കോട്ടയം: ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാറ്റും മഴയും മൂലം 68 വീടുകൾ ഭാഗികമായി തകർന്നു. കൈപ്പുഴയിൽ ഒരു ദുരിതാശ്വാസ ക്യാന്പ് തുറന്നു. കോട്ടയം താലൂക്കിലെ വേളൂർ വില്ലേജിലാണ് ഏറ്റവുമധികം വീടുകൾ തകർന്നത്. 38 വീടുകളാണ് വേളൂർ വില്ലേജിൽ തകർന്നത്. കോട്ടയം താലൂക്കിൽ ആകെ 47 വീടുകളും വൈക്കം താലൂക്കിൽ 17 വീടുകളും ചങ്ങനാശേരി താലൂക്കിൽ നാലു വീടുകളും തകർന്നു. നഷ്ടം കണക്കാക്കി വരുന്നതേയുള്ളു.
കൈപ്പുഴ വില്ലേജിലെ എസ്കെവി എൽപി സ്കൂളിലാണ് ദുരിതാശ്വാസ ക്യാന്പ് തുറന്നത്. മണ്ണിടിച്ച് വീടു നഷ്ടപ്പെട്ട കുടുംബമാണ് ഇവിടെ താമസിക്കുന്നത്. മഴ ആരംഭിച്ചതോടെ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറി തുടങ്ങി. മീനച്ചിലാറ്റിലും കൊടൂരാറ്റിലും ജല നിരപ്പ് ഉയർന്നു. മുന്പെങ്ങും കാണാത്ത വിധത്തിലുള്ള ചുഴലിക്കാറ്റാണ് കഴിഞ്ഞ ദിവസം ചുറ്റിയടിച്ചത്.
ഇന്നലെ ഉച്ചയോടെ ആഞ്ഞടിച്ച കാറ്റ് ചില പ്രദേശങ്ങളെ നിലംപരിശാക്കി. പ്രദേശത്തെ തോടുകൾ നിറഞ്ഞു കവിഞ്ഞു. താഴ്ന്ന പ്രദേശത്തെ വീടുകളിൽ വെള്ളം കയറി. വെള്ളം ഉയർന്നത് കുടിവെള്ളത്തെയും ബാധിച്ചു. കൊച്ചുകുട്ടികൾ വീടിനു വെളിയിൽ ഇറങ്ങാതെ രക്ഷകർത്താക്കൾ സംരക്ഷിക്കുകയാണ്. കൊല്ലാട്, തുരുത്തുമ്മേൽച്ചിറ, കാരാപ്പുഴ, തിരുവാതുക്കൽ,
പൂവേലിച്ചിറ, മാക്കീൽപാലം പ്രദേശത്തുള്ളവരെ 10 മിനിറ്റ് നേരം ഭീതിപ്പെടുത്തിയാണു കാറ്റ് കടന്നുപോയത്.
കാരാപ്പുഴ തെക്കേവാലയിൽ ഓട്ടോഡ്രൈവർ ശശി വാടകയ്ക്ക് താമസിക്കുന്ന വീടിെൻറ ഓടുമേഞ്ഞ മേൽക്കൂര പറന്നുപോയി. മേൽക്കൂരയിൽ പടുതവിരിച്ച് താത്കാലിക സംവിധാനമൊരുക്കി. പറന്പിലെ പുളിയും മാവും കടപുഴകി സമീപത്തെ പൊന്നപ്പന്റെ രണ്ടുനിലകെട്ടിടത്തിന്റെ മുകളിൽ തട്ടിനിൽക്കുകയാണ്. ഏതുനേരവും നിലംപൊത്താവുന്ന സ്ഥിതിയാണ്. പൊന്നപ്പന്റെ വീട്ടിലെ എസി ഉൾപ്പെടെയുള്ള സാധനസാമഗ്രികളും നശിച്ചു.
കാരാപ്പുഴ മാക്കീൽപാലം മണിമന്ദിരം രാജുവിന്റെ വീടിനു മുകളിലേക്ക് അയൽവാസിയുടെ മാവ് കടപുഴകി വീണു. എസ്കവേറ്റർ ഉപയോഗിച്ചു മരം നീക്കിയാണ് അപകടസാധ്യത ഒഴിവാക്കിയത്. മാക്കീൽപാലം കളപ്പുരയിൽ മോഹൻദാസ്, പൂവേലിച്ചിറ മണിയമ്മ എന്നിവരുടെ ഓടുമേഞ്ഞ മേൽക്കൂരയും പറന്നുപോയി. മുകൾഭാഗത്ത് പടുത ഉപയോഗിച്ചു മറച്ചിരിക്കുകയാണ്.
പൂവേലിച്ചിറ പാപ്പാലിയിൽ മോഹനൻ, പാപ്പാലിയിൽ അമ്മിണി, പൂവേലിച്ചിറ ഓലോട്ടത്തിൽ അപ്പുക്കുട്ടൻ എന്നിവരുടെ വീടുകൾ മരംവീണു ഭാഗികമായി തകർന്നു. കാരാപ്പുഴ എസ്എൻഡിപിക്കുസമീപം കമ്മാടവിൽ എസ്.കെ. സുകുമാരൻ, കാരാപ്പുഴ അന്പലക്കടവിനുസമീപം വയലത്തറ മാലിയിൽ ശ്യാമളൻ, വയലത്തറ സുരേഷ് ഷണ്മുഖൻ എന്നിവരുടെ വീടുകൾക്ക് മുകളിൽ മരംവീണ് കേടുപാടുണ്ടായി.
കാരാപ്പുഴ അന്പലക്കടവ് എസ്എൻഡിപിക്കുസമീപം 11 കെവി ലൈനിൽ മരംവീണു പ്രദേശത്തെ വൈദ്യുതി ബന്ധം പൂർണമായും നിലച്ചു. പ്രദേശങ്ങളിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, നഗരസഭാധ്യക്ഷ പി.ആർ. സോന, സിപിഎം ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ, വില്ലേജ് ഓഫിസർ ജയമോൾ എന്നിവർ സ്ഥലം സന്ദർശിച്ചു.
കെകെ റോഡിൽ മരം വീണ് അരമണിക്കൂർ ഗതാഗതം തടസപ്പെട്ടു
കോട്ടയം: കെകെ റോഡിൽ മരം വീണ് ഇന്നലെ വൈകുന്നേരം അര മണിക്കൂർ ഗതാഗതം നിലച്ചു. വൈകുന്നേരം ആറു മണിക്കാണ് സംഭവം. പാറത്തോട് പഞ്ചായത്ത് ഓഫീസിനു മുൻവശത്ത് വൻ തേക്കുമരം റോഡിലേക്ക് കടപുഴകി വീഴുകയായിരുന്നു. നിരന്തരം വാഹനങ്ങൾ ഓടുന്ന റോഡിലേക്കാണ് വൻ മരം വീണത്. ഈ സമയം വാഹനങ്ങൾ ഒന്നും വരാതിരുന്നതിനാൽ വൻ ദുരന്തമാണ് വഴി മാറിയത്.
സംഭവം അറിഞ്ഞയുടൻ ഫയർഫോഴ്സ് എത്തിയെങ്കിലും വൈദ്യുതി ലൈനിലേക്കാണ് മരം വീണു കിടന്നത്. അതിനാൽ വെട്ടിമാറ്റാൻ കഴിഞ്ഞില്ല. പിന്നീട് കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് മരം വെട്ടിമാറ്റിയത്. അര മണിക്കൂർ റോഡിൽ ഇരുവശത്തും വാഹനങ്ങൾ കിടന്നു. നു