കോട്ടയം: ജില്ലയിലെ കിഴക്കൻ മേഖലയിൽ കനത്ത മഴയെ തുടർന്ന് വൻനാശനഷ്ടം. എട്ടുസ്ഥലങ്ങളിലായി ഉരുൾപ്പൊട്ടി. അന്പതേക്കറിലേറെ കൃഷി നശിച്ചു. ഉരുൾപൊട്ടി രണ്ടു വീടുകൾ ഭാഗികമായി തകർന്നു. കൊക്കയാർ പഞ്ചായത്തിലെ അഴങ്ങാട്ടും, കൂട്ടിക്കൽ പഞ്ചായത്തിലെ ഇളംകാട് മൂപ്പൻമലയിലും ഉരുൾപൊട്ടൽ ഉണ്ടായി. ഇന്നലെ രാത്രി 10ഓടെയാണു ഉരുൾപൊട്ടൽ. അഴങ്ങാട്ടിലുണ്ടായ ഉരുൾ പൊട്ടലിലാണു രണ്ടു വീടുകൾ തകർന്നത്. വെള്ളൂർ റോയി, തെക്കേവയലിൽ സാബു എന്നിവരുടെ വീടുകളാണു ഭാഗികമായി തകർന്നത്.
മൂപ്പൻമലയിലുണ്ടായ ഉരുൾപൊട്ടലിൽ കൃഷിനാശമുണ്ടായതല്ലാതെ മറ്റു നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മുണ്ടക്കയം-ഏന്തയാർ-ഇളംകാട് റോഡിലെ ഒരുഭാഗം കനത്ത മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയിട്ടുണ്ട്. മുണ്ടക്കയം കോസ്വേ പാലം വെള്ളത്തിനടിയിലായി. കോസ്വേയോടു ചേർന്നു മൂന്നു കടകളിലും വെള്ളം കയറിയിട്ടുണ്ട്. ഇതോടെ എരുമേലി-കോരുത്തോട് പാതയിലുള്ള യാത്രക്കാർ ദേശീയ പാതയിലുള്ള കല്ലേപ്പാലം വഴിയാണു മറുകരയിലെത്തിയത്.
അഴുത, പന്പ, മണിമല തുടങ്ങിയ ആറുകളിൽ വെള്ളപ്പൊക്കമുണ്ടായി. വൈകുന്നേരം പെയ്ത മഴ രാത്രി വരെ പെയ്തതു മൂലം മണിമലയാർ ഉൾപ്പെടെയുള്ള ആറുകളിൽ ജലനിരപ്പ് ഉയർന്നു. മുണ്ടക്കയം -എരുമേലി റോഡിലൂടെയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടിരിക്കുകയാണ്. ഇതോടെ കോരുത്തോട്, പുഞ്ചവയൽ, എരുമേലി തുടങ്ങിയ സ്ഥലങ്ങിലേക്കുള്ള വാഹനങ്ങൾ 35-ാം മൈൽ-വണ്ടൻപതാൽ വഴി പോലീസ് വഴിതിരിച്ചു വിട്ടിരിക്കുകയാണ്.
കനത്ത മഴയെതുടർന്നു കെകെ റോഡിലെ കുമളി, വണ്ടിപെരിയാർ പ്രദേശങ്ങളിൽ വെള്ളം കയറി ഗതാഗതം സ്തംഭിച്ചു. ഏലപ്പാറ വാഗമണ് റോഡിലും വെള്ളം കയറിയിട്ടുണ്ട്. ഇതോടെ ഇവിടങ്ങളിലേക്കു വാഹനങ്ങൾ പോലീസ് നിയന്ത്രിച്ചിട്ടുണ്ട്. മഴയെ തുടർന്ന് മുറിഞ്ഞുപുഴ, കുട്ടിക്കാനം, പീരുമേട് മേഖലകളിൽ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. പല സ്ഥലങ്ങളിലും മരങ്ങൾ കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചിട്ടുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലയോര പാതകളിലേക്കുള്ള രാത്രിയാത്ര ഒഴിവാക്കണമെന്നു പോലീസ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
പീരുമേട്: ഹൈറേഞ്ചിൽ ഇന്നലെ പെയ്ത മഴ വിതച്ചത് കനത്ത നാശനഷ്ടം. മുറിഞ്ഞപുഴ ചെറുവള്ളിക്കുളം റോഡിൽ ഉരുൾപൊട്ടി രണ്ട് വാഹനങ്ങൾ മണ്ണിനടിയിൽപ്പെട്ടു. താഴോത്ത്കോരോത്ത് സന്തോഷിന്റെ ഓട്ടോയും ജീപ്പുമാണ് മണ്ണിനടിയിൽപ്പെട്ടത്. ഇന്നലെ രാത്രി ഒന്പതോടെയാണ് വാഹനങ്ങളുടെ മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീണത്. മണ്ണിടിച്ചിലിൽ ബൈക്കുകളും മൂടിപ്പോയിട്ടുണ്ട്.
ദേശീയപാതയിലും ഉൾഗ്രാമങ്ങളിലും പാതകൾ യാത്രാ യോഗ്യമല്ലാത്ത വിധം മണ്ണു മൂടിയും മരം വീണും കിടക്കുകയാണ്. മുറിഞ്ഞപുഴ, ചെറുവള്ളിക്കുളം, അമലഗിരി, പുറക്കയം, തെക്കേമല എന്നിവിടങ്ങളിലായി പല ആളുകളുടെയും കൃഷി സ്ഥലങ്ങൾ മണ്ണിനടിയിലായി. റബർ മരങ്ങൾ ഒടിഞ്ഞ് വീണിട്ടുണ്ട്.
റോഡിൽ വാഹനങ്ങൾ കടന്നു പോകാൻ കഴിയാത്ത വിധം മണ്ണിടിഞ്ഞു കിടക്കുകയാണ്. സമീപത്തുള്ള കൃഷിയും മണ്ണിടിച്ചിലിൽ നശിച്ചു. ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് ഗതാഗത തടസം നിക്കം ചെയ്തുവരുന്നു. കുട്ടിക്കാനം ഐഎച്ച്ആർഡി കോളജിന് സമീപം മണ്ണിടിഞ്ഞ് വീണ് റോഡിൽ കിടക്കുകയാണ്. ഒരു വാഹനത്തിന് കടന്നു പോകാൻ സാധിക്കും.