാന്പ്യൻമാരായ സ്പെയിൻ ഇതുവരെ ലോകകപ്പിന്റെ കൗമാര മേളയിൽ കിരീടം ചൂടിയിട്ടില്ല.
ഉച്ചയ്ക്ക് 1.45ഓടെ മുംബൈയിൽ നിന്നാണ് കാനറികൾ നെടുന്പാശേരി വിമാനത്താവളത്തിൽ എത്തിയത്. കഴിഞ്ഞയാഴ്ച മുംബൈയിലെത്തിയ ബ്രസീൽ അവിടെ പരിശീലനം നടത്തുകയും ന്യൂസിലൻഡിനെതിരെ സൗഹൃദമത്സരം കളിക്കുകയും ചെയ്തശേഷമാണ് എത്തിയത്. നീല ടീഷർട്ടും കറുത്ത ഷോർട്സുമായിരുന്നു താരങ്ങളുടെ വേഷം.
മലയാള മണ്ണിൽ ഏറെ ആരാധകരുള്ള ബ്രസീൽ ടീമിനെ വലിയ ആരവങ്ങളില്ലാതെയാണ് കൊച്ചി വരവേറ്റത്. വിമാനമിറങ്ങി പുറത്തുവന്നശേഷം ബസിൽ ടീമിന്റെ വാസസ്ഥലമായ ഹോട്ടൽ ക്രൗണ്‍ പ്ലാസിയിലേക്ക് പോയി. കോച്ച് ബഹിയാൻ അമാഡ്യൂവിന്റെ നേതൃത്വത്തിൽ വൈകുന്നേരം ആറിന് മഹാരാജാസ് ഗ്രൗണ്ടിലെത്തിയ ടീം രണ്ടു മണിക്കൂറോളം പരിശീലനം നടത്തി. 20 അംഗ സംഘമാണ് ടീമിലുള്ളത്. പരിശീലനത്തിന്റെ ആദ്യ മിനിട്ടുകളിൽ വ്യായാമത്തിന് സമയം കണ്ടെത്തിയ ബ്രസീൽ പിന്നീട് ടീമുകളായി തിരിഞ്ഞ് പരസ്പരം മത്സരിച്ചു.
ഉച്ചയ്ക്ക് 2.40ഓടെയാണ് ഉത്തര കൊറിയൻ ടീം എത്തിയത്. അബുദാബിയിൽ പരിശീലനത്തിലായിരുന്ന കൊറിയൻ സംഘം അവിടുന്ന് നേരേ കൊച്ചിയിലെത്തുകയായിരുന്നു. ബ്രസീലും സ്പെയിനും ഉൾപ്പെട്ട ഗ്രൂപ്പിൽ വന്പൻ അട്ടിമറികൾ നടത്തിയാലേ അവർക്ക് നോക്കൗട്ട് റൗണ്ടിൽ കടക്കാൻ കഴിയുകയുള്ളൂ. അത്തരത്തിലൊരു അട്ടിമറിക്കാണ് കൊറിയക്കാർ കോപ്പുകൂട്ടുന്നത്. ഹോട്ടലിൽ എത്തിയ താരങ്ങൾക്ക് വിശ്രമത്തിന് അധികം സമയം നൽകാതെ പരിശീലകൻ യുൻ ജോങ് സണ്‍ ഇവരെ പനന്പള്ളിനഗർ സ്പോർട്സ് അക്കാദമി മൈതാനിയിൽ പരിശീലനത്തിനിറക്കി.
നൈജർ ടീം വൈകുന്നേരം നാലിന് കൊച്ചിയിലെത്തി. കന്നി ലോകകപ്പ് കളിക്കാനെത്തുന്ന നൈജറിന് അണ്ടർ 17 ആഫ്രിക്കൻ നേഷൻസ് കപ്പിലെ മികച്ച പ്രകടനമാണ് ആത്മവിശ്വാസം. ടിയെമോഗോ സൗമയ്ള ആണ് ടീമിന്റെ പരിശീലകൻ. ടീം ഇന്നലെ പരിശീലനത്തിനിറങ്ങിയില്ല.
