പറവൂർ: സ്ത്രീയുടെ മൃതദേഹം കത്തിച്ചശേഷം കുഴിച്ചിട്ടനിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകൻ കസ്റ്റഡിയിൽ. കെടാമംഗലം – കുടിയാകുളങ്ങര ക്ഷേത്രത്തിന് പടിഞ്ഞാറുവശം ചെമ്മീൻകെട്ടുകളുടെ സമീപത്തായിട്ടുള്ള കുറുപ്പശേരി പരേതനായ ഷണ്മുഖന്റെ ഭാര്യ കാഞ്ചനവല്ലി(72)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ഇവരുടെ രണ്ടാമത്തെ മകൻ സുരേഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നത്. ഇയാൾ നേരത്തെ കാഞ്ചനവല്ലിയുടെ സ്വർണമാല പൊട്ടിച്ചു കൊണ്ടുപോയ സംഭവമുണ്ടായിട്ടുണ്ടെന്ന് സമീപവാസികൾ പറഞ്ഞു. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതോടെ ശരിയായ വിവരങ്ങൾ ലഭിക്കുമെന്ന് പോലീസ് പറയുന്നു.
കാഞ്ചനവല്ലിയെ ഏതാനും ദിവസമായി കാണാതിരുന്നതിനാൽ സമീപവാസി ഇന്നലെ വൈകീട്ട് മൂന്നോടെ വീട്ടിലെത്തി അന്വേഷിച്ചെങ്കിലും കണ്ടില്ല. തുടർന്നു നടത്തിയ അന്വേഷണത്തിൽ ചിറയ്ക്ക് സമീപത്തെ കുറ്റിക്കാട്ടിൽ പുല്ലും മറ്റും വെട്ടിയിട്ട് മൂടിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഫോറൻസിക് വിദഗ്ധർ ഉൾപ്പടെയുള്ള പോലീസ് സംഘം ഇന്നുരാവിലെ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. ഉച്ചയോടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകും. പറവൂർ സിഐ ആർ.ഷാബുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി വരുന്നത്.