സമൂഹമാധ്യമ പോസ്റ്റിന്റെ പേരില് രാജസ്ഥാനിലെ ഉദയ്പുരില് തയ്യല്ക്കാരന് കനയ്യ ലാലിനെ കഴുത്തറുത്ത് കൊന്നതിന് അറസ്റ്റിലായ പ്രതികള്ക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് പോലീസ് അറിയിച്ചു.
മാര്ച്ച് 30ന് ജയ്പുരില് ഭീകരാക്രമണം നടത്താന് ഇവര് പദ്ധതിയിട്ടിരുന്നുവെന്നും പോലീസ് പറഞ്ഞു.
ഗൗസ് മുഹമ്മദ്, റിയാസ് അഖ്താരി എന്നിവരാണ് കേസില് അറസ്റ്റിലായത്. ഇതില് ഒരാള്ക്ക് പാക്കിസ്ഥാന് ആസ്ഥാനമായുള്ള ദാവത് ഇ ഇസ്ലാമി എന്ന ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന് കഴിഞ്ഞ ദിവസം പോലീസ് പറഞ്ഞിരുന്നു.
ദാവത് ഇ ഇസ്ലാമി വഴി ഐഎസുമായി ബന്ധമുള്ള അല്-സുഫ സംഘടനയുടെ തലവനായിരുന്നു റിയാസ് അഖ്താരി.
ഇയാള്ക്ക് നേരത്തേ രാജസ്ഥാനിലെ ടോങ്കില് നിന്ന് അറസ്റ്റിലായ ഐഎസ് ഭീകരന് മുജീബുമായും ബന്ധമുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ഉദയ്പുരിലെ മറ്റൊരു വ്യവസായിയെ കൊല്ലാന് പോവുകയായിരുന്നുവെന്ന് പ്രതികള് ചോദ്യം ചെയ്യലിനിടെ പറഞ്ഞതായും പോലീസ് വെളിപ്പെടുത്തി.
കനയ്യ ലാലിന്റെ ശരീരത്തില് 26 മുറിവുകള് ഉണ്ടായിരുന്നുവെന്ന് പോലീസ് വൃത്തങ്ങള് അറിയിച്ചു.
കഴുത്തിലും തലയിലും കയ്യിലും മുതുകിലും നെഞ്ചിലുമാണ് മുറിവുകള്. കനയ്യ ലാലിന്റെ പോസ്റ്റ്മോര്ട്ടം ബുധനാഴ്ച രാവിലെ നടത്തിയിരുന്നു.
അതേസമയം, കൊല്ലപ്പെട്ട കനയ്യ ലാലിന്റെ കുടുംബത്തെ രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട് ഇന്ന് സന്ദര്ശിക്കും.
കനയ്യ ലാലിന്റെ കുടുംബത്തിന് ഗെലോട്ട് 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തിനെതിരായ പ്രതിഷേധത്തിനിടെ ഭീമില് (രാജ്സമന്ദ്) പരുക്കേറ്റ പോലീസ് കോണ്സ്റ്റബിളിനെയും ഗെലോട്ട് വൈകിട്ട് സന്ദര്ശിക്കും.
എന്നാല് ദാരുണസംഭവത്തിനു പിന്നാലെ വന്ന കോണ്ഗ്രസ് നേതാക്കളുടെ തണുപ്പന് പ്രതികരണം ഏറെ വിമര്ശനങ്ങള്ക്ക് വഴിവെച്ചിരുന്നു.
രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ടും ദേശീയ നേതാക്കളായ സോണിയഗാന്ധി, രാഹുല് ഗാന്ധി, ശശി തരൂര് തുടങ്ങിയവരും ഒഴുക്കന് മട്ടില് ഒരു അനുശോചനം രേഖപ്പെടുത്തുകയാണുണ്ടായത്.
വോട്ട് ബാങ്കിനെ ഭയന്നാണ് കോണ്ഗ്രസ് നേതാക്കള് ഇത്തരത്തില് പ്രതികരിച്ചതെന്നാണ് പരക്കെ ഉയരുന്ന ആക്ഷേപം.