വിനീതിനെ ഇഷ്ടപ്പെടുന്ന അനികേത്
കോട്ടയം: വെള്ളിയാഴ്ച ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഫിഫ അണ്ടര്‍ 17 ലോകകപ്പിന് ടീം ഇന്ത്യ ഇറങ്ങുമ്പോള്‍ രാജ്യമാകെ ഉറ്റുനോക്കുന്ന 11 പേരുകള്‍ ആരായിരിക്കും. അമേരിക്കയുമായുള്ള ഏറ്റുമുട്ടലില്‍ മത്സരഫലത്തെക്കുറിച്ച് ആര്‍ക്കും ആവലാതികളില്ല. എന്നാല്‍, ടീനേജിലുള്ള 11 കുട്ടികള്‍ ചരിത്രം രചിക്കാനൊരുങ്ങുകയാണ്. അക്കൂട്ടത്തില്‍ വളരെയധികം പ്രതിഭാധനനായ ഒരു താരമുണ്ട്, ആ പയ്യനെ പരിചയപ്പെടാം.
ബ്രസീലിയന്‍ അദ്ഭുത താരം നെയ്മര്‍ക്കൊപ്പം കേരളത്തിന്റെ സ്വന്തം സി.കെ. വിനീതിനെയും ഇഷ്ടപ്പെടുന്ന, മഹാരാഷ്ട്രയില്‍നിന്ന് ഇന്ത്യന്‍ ടീമിലെത്തിയ ഏകതാരം അനികേത് ജാദവ്. ഇന്ത്യന്‍ ടീമിലും ബംഗളൂരു എഫ്സിയിലും കേരള ബ്ലാസ്റ്റേഴ്സിലും തകര്‍ത്തു കളിക്കുന്ന വിനീത് തനിക്ക് ഏറെ ഇഷ്ടപ്പെട്ട ഇന്ത്യന്‍ താരമാണെന്ന് പതിനേഴുകാരനായ അനികേത്.
ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ ആദ്യ സ്ട്രൈക്കറായി അനികേത് എത്തുമെന്നുറപ്പ്. പരിശീലകന് നോര്ട്ടന് ഡി മാറ്റോസിന്റെ മാനസപുത്രനായി ഇതിനോടകം അനികേത് യാദവ് മാറിക്കഴിഞ്ഞു. മണിപ്പൂരില്‍നിന്നുള്ള താരങ്ങള്‍ക്കിടയില്‍ ഏവരാലും ശ്രദ്ധിക്കപ്പെടുന്ന താരമായി മഹാരാഷ്്ട്രയിലെ കോലാപ്പുര്‍ സ്വദേശിക്ക് ഇക്കാലയളവില്‍ മാറാനായിട്ടുണ്ട്. സന്നാഹ, പരിശീലനമത്സരങ്ങളില്‍ നിര്ണായകഗോളുകള് നേടാന്‍ അനികേതിനായിട്ടുണ്ട്. ഇരുകാലുകള്‍കൊണ്ടും സ്കോര്‍ ചെയ്യാന്‍ അനികേതിനു സാധിക്കുന്നുണ്ട്.
2000ല്‍ ജനിച്ച അനികേതിനെ 2009ല്‍ ഒമ്പതാം വയസില്‍ പൂനയിലെ ബാലേവാഡി സ്പോര്‍ട്സ് കോംപ്ലക്സില്‍ ഫുട്ബോള്‍ പരിശീലനം തുടങ്ങിയെങ്കിലും പലപ്പോഴും അതു നിര്‍ത്തേണ്ടിവന്നു. അമ്മാവനായിരുന്നു അനികേതിനെ ഫുട്ബോളിലെത്തിച്ചത്. പിന്നീട് പൂനയില്‍ നടന്ന സെലക്്ഷന്‍ ട്രയല്‍സില്‍ അനികേതിനെ ഇന്ത്യയുടെ അണ്ടര്‍ 15 ടീമിലേക്കു തെരഞ്ഞെടുത്തു.
ഫുട്ബോളിനെ വിടാതിരുന്ന അനികേതിനെ തേടി ഇന്ത്യന്‍ ടീമിലേക്കുള്ള വിളിയെത്തുകയായിരുന്നു. അനികേതിന്റെ അച്ഛന് ഓട്ടോറിക്ഷ ഡ്രൈവറാണ്. ജയ്ദീപ് അന്ഗിര്വാളിന്റെ കീഴില്‍ പരിശീലനം നടത്തിവന്ന അനികേത് രാജ്യത്തിനായി ഇറങ്ങുമ്പോള്‍ നിറഞ്ഞ പ്രതീക്ഷയിലാണ്.