റയല്‍മാഡ്രിഡ്-ബാഴ്സലോണ പോരാട്ടം വീണ്ടും. എല്‍ ക്ലാസിക്കോയാണെന്നു ധരിച്ചെങ്കിൽ തെറ്റി. കളത്തിലല്ല ഇവരുടെ പോര് ഇപ്പോൾ നടക്കുന്നത്, പകരം ഒരു ഫുട്ബോള്‍ പ്രതിഭയെ സ്വന്തം കൂടാരത്തിലെത്തിക്കാനായാണ്. കാല്‍പ്പന്തുകളിയില്‍ ധാരാളം പ്രതിഭകളെ സമ്മാനിച്ചിട്ടുള്ള ബ്രസീലില്‍നിന്നുള്ള ഒരു അദ്ഭുതബാലനു വേണ്ടിയാണ് യൂറോപ്പിലെ ഫുട്ബോള്‍ ശക്തികളായ റയലും ബാഴ്സലോണയും പോരടിക്കുന്നത്.
ലോകമെമ്പാടുള്ള ഫുട്ബോള്‍ ക്ലബ്ബുകള്‍ക്ക് താരങ്ങളെ കയറ്റുമതി ചെയ്യുന്ന ബ്രസീല്‍ അടുത്ത താരകൈമാറ്റത്തിനായി ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. വിന്‍സിയസ് ജൂണിയര്‍ എന്ന 16കാരനായാണ് റയലും ബാഴ്സയും ഏറ്റുമുട്ടുന്നത്. റൊണാള്‍ഡോ, റൊണാള്‍ഡീഞ്ഞോ, നെയ്മര്‍, ഗബ്രിയേല്‍ ജീസസ് എന്നിവര്‍ക്കു പിന്‍ഗാമിയാകാനായി ഒരുങ്ങുന്ന വിന്‍സിയസ് ആര്‍ക്കൊപ്പം ചേരുമെന്നാണ് കാണേണ്ടത്.
വിന്‍സിയസിന്റെ പിന്നാലെ
റയല്‍ മാഡ്രിഡും ബാഴ്സലോണയും ഫുട്ബോള്‍ പ്രതിഭകള്‍ ധാരാളമുള്ള ദക്ഷിണ അമേരിക്കയിലേക്കു കണ്ണുപായിച്ചിരിക്കുകയാണ്. അവിടെനിന്നുള്ള പല കൗമാരക്കാര്‍ക്കും പിന്നാലെയുമാണ് ക്ലബ്ബുകള്‍. അടുത്തകാലത്തായി ഇരുക്ലബ്ബുകളുടെയും കണ്ണ് വിന്‍സിയസ് ജൂണിയറിലാണ് ഉടക്കിയിരിക്കുന്നത്.
16കാരനായ വിന്‍സിയസിനെ ബ്രസീലിന്റെ ഭാവിതാരമായാണ് അവിടത്തുകാർ കാണുന്നത്. ബ്രസീലിയന്‍ ക്ലബ് ഫ്ളെമിംഗോയ്ക്കുവേണ്ടി കളിക്കുന്ന ഈ കൗമാര പ്രതിഭ ബ്രസീലിന്റെ അണ്ടര്‍ 17 ടീമില്‍ ഇടം പിടിക്കുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ദക്ഷിണ അമേരിക്കന്‍ അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പില്‍ ഏഴു ഗോളടിച്ച താരം ടോപ് സ്കോറര്‍ ആകുകയും ചെയ്തു.
