തൃശൂർ: ദളിതർക്കെതിരെ ആർഎസ്എസും സംഘപരിവാറും നടത്തിവരുന്ന കടന്നാക്രമങ്ങൾക്കെതിരെ നരേന്ദ്ര മോദി കണ്ണടയ്ക്കുകയാണെന്ന് ജെഎൻയു യൂണിയൻ മുൻ പ്രസിഡന്റ് കനയ്യകുമാർ പറഞ്ഞു. സേവ് ഇന്ത്യ ചേഞ്ച് ഇന്ത്യ എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫ്, എഐഎസ്എഫ് ദേശീയ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തുന്ന ലോംഗ് മാർച്ചിന് തെക്കേഗോപുര നടയിൽ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു കനയ്യകുമാർ.
ദളിതർക്കെതിരെയുള്ള ആക്രമണങ്ങൾ പ്രതിരോധിക്കാതെ ദളിതനായ രാംനാഥ് കോവിന്ദിനെ രാഷ്ട്രപതിസ്ഥാനാർഥിയാക്കിയതു മോദിയുടെ രാഷ്ട്രീയ ഇരട്ടത്താപ്പാണ്. ലോകമെങ്ങും ചുറ്റിനടന്ന് സെൽഫിയെടുക്കുന്ന മോദി, ബീഫിന്റെ പേരിൽ വർഗീയവാദികൾ കൊലപ്പെടുത്തിയ ജുനൈദിനെ പ്പോലുള്ള മുസ്ലിം സഹോദരങ്ങളെക്കുറിച്ച് മനപ്പൂർവം മറക്കുകയാണ്. രാജ്യത്തെ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളെ അഭിമുഖീകരിക്കാതെ ദേശസ്നേഹത്തിന്റെയും ഹിന്ദു ധർമങ്ങളുടെയും പേരു പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കുന്ന നയമാണ് മോദി സർക്കാർ പിൻതുടരുന്നത്.
ഗോഡ്സെയെ ആരാധിക്കുന്ന ആർഎസ്എസിനുള്ള മറുപടിയായാണ് ഗോപാൽ കൃഷ്ണ ഗാന്ധിയെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്നതെന്നും കനയ്യ വ്യക്തമാക്കി. ഇന്ത്യയുടെ മഹത്തായ മതേതര പൈതൃകം തകർക്കാനാണ് സംഘപരിവാറിന്റെ ശ്രമം. സംഘപരിവാറിന്റെ രാഷ്ട്രീയ അജൻഡ കേരളത്തിൽ ചെലവാകില്ല. തൃശൂരിന്റെ പൂരവും പുലിക്കളിയുമടക്കമുള്ള പാരന്പര്യം ഓർമിച്ചും മലയാളത്തിൽ മുദ്രാവാക്യം വിളിച്ചും കനയ്യ അണികളെ ആവേശം കൊള്ളിച്ചു.
സ്വീകരണ സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ പോരാട്ടങ്ങളുടെ ചരിത്രത്തിൽ ഇടം പിടിക്കുന്ന മാർച്ചാണിതെന്നു കാനം പറഞ്ഞു. രാവിലെ ജില്ലാ അതിർത്തിയായ കറുകുറ്റി പൊങ്ങത്തുവച്ച് സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജിന്റെ നേതൃത്വത്തിൽ ജാഥയ്ക്കു സ്വീകരണം നല്കി. തുടർന്ന് ഇരുചക്ര വാഹനങ്ങളുടെ അകന്പടിയോടെയാണ് ജാഥ തെക്കേഗോപുര നടയിലെത്തിച്ചേർന്നത്.
സിപിഐ നേതാക്കളായ ബിനോയ് വിശ്വം, കെ.പി.രാജേന്ദ്രൻ, എംഎൽഎമാരായ കെ.രാജൻ, ഇ.ടി.സൈമണ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാർ, എഐവൈഎഫ്, എഐഎസ്എഫ് നേതാക്കളായ ടി.പ്രദീപ് കുമാർ, കെ.പി.സന്ദീപ്, ബി.ജി. വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു.