ചവറ : കാറിൽ കഞ്ചാവു വില്പന നടത്തിവന്ന മുൻ കഞ്ചാവ് കേസുകളിലെ പ്രതിയും കൂട്ടാളിയും കാറുമായി അറസ്റ്റിലായി.
ചിന്നക്കട ആണ്ടാമുക്കം കുളത്തിൽ പുരയിടം അഖിൽ ഭവനത്തിൽ ചിന്നക്കട ഉണ്ണിയെന്ന് അറിയപ്പെടുന്ന അനിൽകുമാർ (57 ), ഇയാളുടെ സഹായി നീണ്ടകര വേട്ടുതറ അത്തിക്കൽ വീട്ടിൽ സുരേഷ് (51 ) എന്നിവരെയാണ് ശക്തികുളങ്ങര ഭാഗത്ത് കൊല്ലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഐ.നൗഷാദും സംഘവും ചേർന്നു അറസ്റ്റു ചെയ്തത് .
ശക്തികുളങ്ങര പോർട്ട് ഭാഗത്ത് വില്പനക്കായി കാറിൽ കടത്തി കൊണ്ടുവന്ന അര കിലോ കഞ്ചാവുമായിട്ടാണ് ഇവർ പിടിയിലാകുന്നത്.
കാറും കഞ്ചാവു വില്പന നടത്തി കിട്ടിയ 3000 രൂപയും കസ്റ്റഡിയിൽ എടുത്തു.
അനിൽകുമാറും സുരേഷും ചേർന്ന് രാത്രി സമയങ്ങളിൽ ശക്തികുളങ്ങര, നീണ്ടകര ഭാഗങ്ങളിൽ കാറിൽ എത്തി ചില മത്സ്യ തൊഴിലാളികൾക്കും പ്രായപൂർത്തിയാകാത്ത ആൺ കുട്ടികൾക്കു പോലും രഹസ്യമായി കഞ്ചാവു വില്‍പ്പന നടത്തുന്നുവെന്നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും പിടിയിലായത്.
നീണ്ടകര ഭാഗത്ത് കഞ്ചാവ് വില്പന നടത്തി വരവേ എക്സൈസ് സഞ്ചരിച്ച വാഹനം കണ്ട അനിൽകുമാർ പെട്ടെന്ന് കാറുമായി രക്ഷപ്പെടുവാൻ ശ്രമിച്ചു വെങ്കിലും സി ഐ നൗഷാദും സംഘവും കാറിനെ പിൻതുടർന്നു പിടിക്കുകയായിരുന്നു.
50 ഗ്രാമിന്റെ ഒരു പാക്കറ്റ് കഞ്ചാവ് ഏജന്റ്മാർക്ക് 3000 രൂപ നിരക്കിലാണ് വില്പനക്കായി നൽകുന്നത്. ഇവർ ഗ്രാമിനു 300 രൂപാ നിരക്കിൽ വില്‍പ്പന നടത്തും. തമിഴ്നാട്ടിൽ നിന്നും മൂന്നു വർഷം മുമ്പ് നാലര കിലോ കഞ്ചാവ് കടത്തികൊണ്ടു വരുന്നതിനിടയിൽ അമരവിള എക്സൈസ് ചെക്ക് പോസ്റ്റിൽ ഇവർ പിടിയിലായിട്ടുണ്ട് .
ശാസ്താംകോട്ടയിൽ 1.050 കിലോഗ്രാം കഞ്ചാവുമായി അനിൽകുമാറിനെ ശാസ്താംകോട്ട എക്സൈസ് സർക്കിളും സംഘവും രണ്ടു വർഷം മുമ്പ് അറസ്റ്റു ചെയതിരുന്നു. രണ്ടു കേസുകളിലും ഇരുവരും ജാമ്യത്തിൽ കഴിഞ്ഞു വരവെയാണ് വീണ്ടും പിടിയിലായത്.
എക്സൈസ് ഇൻസ്പെക്ടർ ടി. രാജീവ്, പ്രീവന്റീവ് ഓഫീസർമാരായ ശ്യാംകുമാർ, ബിനുലാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ നഹാസ്, ശ്രീനാഥ്, നിതിൻ എന്നിവർ എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.