ഉദയ്പൂരില്‍ നൂപുര്‍ ശര്‍മയെ അനുകൂലിച്ച തയ്യല്‍ക്കാരനെ ഇസ്ലാമിസ്റ്റുകള്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
എഡിജിപി അശോക് കുമാര്‍ റാത്തോഡിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് ചുമതല.
തീവ്രവാദ വിരുദ്ധ സ്ക്വാഡിലെ ഐ ജി പ്രഫുല്ലകുമാറും ഒരു എസ്പിയും എഎസ്പിയും അന്വേഷണ സംഘത്തിലുണ്ടാവും.കേസില്‍ അറസ്റ്റിലായവര്‍ക്കെതിരേ യുഎപിഎ ചുമത്തിയേക്കും.
കനയ്യലാലിന്റെ അടുത്ത് അളവെടുക്കാനെന്ന രീതിയിലെത്തിയായിരുന്നു പ്രതികള്‍ ഇയാളുടെ കഴുത്തറത്തത്.
തുടര്‍ന്ന് കനയ്യലാല്‍ പ്രതികളിലൊരാളുടെ അളവുകള്‍ എടുത്തു. രണ്ടാമന് ഇതെല്ലാം മൊബൈലില്‍ പകര്‍ത്തുണ്ടായിരുന്നു. ഇതിനു പിന്നാലെ ഇതിലൊരാള്‍ കനയ്യയുടെ കഴുത്തറക്കുകയായിരുന്നു.
രണ്ടാമന് ഈ ദൃശ്യങ്ങളെല്ലാം മൊബൈലില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഇതിനു പുറമെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരേ ഭീഷണി മുഴക്കുന്ന ദൃശ്യങ്ങളും പ്രതികള്‍ പ്രചരിപ്പിച്ചിരുന്നു.
സംഭവത്തില്‍ പ്രതികളായ ഗോസ് മുഹമ്മദ്, റിയാസ് അക്തരി എന്നീ രണ്ടുപേരെയും കഴിഞ്ഞ ദിവസം തന്നെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
പ്രതികള്‍ക്ക് ഐഎസ് ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്. ഈ സാഹചര്യത്തില്‍ എന്‍ഐഎ സംഘവും ഉദയ്പൂരില്‍ എത്തിയിട്ടുണ്ട്.
നൂപുര്‍ ശര്‍മയെ സാമൂഹിക മാധ്യമങ്ങളിലൂടെ പിന്തുണച്ചതിന് കനയ്യലാലിനെ പോലീസ് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ജൂണ്‍ 15നാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്.
ജാമ്യത്തിലിറങ്ങിയ ശേഷം തനിക്ക് നിരന്തരം ഭീഷണി ഫോണ്‍കോളുകള്‍ വരുന്നതായി കനയ്യലാല്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു.
എന്നാല്‍ പോലീസ് ഈ പരാതി ഗൗരവത്തിലെടുത്തിരുന്നില്ലെന്നാണ് ആരോപണം.
ഇതിനിടെ കനയ്യലാലിന്റെ കൊലപാതകത്തിനു പിന്നാലെ ഉദയ്പൂര്‍ ധന്മണ്ഡി പോലീസ് സ്റ്റേഷനിലെ എഎസ്ഐയെ സസ്പെന്‍ഡ് ചെയ്തിരുന്നു. കനയ്യയുടെ പരാതിയില്‍ കാര്യക്ഷമമായി ഇടപെട്ടില്ലെന്ന കാരണത്താലാണ് നടപടി.
ഉദയ്പൂരില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രദേശത്ത് 600ലധികം പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.
കനയ്യലാലിന്റെ കൊലപാതകം വരും നാളുകളില്‍ രാജസ്ഥാന് രാഷ്ട്രീയത്തില്‍ കോളിളക്കങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.
കൊലപാതകത്തെ ‘നിര്‍ഭാഗ്യകരം’ എന്ന് വിശേഷിപ്പിച്ച് കൈകഴുകിയ രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ടിന് വരും നാളുകളില്‍ പല ചോദ്യത്തിനും മറുപടി പറയേണ്ടി വരും.
അശോക് ഗെലോട്ട് മാത്രമല്ല കോൺഗ്രസിന്റെ പല സമുന്നത നേതാക്കളും ഈ സംഭവം അറിഞ്ഞതായി പോലും ഭാവിച്ചിട്ടില്ല. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ട്വീറ്റില്‍ തങ്ങളുടെ പ്രതിഷേധം ഒതുക്കി.
തിരുവന്തപുരം എംപി ശശി തരൂരിന്റെ ട്വീറ്റാകട്ടെ വലിയ തോതില്‍ വിമര്‍ശനങ്ങള്‍ക്കും കാരണമായി. രാജസ്ഥാനിലെ കൊലയെ പരോക്ഷമായി പോലും വിമര്‍ശിക്കാതിരുന്ന ശശി തരൂര്‍ ക്രിക്കറ്റ് കളി കാണുന്നതാണ് ഇതിലും നല്ലതെന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തു.
ഏറെ കാലമായി കോണ്‍ഗ്രസ് ഇസ്ലാമിക പ്രീണനം നടത്തുന്നുവെന്ന വിമര്‍ശനങ്ങള്‍ ശരിവയ്ക്കുന്നതാണ് നേതാക്കളുടെ പ്രതികരണമെന്ന് സോഷ്യല്‍മീഡിയയും പ്രതികരിക്കുന്നു.
അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനില്‍ പ്രതിപക്ഷമായ ബിജെപി കനയ്യലാലിന്റെ കൊലപാതകം ഉയര്‍ത്തിക്കാട്ടുമെന്ന കാര്യം നൂറുശതമാനം ഉറപ്പാണ്.
നൂപുര്‍ ശര്‍മ വിഷയത്തിനു ശേഷം രാജ്യത്ത് ഇസ്ലാമിസ്റ്റുകള്‍ കാട്ടിക്കൂട്ടുന്ന പലവിധ ആക്രമങ്ങളോടും ജനരോക്ഷം ഇരമ്പിയാര്‍ക്കുമ്പോള്‍ ഭരിക്കുന്ന പാര്‍ട്ടികള്‍ മൗനവ്രതം പാലിച്ചാല്‍ അവരുടെ തന്നെ കുഴിതോണ്ടലാകും അത്.
സാംസ്കാരിക നായകരെന്ന് അവകാശപ്പെടുന്നവരും സ്വയം പ്രഖ്യാപിത ബുദ്ധിജീവികളും പതിവുപോലെ ഇക്കാര്യത്തിലും മൗനം പാലിക്കുകയാണ്.