വേഗവും പന്തുകൊണ്ടു കാണിക്കുന്ന വൈദഗ്ധ്യവും ഒപ്പം മാരകമായ ഫിനിഷിംഗുമാണ് ഈ അണ്ടര്‍ 17 താരത്തിന്റെ പ്രത്യേകത. ഫ്ളെമിംഗോ മൂന്നു കോടി യൂറോയ്ക്കാണ് വിന്‍സിയസിനെ ഈ ചെറുപ്രായത്തിൽ സ്വന്തംപാളയത്തിലെത്തിച്ചത്. ഫ്ളെമിംഗോയുടെ യൂത്ത് ടീമില്‍ കളിച്ചു തുടങ്ങിയ വിന്‍സിയസ് മുന്നേറ്റനിരയില്‍ തന്റെ പ്രതിഭ വെളിപ്പെടുത്തിക്കഴിഞ്ഞു. അടുത്ത സീസണ് മുതല്‍ ക്ലബ്ബിന്റെ സീനിയര്‍ ടീമില്‍ സ്ഥാനം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യൂറോപ്പ് കാത്തിരിക്കുന്നു
റയല്‍ മാഡ്രിഡിന്റെ യൂത്ത് ടീമിന്റെ പരിശീലകര്‍ വിന്‍സിയസിന്റെ കളി കണ്ടു കഴിഞ്ഞു. താരത്തെ വാനോളം പുകഴ്ത്തുകയും ചെയ്തു. ഇതുപോലുള്ള കളിക്കാര്‍ ഇരുപതോ അല്ലെങ്കില്‍ 24 വര്‍ഷത്തിനുശേഷമോ ഉണ്ടാകുന്നവരാണെന്നാണ് അവരുടെ വിലയിരുത്തല്‍. റയല്‍ നോട്ടമിട്ടതോടെ അവരുടെ പ്രധാന എതിരാളികളായ ബാഴ്സലോണയും ആ കൗമാരപ്രതിഭയില് തങ്ങളുടെ ശ്രദ്ധതിരിച്ചു. നെയ്മറെ സ്വന്തമാക്കിയ തന്ത്രം വിന്സിയസിലും ബാഴ്സലോണ കാണിക്കുമോ എന്നത് കാണണം.
അടുത്തത് എന്ത്
വിന്സിയസിന് 2018ല്‍ 18 വയസ് തികയും അപ്പോള്‍ മാത്രമേ യൂറോപ്പിലെ സൂപ്പര്‍ ക്ലബ്ബുകള്‍ക്ക് താരവുമായി ഔദ്യോഗികമായി കരാറിലാകാനാകൂ. കാത്തിരിക്കേണ്ടിവന്നാലും ഈ യുവതാരത്തെ സ്വന്തമാക്കാന്‍ റയലും ബാഴ്സയും ഏതുതരത്തിലുള്ള ഉറപ്പുകൊടുക്കാനും തയാറാകും.
വിന്സിയസിനു നല്കുന്ന ഹൈപ്പില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ആ യുവ പ്രതിഭയുടെ മത്സരങ്ങളുടെ വീഡിയോ കണ്ടാല്‍ മതിയാകും. നെയ്മറിനു പിന്‍ഗാമിയാകാന്‍ വിന്‍സിയസ് യോഗ്യനാണോയെന്ന് ആ വീഡിയോകൾ തെളിവു നൽകും.
പല ബ്രസീലിയന്‍ അദ്ഭുത താരങ്ങള്‍ക്കും തുടക്കത്തില്‍ വലിയ ഹൈപ്പാണ് ലഭിക്കുന്നത്. പലപ്പോഴും ഈ പ്രതീക്ഷയ്ക്കൊപ്പം എത്താനാവാതെ പോകുന്ന താരങ്ങളുമുണ്ട്. എന്നാല്‍ വിന്‍സിയസ് ഫ്ളെമിംഗോയുടെയും ബ്രസീലിന്റെയും യൂത്ത് ടീമുകളില്‍ നടത്തുന്ന പ്രകടനം ആ കൗമാരതാരത്തില് പ്രതിഭയുണ്ടെന്നു തെളിയിക്കുന്നതാണ്.
മാധ്യമങ്ങളും ആരാധകരും വിന്സിയസിലേല്പ്പിക്കുന്ന വിശ്വാസം തലയ്ക്കു പിടിപ്പിക്കാതിരിക്കുകയേ വേണ്ടൂ. അതിന് ഉദാഹരണമാണ് നെയ്മർ. അത് സാധ്യമാണെന്ന് നെയ്മര്‍ തെളിയിച്ചുകഴിഞ്ഞു. 2018 സമ്മര്‍ വിന്‍ഡോയിലെ അദ്ഭുതതാരമാകാനും ഇതിലൂടെ വിന്സിയസിനു കഴിയുകയും ചെയ്യും.
