കോഴിക്കോട്: അഞ്ച് കിലോ കഞ്ചാവുമായി പിടിയിലായ അന്താരാഷ്ട്ര കുറ്റവാളി റിമാന്‍ഡില്‍ .കല്ലായി സ്വദേശി നജീബ് (64) ആണ് ചേവായൂര്‍ പോലീസിന്റെ പിടിയിലായത്. ചേവായൂര്‍ ഇന്‍സ്പക്ടര്‍ ടി.വി. പ്രതീഷിന്റെ നേതൃത്വത്തില്‍ എസ്ഐ അബ്ദുല്‍ നാസറും നോര്‍ത്ത് അസി. കമ്മീഷണര്‍ എ.വി. പ്രദീപിന്റെ കീഴിലുള്ള സ്പെഷ്യല്‍ സ്ക്വാഡും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.
പിടികൂടുമ്പോള്‍ ഇയാളുടെ കൈവശം അഞ്ചര കിലോയോളം കഞ്ചാവ് ഉണ്ടായിരുന്നു. വളരെ മാന്യമായി വേഷം ധരിച്ച് കോഴിക്കോട് സിറ്റിയിലെ ചെറുകിട കഞ്ചാവ് കച്ചവടക്കാര്‍ക്ക് എത്തിച്ചുകൊണ്ടിരുന്ന ഇയാളെ പോലീസ് വളരെ തന്ത്രപൂര്‍വ്വം വലയിലാക്കുകയായിരുന്നു.
നഗരത്തില്‍ മയക്കുമരുന്നിനെതിരായ നടപടി വളരെ കര്‍ശനമാക്കിയതിന്റെ ഭാഗമായി സമാനമായ കേസുകളില്‍പ്പെട്ട ആളുകളെ നിരീക്ഷിക്കുന്നതിനായി സിറ്റി പോലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സ്പെഷ്യല്‍ സ്ക്വാഡ് രണ്ടു മാസമായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു.
പല സ്ഥലത്ത് നിന്നും തെന്നിമാറിപ്പോയ ഇയാളെ കോഴിക്കോട്- മുണ്ടിക്കല്‍ താഴം പുതിയ ബൈപ്പാസ് റോഡില്‍ ഇരിഞ്ഞാടന് പള്ളിക്ക് സമീപം മനന്താനത്ത് താഴത്ത് പോലീസ് തന്ത്രപൂര്‍വ്വം പിടികൂടിയത്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തതില്‍ തമിഴ്നാട്, കര്‍ണ്ണാടക ഭാഗങ്ങളില്‍ നിന്നാണ് കഞ്ചാവ് എത്തിക്കാറുള്ളതെന്ന് പോലീസിനോട് സമ്മതിച്ചു.
ഇയാള്‍ തന്നെ നേരിട്ട് തമിഴ്നാട്ടിലും മറ്റും പോയി കഞ്ചാവ് കൊണ്ടുവരാറാണ് പതിവ്. മാന്യമായ വേഷം ധരിക്കുന്ന സുമുഖനായ ഇദ്ദേഹം ഓരോ പ്രാവശ്യവും 10 കിലോയിലധികം കഞ്ചാവ് യാത്രക്കാരനെന്ന വ്യാജ്യേന ബസിലും ട്രൈയിനിലുമായാണ് കേരളത്തിലെത്തിക്കുന്നത്. കോഴിക്കോട് എത്തിച്ച ശേഷം വിവിധ തൂക്കത്തിലുള്ള പായ്ക്കറ്റുകളിലാക്കി ചെറുകിട കച്ചവടക്കാര്‍ക്ക് എത്തിച്ചു കൊടുക്കുകയാണ് പതിവ്.
ഇങ്ങിനെ എത്തിക്കുന്ന കഞ്ചാവിന് കിലോക്ക് 25000 രൂപ വരെ ഇയാള്‍ ചെറുകിട കച്ചവടക്കാരില്‍ നിന്നും ഈടാക്കാറുണ്ട്. മുമ്പ് ശ്രീലങ്കയില്‍ മയക്കുമരുന്നായ കറുപ്പ് പിടികൂടിയ കേസില്‍ കുടുങ്ങിയ ഇദ്ദേഹം 2007-ല്‍ തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ എക്സ്പ്ലോസിവ് പിടികൂടിയ കേസിലും പ്രതിയായിട്ടുണ്ട്. 2015-ല്‍ തോല്‍പ്പെട്ടിയില്‍ വെച്ച് വയനാട് എക്സൈസ് ടീം ഇയാളെ പിടികൂടുന്ന സമയം ഇയാളുടെ പക്കല്‍ നിന്ന് അഞ്ച് കിലോ കഞ്ചാവ് പിടികൂടിയിരുന്നു.
ശ്രീലങ്കയിലും ഇന്ത്യയിലുമായി നിരവധി കൊല്ലം ജയില്‍ വാസമനുഭവിച്ചിട്ടുണ്ട്. ഇയാള്‍ക്ക് കഞ്ചാവ് ലഭിക്കുന്നതിന്റെ ഉറവിടത്തെ കുറിച്ചും എത്തിച്ചു കൊടുക്കുന്ന ചെറുകിട വില്‍പ്പനക്കാരെ കുറിച്ചും മറ്റും കൂടുതല്‍ അന്വേഷിച്ചു വരികയാണ്. സ്പെഷ്യല്‍ സ്ക്വാഡ് എസ്എഐ ഒ.മോഹന്‍ദാസ്, എഎസ്എല്‍ മുനീര്‍ , എം. മുഹമ്മത് ഷാഫി, എം.സജി, കെ.അഖിലേഷ്. എം. ഷാലു, പ്രപിന്‍ കെ. ജിനീഷ് ചൂലൂര്‍ , രാജന്, സുജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.