മുംബൈ: മുംബൈയിലെ ഛത്രപതി ശിവാജി വിമാനത്താവളത്തില്‍ ബോംബുണ്ടെന്നു പറഞ്ഞ് പരിഭ്രാന്തി പരത്തിയ മോഡലിനെതിരേ പോലീസ് അറസ്റ്റു ചെയ്തു. തന്റെയൊപ്പം വന്ന സുഹൃത്തിന്റെ ബാഗില്‍ ബോംബുണ്ടെന്നും ബാഗ് വിശദമായി പരിശോധിക്കണമെന്നുമായിരുന്നു മോഡല്‍ കഞ്ചന്‍ താക്കൂറിന്റെ ആവശ്യം. എയര്‍ ഇന്ത്യാ വിമാനത്തില്‍ ഡല്‍ഹിയ്ക്കു പോകാന്‍ എത്തിയതായിരുന്നു കഞ്ചനും സുഹൃത്തുക്കളും.
ആദ്യം ബോര്‍ഡിംഗ് ഗേറ്റ് കടന്നത് കഞ്ചനായിരുന്നു. തൊട്ടു പിന്നാലെയെത്തിയ സുഹൃത്തുക്കളുടെ ബാഗില്‍ ബോംബുണ്ടെന്നു കഞ്ചന്‍ പറഞ്ഞതിനെത്തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാര്‍ എയര്‍പോര്‍ട്ട് അധികൃതരെയും സിഐഎസ്എഫിനെയും വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കഞ്ചനെയും സുഹൃത്തുക്കളെയും വിമാനത്താവളത്തില്‍ തടഞ്ഞുവയ്ക്കുകയും യാത്രാനുമതി റദ്ദാക്കുകയും ചെയ്തു. തമാശയ്ക്കു പറഞ്ഞതാണെന്നു കഞ്ചന്‍ വ്യക്തമാക്കിയെങ്കിലും അധികൃതര്‍ക്ക് അത് അത്ര തമാശയായി തോന്നാഞ്ഞതിനാല്‍ ഒരു മണിക്കൂര്‍ വൈകിയാണ് വിമാനം പുറപ്പെട്ടത്. വിമാനത്താവളത്തില്‍ പരിഭ്രാന്തി പരത്തിയതിന് മൂന്നു വര്‍ഷം വരെ തടവു ലഭിക്കാവുന്ന വകുപ്പുകളാണ് കഞ്ചന്റെ മേല്‍ ചുമത്തിയിരിക്കുന്നത്.