
കൊച്ചി: നഗരത്തില്‍ ലോഡ്ജ് വാടകയ്ക്കെടുത്തു കോളജ് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചു മയക്കുമരുന്ന് വില്പന നടത്തിയിരുന്ന സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്.
ലഹരിമരുന്ന് കടത്തിനു പിന്നില്‍ വിദ്യാര്‍ഥികളടങ്ങിയ അന്തര്‍സംസ്ഥാന ബന്ധമുള്ള വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായാണു മനസിലാക്കാനായതെന്നു പോലീസ് വ്യക്തമാക്കുന്നു. മറ്റു സംഘാംഗങ്ങള്‍ക്കായുള്ള അന്വേഷണം വ്യാപിപിച്ച അധികൃതര്‍ക്കു പ്രതികളെ സംബന്ധിച്ചു സൂചനകള്‍ ലഭിച്ചതായാണു വിവരം.
കൂവപ്പടി സ്വദേശി മുഹമ്മദ് യാസിന് (20), പാലാരിവട്ടം സ്വദേശി ജോഫിന്‍ വര്‍ഗീസ്(19), എടത്തല സ്വദേശി അഫ്താബ് ലിയാഖത്ത് (20) എന്നിവരെയാണ് ഇന്‍സ്പെക്ടര്‍ എ. അനന്തലാലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇവരുടെ കൂട്ടാളിയായ മുഹമ്മദ് ഷിഫാസ് വ്യാഴാഴ്ച അറസ്റ്റിലായിരുന്നു.
ഇയാളെ ചോദ്യം ചെയ്തതില്‍നിന്നുമാണു കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ക്കു ലഭിച്ചതും മൂവരെയും അറസ്റ്റ് ചെയ്തതും. കഴിഞ്ഞ മാര്‍ച്ച് രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇടപ്പള്ളിയിലെ ഒരു കെട്ടിടത്തില്‍നിന്നു മയക്കുമരുന്നുമായി ആലുവ സ്വദേശികളായ അഹമ്മദ് യാസിന്, മുഹമ്മദ് ഷഹാദ് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മുഹമ്മദ് ഷിഫാസിനെ തിരിച്ചറിഞ്ഞത്. ഇയാള്ക്കുവേണ്ടിയാണു മയക്കുമരുന്ന് വാങ്ങിയതെന്നും അതിനുള്ള പണം ഇയാള്‍ തന്നെയാണ് അയച്ചു തന്നതെന്നും പ്രതികളില്‍നിന്നു പോലീസ് തിരിച്ചറിഞ്ഞു.
അഹമ്മദ് യാസിനും, മുഹമ്മദ് ഷഹാദും പിടിയിലാകുന്ന സമയത്ത് മയക്കുമരുന്ന് വാങ്ങുന്നതിനും മറ്റുമായി ഷിഫാസും കൂട്ടുകാരും ഇടപ്പള്ളിയിലെ മറ്റൊരു ലോഡ്ജില്‍ മുറിയെടുത്തിരുന്നതായും അധികൃതര്‍ കണ്ടെത്തി.
രണ്ടു പേര് പോലീസ് പിടിയിലായതോടെ ഷിഫാസും സംഘവും മുങ്ങുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണമാണ് നൈജീരിയന്‍ ഫുട്ബോള്‍ താരം അമാംചുക്വു ഒക്കെക്കെ(37)യിലേക്കും ഷിഫാസിലേക്കും എത്തിയത്.
ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് അമാംചുക്വു ഒക്കെക്കെയെ ബംഗളൂരുവില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്നിന്നുമാണു മുഹമ്മദ് ഷിഫാസും സംഘവും ലഹരിമുരുന്നുകള് വാങ്ങിയിരുന്നതെന്നാണു പോലീസ് കരുതുന്നത്.
ഒളിവില്‍ കഴിയുകയായിരുന്ന ഷിഫാസിനെ വലയില്‍ കുരുക്കിയതോടെയാണു മൂന്നുപേരെകൂടി പിടികൂടാനായത്.