കൊച്ചി: ആയുധങ്ങളുമായി എറണാകുളം സെൻട്രൽ പോലീസ് പിടികൂടിയ സംഘം ചില്ലറക്കാരല്ലെന്നു പോലീസ്. യുവാക്കൾക്കും കുട്ടികൾക്കും കഞ്ചാവ് എത്തിച്ചു നൽകിവന്നിരുന്ന സംഘം കഞ്ചാവിന് അടിമയാകുന്ന യുവാക്കളെ ക്വട്ടേഷൻ ആവശ്യത്തിനായി ഉപയോഗിച്ചിരുന്നോയെന്ന് പോലീസ് സംശയിക്കുന്നു.
പാലാക്കട് മണ്ണാർക്കാട് സ്വദേശികളായ ചോറ്റൂർ ഹിലാലുദ്ദീൻ (23), പിലായിത്തൊടി ഹന്നാൻ (20), പുത്തൻപുരയിൽ ആസിഫ് (23), സജീഷ് (32) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയിൽ ഹാജരാക്കുന്ന പ്രതികളെ റിമാൻഡ് ചെയ്യുന്ന പക്ഷം കൂടുതൽ അന്വേഷണങ്ങൾക്കായി പിന്നീട് കസ്റ്റഡിയിൽ വാങ്ങുമെന്നും പോലീസ് പറഞ്ഞു. കൊച്ചിയിൽ മറൈൻഡ്രൈവ്, മേനക പോലുള്ള പ്രധാനഭാഗങ്ങളിൽ കഞ്ചാവ് എത്തിക്കുന്ന സംഘത്തെയാണു പോലീസ് അറസ്റ്റ് ചെയ്തത്. യുവാക്കളും കുട്ടികളും ആണ് ഇവരുടെ പ്രധാന ഇരകൾ.
ഗോശ്രീ ഹൈക്കോടതി റോഡിൽ സിഎംഎഫ്ആർഐയുടെ മുന്നിൽനിന്നാണ് പ്രതികൾ പിടിയിലായത്. ഇവരുടെ പക്കൽനിന്ന് ഒന്നര കിലോ കഞ്ചാവ്, രണ്ട് വടിവാളുകൾ, ഒരു കത്തി എന്നിവ കണ്ടെടുത്തു. മറൈൻഡ്രൈവ് ചാത്യാത്ത് വാക്വേയിൽ വരുന്ന ചില പെണ്‍കുട്ടികളും ഇവരിൽനിന്നു കഞ്ചാവ് വാങ്ങി ഉപയോഗിക്കാറുണ്ടെന്നു പോലീസ് സംശയിക്കുന്നു.
പ്രതികൾക്കെതിരേ ഇതര പോലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ടോയെന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിൽനിന്നു മൊത്തമായി കഞ്ചാവ് വാങ്ങി ചെറുപായ്ക്കറ്റുകളിലാക്കി പത്ത് ഗ്രാമിന് 500 രൂപ നിരക്കിലാണു പ്രതികൾ വിൽക്കുന്നത്. യുവാക്കൾക്കും പെണ്‍കുട്ടികൾക്കും കഞ്ചാവ് എത്തിക്കുന്നതിന് ഏജന്റുകൾ കൊച്ചിയിൽ പ്രവർത്തിക്കുന്നുണ്ടോയെന്നും പോലീസ് സംശയിക്കുന്നു.
സെൻട്രൽ സിഐ അനന്തലാൽ, എസ്ഐമാരായ ജോസഫ് സാജൻ, സുനു മോൻ എന്നിവരുടെ നേതൃത്വത്തിൽ എഎസ്ഐ ഗോപി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രദീപ് ഷാജി, സിവിൽ പോലീസ് ഓഫീസർമാരായ രഞ്ജിത്ത്, ഇസഹാക്ക്, മനോജ് കുമാർ, അജിത്ത്, എബി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.