ആലുവ: ആലുവയിൽ എക്സൈസ് തന്ത്രപരമായി കുടുക്കിയ കഞ്ചാവ് മാഫിയയെക്കുറിച്ചുള്ള അന്വേഷണം ചെന്നെത്തുന്നത് ആന്ധ്രയിലെ ഉൾക്കാടുകളിൽ വിളഞ്ഞ് പൂത്തുനിൽക്കുന്ന കഞ്ചാവ് തോട്ടങ്ങളിലേക്ക്.
അവിടെ കിലോ പതിനായിരം രൂപയ്ക്കു കിട്ടുന്ന കഞ്ചാവ് ആലുവയിലെത്തിച്ച് നീലച്ചടയനാക്കി ലക്ഷങ്ങൾക്കാണ് മാഫിയ മറിച്ചുവിൽക്കുന്നത്.
ഇന്നലെ വാഹന പരിശോധയ്ക്കിടയിലാണ് കോട്ടയം രജിസ്ട്രേഷനിലുള്ള നാഷണൽ പെർമിറ്റ് ലോറിയിൽ നിന്നും 35 കിലോ കഞ്ചാവ് ആലുവ എക്സൈസ് സിഐ സോജൻ സെബാസ്റ്റ്യനും സംഘവും പിടികൂടുന്നത്.
സംഭവത്തിൽ കോഴിക്കോട് സ്വദേശി ഹക്കിം, പട്ടാമ്പി സ്വദേശികളായ അഹമ്മദ് കബീർ, ജാഫർ എന്നിവർ കസ്റ്റഡിയിലായി. ഇവരെ എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അശോക് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ
വിശദമായ ചോദ്യം ചെയ്യലിൽ ലോറി ഉടമയായ തൃശൂർ ചേലക്കര സ്വദേശി ഷെമീർ ബാബുവാണ് കഞ്ചാവ് കടത്തിന്റെ പ്രധാന സൂത്രധാരനെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഷെമീർ നൽകിയ ഒന്നേകാൽ ലക്ഷം രൂപയുമായി ആന്ധ്രയിലെ രാജമുദ്രയിൽനിന്നും സംഘം കാലിയായ ലോറിയിൽ കഞ്ചാവ് കടത്തി ആലുവയിലെത്തിച്ചു. ഇതു കൈമാറാനായി ബൈപ്പാസിനടുത്ത് വില്ലേജ് ഓഫീസിനു മുന്നിൽ കാത്തുകിടക്കുമ്പോഴായിരുന്നു എക്സൈസിന്റെ വാഹന പരിശോധന.
തുടർന്ന് വണ്ടിയുടെ കാബിനുള്ളിലെ രഹസ്യ അറയിൽ രണ്ട് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടികൂടുകയായിരുന്നു. മൂന്നാർ മേഖലയിൽ നിന്നെത്തുന്ന ഏറെ ഡിമാൻഡുള്ള നീലച്ചടയൻ എന്ന വ്യാജേനയാണ് ഇത് വിറ്റഴിച്ചിരുന്നത്.
ഒന്നാം പ്രതി ഹക്കീമായിരുന്നു ഷെമീറിനു വേണ്ടി കഞ്ചാവ് കടത്തിന് നേതൃത്വം നൽകിയിരുന്നത്. പിടിയിലായ മൂന്ന് പ്രതികളും അടുത്തിടെ വിദേശത്തുനിന്നും നാട്ടിലെത്തിയവരാണ്.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വാഹനങ്ങളുടെ പരിശോധനയിലെ ഇളവുകളുടെ മറവിലാണ് പ്രതികൾ കഞ്ചാവെത്തിച്ചത്. കൊണ്ടുവന്ന കഞ്ചാവ് മൊത്തമായി 10 ലക്ഷം രൂപയ്ക്ക് വാങ്ങാൻ ആളെത്തുമെന്ന് അറിയിച്ചതിനെ തുടർന്ന് സംഘം കാത്തു കിടക്കുമ്പോഴാണ് എക്സൈസ് സ്പെഷൽ സ്ക്വാഡ് എത്തിയത്.
മുഖ്യപ്രതി ഷെമീർ ബാബുവിന് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി സിഐ സോജൻ സെബാസ്റ്റ്യൻ രാഷ്ട്രദീപികയോട് പറഞ്ഞു. പ്രതികളെ ഇന്നലെ കോടതിയിൽ ഹാജരാക്കി. കോവിഡ് പരിശോധയ്ക്ക് ശേഷം റിമാൻഡു ചെയ്യും.