കൊച്ചി: എറണാകുളം നഗരത്തിൽ വിൽപനക്കായി എത്തിച്ച 10 കിലോഗ്രാം കഞ്ചാവുമായി പോലീസ് പിടികൂടിയ കോഴിക്കോട് സ്വദേശികൾ ചില്ലറക്കാരല്ല. പ്രതികളുടെ പേരിൽ കോഴിക്കോട് ടൗൺ, നല്ലളം, പന്നിയങ്കര, ഫറൂക്ക്, മാറാട്, മെഡിക്കൽ കോളജ്, ബേപ്പൂർ, എലത്തൂർ, കൂത്തുപറന്പ് സ്റ്റേഷനുകളിലായി മോഷണം, കവർച്ച, വീടാക്രമിക്കൽ, ബൈക്ക് മോഷണം എന്നിവയ്ക്കു കേസുകളുള്ളതായി അധികൃതർ പറഞ്ഞു.
കോഴിക്കോട് സ്വദേശികളായ താണിശേരി വൈശാഖ് (24), കടലുണ്ടി മടവനപാട്ട് നിജിത്ത് (28), ചെറുവന്നൂർ വലിയ വീട് പറന്പ്, മുഹമ്മദ് ഷക്കീൽ(24), കടലുണ്ടി ചേക്കിന്റെ പുരയ്ക്കൽ, സഫ്വാൻ (21) എന്നിവരെയാണ് കളമശേരി പോലീസ് പത്തടിപ്പാലത്തുവച്ച് കഞ്ചാവുമായി പിടികൂടിയത്. കോഴിക്കോടുനിന്നു വാഗണർ കാറിലെത്തിയ സംഘം കാറിന്റെ സ്റ്റെപ്പിനി വയ്ക്കുന്ന ഭാഗത്താണ് രണ്ടു കിലോ വീതമുള്ള അഞ്ചു വലിയ പാക്കറ്റുകളിലായി കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.
കൊച്ചിയിൽ വില്പനക്കായി കഞ്ചാവും, മയക്കുമരുന്നു ഗുളികകളുമെത്തിച്ചിരുന്ന സംഘം ഏറെ നാളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കൊച്ചി സിറ്റി കമ്മീഷണർ വിജയ് സാഖറെയ്ക്കു ലഭിച്ച രഹസ്യവിവരത്തിൽ ഡെപ്യൂട്ടി കമ്മീഷണർ ജി. പൂങ്കുഴലിയുടെ നിർദേശാനുസരണം നാർക്കോട്ടിക് അസി. കമ്മീഷണർ സുരേഷ് കുമാർ, എസ്ഐ ജോസഫ് സാജൻ, കളമശേരി അഡീഷണൽ എസ്ഐ പി.എ. ഇബ്രാഹിംകുട്ടി തുടങ്ങിയവരാണു പ്രതികളെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.