2006 ഡിസംബർ 29ന് രാജ്യത്തെ ഞെട്ടിച്ച ഈ വാർത്ത പുറത്തുവരുന്നത്. നോയിഡ സെക്ടർ 31ലെ മൊഹീന്ദർ സിംഗ് പാന്ഥറുടെ വീടിനു പിന്നിലുള്ള വാട്ടർ ടാങ്കിനു സമീപത്താണ് മൃതദേഹ അവശിഷ്ടങ്ങൾ.
മുതിർന്നവരുടെയും കുട്ടികളുടെയും മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ ഇതിൽ ഉണ്ടെന്നു കണ്ടെത്തി. ആരൊക്കെയാണ് മരിച്ചതെന്ന് അറിയാൻ ഡിഎൻഎ പരിശോധന നടത്തി.
കാണാതായവരുടെ ബന്ധുക്കളുടെ സാന്പിളുകളുമായി താരതമ്യം ചെയ്തു പരിശോധന നടത്തി. ഇതു പലപ്പോഴായി നടത്തിയ കൂട്ടക്കൊലപാതക പരന്പരയുടെ ബാക്കി പത്രമാണെന്ന നിഗമനത്തിൽ പോലീസ് എത്തി.
കൂടുതലും പെൺകുട്ടികളുടേതായിരുന്നു അവശിഷ്ടങ്ങൾ. കേസ് വിവാദമായതോടെ പോലീസിനു പിന്നാലെ സിബിഐയും അന്വേഷണത്തിന് എത്തി. അവസാനം അവർ കുറ്റവാളികളിലേക്ക് എത്തിച്ചേർന്നു.
ഈ കൊടുംക്രൂരതയ്ക്കു പിന്നിൽ ബിസിനസുകാരനായ മൊഹീന്ദർ സിംഗ് പാന്തറും അയാളുടെ വീട്ടുജോലിക്കാരനായ സുരീന്ദർ കോഹ്ലിയുമാണെന്നായിരുന്നു കണ്ടെത്തൽ.
ഇവരുടെ ലൈംഗിക താത്പര്യങ്ങളുടെ ഇരകളായി മാറിയവരാണ് കൊല്ലപ്പെട്ടത്. പെൺകുട്ടികളെയും ആൺകുട്ടികളെയും ഇവർ ഇങ്ങനെ വലയിലാക്കി. മിഠായിയും മധുര പലഹാരങ്ങളും മറ്റും നൽകി പ്രലോഭിപ്പിച്ചായിരുന്നു കുട്ടികളെ ആകർഷിച്ചിരുന്നത്.
ആരുടെയും ശ്രദ്ധയിൽപ്പെടാതെ ഇത്രയും കുട്ടികളെ വലയിലാക്കാൻ ഇവർക്കു കഴിഞ്ഞത് അന്വേഷണ സംഘത്തെപ്പോലും അന്പരപ്പിച്ചു.
കശാപ്പുകാരനെപ്പോലെ
വലയിലാകുന്ന കുട്ടികളെ വീട്ടിലെത്തിച്ച് ലൈംഗിക വൈകൃതങ്ങൾക്ക് ഇരകളാക്കും. തങ്ങളുടെ ആവശ്യം കഴിഞ്ഞാൽ സംഭവം പുറത്തറിയാതിരിക്കാൻ അവരെ അതിക്രൂരമായി കൊലപ്പെടുത്തും. ഇങ്ങനെ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളാണ് ഇവിടെ കുഴിച്ചിട്ടിരുന്നത്. 16 കേസുകളിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. പ്രതികളിൽ സുരീന്ദർ കോഹ്ലി ആയിരുന്ന പ്രധാന കുറ്റവാളി.