സാവോ പോളോ യൂത്ത് കപ്പിനായി ഫ്ളെമിംഗോയ്ക്കുവേണ്ടി ഇറങ്ങിയ വിന്‍സിയസ് തന്റെ മികവ് വ്യക്തമാക്കി. ഡ്രിബ്ലിംഗില്‍ വേഗത, പാസിംഗിലെ കണിശത, പന്തു കാലില്‍നിന്നു വിടാതെ കുതിക്കാനുള്ള കഴിവ് എന്നിവയെല്ലാം വിന്സിയസിലുണ്ട്. ഒരു തികഞ്ഞ കളിക്കാനായി വിശേഷിപ്പിക്കാവുന്ന താരമായി കഴിഞ്ഞു വിന്‍സിയസ്.
പത്തുവര്‍ഷം മുമ്പ് നെയ്മറിനു ലഭിച്ചതിനേക്കാള്‍ ബ്രസീലിയന്‍ സമൂഹത്തിന്റെ ഭാവനയിലേക്കു ഫ്ളെമിംഗോയുടെ വിന്‍സിയസ് ജൂണിയര്‍ കടന്നിട്ടുണ്ട്.സാവോ പോളോ ടൂര്‍ണമെന്റില്‍ നാസിണല്‍ എസ്പിയെ 6-0ന് തോല്‍പ്പിച്ച മത്സരത്തിലെ അഞ്ചാം ഗോള്‍ വിന്സിയസില്നിന്നായിരുന്നു. കൂടാതെ മൂന്ന് അസിസ്റ്റും ഈ കൗമാരതാരത്തില്നിന്നുണ്ടായി. ഈ പ്രകടനം മുതലാണ് ബാഴ്സലോണയുടെ നെയ്മറുമായി വിന്‍സിയസിനെ താരതമ്യം ചെയ്തു തുടങ്ങിയത്.
താരത്തിന്റെ മികവില്‍ ഫ്ളെമിംഗോ പ്രീക്വാര്‍ട്ടറിലെത്തുകയും ചെയ്തു. സാവോ പോളോ യൂത്ത് കപ്പ് എപ്പോഴും ബ്രസീലിനു നല്‍കുന്നത് വളരെ ഫലമാണ്. കഴിഞ്ഞ എഡിഷനുകളില്‍ ആ ടൂര്‍ണമെന്റില്‍നിന്ന് ഒരുപിടി മികച്ച താരങ്ങളെ ലഭിച്ചുകഴിഞ്ഞു. നെയ്മര്‍, ഓസ്കര്, മാര്‍ക്വിഞ്ഞോ, കസേമിറോ, ലൂകാസ് മൗറ, ഗാന്‍സോ, ഡാനിലോ എന്നിവരെല്ലാം സാവോ പോളോ യൂത്ത് ടൂര്‍ണമെന്റിന്റെ ഉത്പന്നങ്ങളാണ്.
ബ്രസീലിയന്‍ ക്ലാസിക്കോയില്‍ ബോട്ടോഫോഗോയ്ക്കെതിരേ കഴിഞ്ഞ ഒക്ടോബറില്‍ നടന്ന റിയോ ഡി ഷാനെറോ ജൂണിയര്‍ കപ്പില്‍ ഗോളടിച്ചുകൊണ്ട് വിന്‍സിയസ് തുടങ്ങി. മത്സരത്തിനു മുമ്പ് വരെ വിന്‍സിയസിനെ ആരും ഗൗനിച്ചിരുന്നില്ല. താരത്തിന്റെ തിളങ്ങുന്ന പച്ച ബൂട്ടായിരുന്നു ഏവരും ശ്രദ്ധിച്ചത്.
എന്നാല്‍ വേഗത്തിലുള്ള രണ്ടു സ്പര്ശനങ്ങള് കാണികളുടെ ശ്രദ്ധ താരത്തിലേക്കാക്കി. ബ്രസീലിന്റെ യുവതാരങ്ങളെ സ്വന്തമാക്കുന്നതില്‍ മിടുക്കു പുലര്‍ത്തുന്ന ഫ്ളെമിംഗോ വിൻസിയസിന് വന്‍ തുകയ്ക്കു കരാര്‍ പുതുക്കി. ഈ താരം ഇന്ത്യയിലേക്കു വരുന്നു എന്നതാണ് മറ്റൊരു കാര്യം. ഇന്ത്യയിൽ നടക്കുന്ന അണ്ടർ 17 ലോകകപ്പിനുള്ള ബ്രസീലിയൻ ടീമിൽ വിൻസിയസുമുണ്ടാകും.