കോട്ടയം: നഗരത്തിൽ കഞ്ചാവുമായി രണ്ടിടങ്ങളിലായി മൂന്നു പേർ എക്സൈസ് പിടിയിൽ. തിരുവല്ല സ്വദേശിയായ യുവാവും രണ്ട് അതിഥി തൊഴിലാളികളുമായി പിടിയിലായത്.
ഒന്നേ കാല്‍ കിലോ കഞ്ചാവുമായി യുവാവിനെ കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്ന് അറസ്റ്റ് ചെയ്തു. തിരുവല്ല കവിയൂര്‍ സ്വദേശി സി.വി.അരുണ്‍മോനാണ് പിടിയിലായത്. കോട്ടയം റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ പി.വൈ.ചെറിയാനും സംഘവുമാണ് അരുണിനെ അറസ്റ്റ് ചെയ്തത്.
വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പന നടത്തുന്നതിനാണ് അരുണ്‍ കഞ്ചാവ് കൊണ്ടു വന്നതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു
ഇതര സംസ്ഥാന തൊഴിലാളികളായ ജല്‍ഹക്ക്, അക്ബര്‍ എന്നിവരെ തലയോലപ്പറമ്പില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. ഇവരിൽ നിന്ന് ഒന്നേ മുക്കാല്‍ കിലോ കഞ്ചാവ് പിടികൂടി.
തലയോലപ്പറമ്പ് വരിക്കാംകുന്ന് നീര്‍പ്പാറയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കഞ്ചാവ് വിറ്റു കിട്ടിയ 8155 രൂപയും ഇവരിൽ നിന്ന് പിടിച്ചെടുത്തു.
എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ അല്‍ഫോന്‍സ് ജേക്കബും സംഘവുമാണ് പ്രതികളെ തലയോലപ്പറമ്പില്‍ നിന്ന് അറസ്റ്റ് ചെയ്തത്.