ഇയാൾ മനോവൈകൃതത്തിന് ഉടമ കൂടിയായിരുന്നു. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുന്നതിൽ ഇയാൾ പ്രത്യേക ഉന്മാദം കണ്ടെത്തിയിരുന്നു. ഒരു കശാപ്പുകാരന്റെ കൃത്യതയോടെ കൊലയാളി ഇരകളുടെ ശരീരഭാഗങ്ങൾ അറുത്തു മുറിച്ചുവത്രേ. പ്രായപൂർത്തിയായ ചില സ്ത്രീകൾക്കും ഇവരുടെ ക്രൂരവിനോദത്തിന് ഇരകളായി ജീവൻ നഷ്ടപ്പെട്ടു.
തുടരെ വധശിക്ഷകൾ
ഇതുവരെ ഒന്പതു കേസുകളിൽ വിധി വന്നിട്ടുണ്ട്. ഏറ്റവും ഒടുവിൽ വിധി വന്നതു പ്രതികളുടെ വീട്ടുജോലിക്കാരിയായ അഞ്ജലി(25)യെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി കൊലചെയ്ത കേസിലാണ്. ഗാസിയാബാദ് സിബിഐ കോടതി ഇരുവർക്കും വധശിക്ഷ വിധിച്ചു.
ഈ കേസിനെ അത്യപൂർവം എന്നാണ് കോടതി വിശേഷിപ്പിച്ചത്. പ്രതികളുടെ മാനസാന്തരം പ്രതീക്ഷിക്കേണ്ടതില്ലെന്നും കോടതി വിലയിരുത്തി. രണ്ടു പേരും നിലവിൽ ഗാസിയാബാദ് ദാസ്ന ജയിലിലാണ്.
ചില കേസുകളിൽനിന്നു മൊഹീന്ദർ സിംഗ് പാന്ഥർ തെളിവുകളുടെ അഭാവത്തിൽ രക്ഷപ്പെട്ടെങ്കിലും മൂന്നു കേസുകളിൽ വധശിക്ഷ കിട്ടി. ഇതിലൊരു കേസിൽ വിചാരണക്കോടതി പാന്ഥർക്കു വധശിക്ഷ നൽകിയെങ്കിലും അലഹാബാദ് ഹൈക്കോടതി പാന്ഥറെ വിട്ടയച്ചു. പരമ്പരയിലെ ആദ്യ കേസിലാണ് പാന്ഥർ രക്ഷപ്പെട്ടത്.
നിഥാരി കൊലപാതക പരമ്പരയിൽ സുരേന്ദർ കോലിക്ക് ഒൻപതു കേസുകളിലാണ് വധശിക്ഷ ലഭിച്ചത്. എന്നാൽ, ഒരു കേസിൽ ദയാഹർജി പരിഗണിക്കാൻ വൈകിയെന്ന കാരണത്താൽ വധശിക്ഷ ജീവപര്യന്തമായി സുപ്രീംകോടതി ഇളവു ചെയ്തു.
വധശിക്ഷയുടെ നാൾ വഴി
(കൊല്ലപ്പെട്ടവരുടെ പേര്, പ്രായം, ശിക്ഷാവിധി എന്നീ ക്രമത്തിൽ)
റിംപ ഹൽദർ (14): കോലിക്ക് ജീവപര്യന്തം
ആരതി പ്രസാദ് (ഏഴ്): കോലിക്കു വധശിക്ഷ
രച്ന ലാൽ (ഒൻപത്): കോലിക്കു വധശിക്ഷ.
ദീപാലി സർക്കാർ (12): കോലിക്കു വധശിക്ഷ.
പായൽ (അഞ്ച്): കോലിക്കു വധശിക്ഷ.
നന്ദന ദേവി (25): വധശിക്ഷ.
നിഷ (11): വധശിക്ഷ.
പിങ്കി സർക്കാർ (20): കോലിക്കും പാന്ഥറിനും
വധശിക്ഷ.
അഞ്ജലി (25): കോലിക്കും പാന്ഥറിനും
വധശിക്ഷ.