ചേർപ്പ്: പാറക്കോവിലിൽ അന്യസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയെയും കാമുകനെയും കോടതി റിമാൻഡ് ചെയ്തു.
മൃതദേഹം കോവിഡ് ടെസ്റ്റ് റിപ്പോർട്ട് കിട്ടിയതിനുശേഷം ഇന്നു പോസ്റ്റ്മോർട്ടം നടത്തും. പാറക്കോവിലിൽ വാടകവീട്ടിൽ താമസിക്കുന്ന സ്വർണ പണിക്കാരനായ ബംഗാൾ സ്വദേശി മണ്‍സൂർ മാലിക്കിനെ കൊലപ്പെടുത്തിയ ഭാര്യ രേഷ്മ ബീവി (33), കാമുകനും സ്വർണ പണിശാലയിലെ സഹായിയുമായ ബിരു (33) എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്.
മണ്‍സൂർ മാലിക്കിന്റെ സ്വർണ പണിശാലയിലെ സഹായിയായ ബിരു രേഷ്മ ബീവിയുമായി പ്രണയത്തിലായിരുന്നു.
ഒരുമിച്ച് ജീവിതം നയിക്കാനായിട്ടാണ് മണ്‍സൂറിനെ കൊലപ്പെടുത്തിയതെന്ന് ബിരു കഴിഞ്ഞദിവസം കുറ്റം സമ്മതിച്ചിരുന്നു.
16 കാരനും കൂട്ടുപ്രതി
ചേർപ്പ്: പെരിഞ്ചേരി പാറക്കോവിലെ അന്യ സംസ്ഥാന തൊഴിലാളിയുടെ കൊലപാതകത്തിൽ 16 കാരനും കൂട്ടുപ്രതി.
പശ്ചിമ ബംഗാൾ സ്വദേശിയായ മൻസൂർ മാലിക്കിന്റെ കൊലപാതകത്തിലെ മുഖ്യപ്രതിയായ ഭീരുവിന്റെ ബന്ധുകൂടിയായ 16 കാരൻ കൊലപാതകത്തിനുശേഷം മൃതദേഹം മറവുചെയ്യാൻ കൂട്ടുനിന്നതിനാണ് പ്രതിയാക്കിയിരിക്കുന്നത്.
ഞായറാഴ്ച മൻസൂർ മാലിക്കിന്റെ രണ്ടുകുട്ടികളോടൊപ്പം 16 കാരനെയും ചൈൽഡ് വെൽഫയർ കേന്ദ്രത്തിലേക്കു മാറ്റിയിരുന്നു.
ഇവിടെനിന്ന് 16 കാരനെ പോലീസ് കസ്റ്റഡിയിൽ വാങ്ങിചോദ്യം ചെയ്തതിനെ തുടർന്നാണ് കുറ്റകൃത്യത്തിൽ പങ്കുണ്ട് എന്നറിഞ്ഞത്. തുടർന്ന് രാമവർമ്മപുരം ജുവനൈൽ ഹോമിലേക്ക് മാറ്റി.