പാറ്റ്ന: സിപിഐ സ്ഥാനാർഥിയും ജെഎൻയു വിദ്യാർഥി നേതാവുമായിരുന്ന കനയ്യ കുമാർ തനിക്കുവേണ്ടി ഭോപ്പാലിൽ പ്രചരണത്തിന് എത്തുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്.
മേയ് മാസം എട്ടിനും ഒമ്പതിനും തനിക്കുവേണ്ടി പ്രചരണം നടത്താൻ കനയ്യ എത്തുമെന്ന് ഭോപ്പാലിലെ കോൺഗ്രസ് സ്ഥാനാർഥി കൂടിയായ ദിഗ്വിജയ് പറഞ്ഞു. കനയ്യയോടുള്ള തന്റെ ആരാധന ഗിഗ്വിജയ് തുറന്നുപറയുകയും ചെയ്തു. ജെഎൻയു യൂണിയൻ പ്രസിഡന്റായിരിക്കുമ്പോൾ മുതൽ കനയ്യയോടു തനിക്ക് ആരാധനയായിരുന്നുവെന്നു ദിഗ്വിജയ് പറഞ്ഞു.
താന്‍ കനയ്യ കുമാറിനെ പരസ്യമായി പിന്തുണയ്ക്കുകയാണ്. അദ്ദേഹത്തിനെതിരെ ബെഗുസരായിൽ ആർജെഡി സ്ഥാനാർഥിയെ നിർത്തിയത് അബദ്ധമായിരുന്നു. ഇക്കാര്യം അവരോട് താൻ പറഞ്ഞിരുന്നതായും കോൺഗ്രസ് വെറ്ററൻ നേതാവ് കൂട്ടിച്ചേർത്തു. അദ്ദേഹം ദേശദ്രോഹ മുദ്രാവാക്യം മുഴക്കിയെന്ന് തന്റെപാര്ട്ടിയില് പോലും സംശയുമുണ്ടായിരുന്നു. പക്ഷേ അദ്ദഹത്തിന് എതിരെ ഒന്നും തെളിയിക്കപ്പെട്ടിട്ടില്ല. അതൊരു നുണ പ്രചാരണമായിരുന്നു- ഗിഗ്വിജയ് പറഞ്ഞു.
മാലേഗാവ് സ്ഫോടനക്കേസ് പ്രതിയായ പ്രജ്ഞാ സിംഗ് ഠാക്കൂറാണ് ഭോപ്പാലിൽ ദിഗ്വിജയ് സിങ്ങിന്റെ എതിരാളി. ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ കനയ്യ കുമാറിനെ പ്രചരണത്തിനെത്തിച്ച് യുവാക്കളുടെ വോട്ട് നേടാമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്.