പത്തനാപുരം: ഒരിടവേളയ്ക്ക് ശേഷം കഞ്ചാവ് ലോബി പട്ടണത്തില്‍ സജീവമാകുന്നു. ഇടയ്ക്കിടെ ഉണ്ടാകുന്ന ലോക്ക്ഡൗണും വ്യാപാരസ്ഥാപനങ്ങളിലെ പരിശോധനയും പതിവായതോടെ പുതിയ മാര്‍ഗങ്ങളിലൂടെയാണ് കഞ്ചാവ് മാഫിയ ശക്തി പ്രാപിക്കുന്നത്.
ബൈക്കുകളില്‍ കറങ്ങുന്ന ഫ്രീക്കന്മാരും പോലീസിന്റെ കണ്ണിലെ കരടായതോടെയാണ് സുരക്ഷിത മാര്‍ഗങ്ങളിലൂടെ ആവശ്യക്കാരിലേക്ക് കഞ്ചാവ് എത്തിച്ചുനല്‍കുന്നത്.
ചില ഓട്ടോ ഡ്രൈവര്‍മാരാണ് ആവശ്യക്കാരിലേക്ക് കഞ്ചാവ് എത്തിക്കുന്നത്. പോലീസിന്റേയോ മോട്ടോര്‍ വാഹനവകുപ്പിന്റേയോ പരിശോധനകളുണ്ടെങ്കിലും കഞ്ചാവ് മാഫിയയുടെ ഇടനിലക്കാരായ ഇവര്‍ക്ക് എക്സൈസിനെയോ മറ്റ് പരിശോധനകളെയോ ഭയക്കേണ്ടതില്ല.
രേഖകള്‍ പരിശോധിക്കുന്നതല്ലാതെ വാഹനപരിശോധന കാര്യമായില്ലെന്നതാണ് ഓട്ടോ ഡ്രൈവര്‍മാരെ ഇടനിലക്കാരാക്കാന്‍ പ്രേരകമായത്.മുന്‍കൂട്ടി നിശ്ചയിക്കുന്ന സ്ഥലത്ത് ആവശ്യക്കാര്‍ക്ക് സാധനമെത്തിച്ചു നല്കി പണവും വാങ്ങി ഓട്ടോ മടങ്ങും.
ആര്‍ക്കും സംശയവും തോന്നില്ല. ഹൈസ്കൂളുകളിലും കോളജുകളിലും പഠിക്കുന്ന വിദ്യാര്‍ഥികളാണ് ആവശ്യക്കാരിലധികവും. ഒഴിഞ്ഞ പറമ്പുകളിലോ ആറ്റരികത്തോ പാറമുകളിലോ മണിക്കൂറുകള്‍ ചിലവഴിച്ച് ലഹരി നുണയുന്ന കൗമാരക്കാര്‍ വൈകുന്നേരങ്ങളിലാണ് തിരികെ വീടുകളിലേക്ക് മടങ്ങുന്നത്.
ഓണ്‍ലൈന്‍ ക്ലാസിന്റേയും സമീപ പ്രദേശങ്ങളിലെ പ്രകൃതി രമണീയ സ്ഥലങ്ങളിലേക്കോ സുഹൃത്തുക്കള്‍ക്കൊപ്പം പോകുന്നുവെന്ന് പറഞ്ഞാണ് മിക്കവരും വീടുവിട്ടിറങ്ങുന്നത്.
ഒരു കാലത്ത് പത്തനാപുരം മാര്‍ക്കറ്റ് കേന്ദ്രീകരിച്ചും കഞ്ചാവ് വിപണനം നടന്നിരുന്നു. ഇവര്‍ക്ക് തുടര്‍ച്ചയായി പിടിവീണതും നിരീക്ഷണം ശക്തമാക്കിയതും ഇടക്കാലത്ത് കഞ്ചാവ് ലോബിയെ ദുര്‍ബലപ്പെടുത്തിയിരുന്നു.
ആഡംബര ബൈക്കുകളില്‍ കറങ്ങിനടന്നിരുന്ന ഫ്രീക്കന്മാരായിരുന്നു പിന്നീട് ഇടനിലക്കാര്‍. ഇവരും പോലീസിന്റെ നോട്ടപ്പുള്ളികളായതോടെയാണ് ഓട്ടോ ഡ്രൈവര്‍മാരെ രംഗത്തിറക്കി ആവശ്യക്കാരിലേക്ക് കഞ്ചാവ് എത്തിക്കുന്നത്.
ഉപജീവനത്തിനായി ഓട്ടോ ഡ്രൈവറായ പലര്‍ക്കും എതിര്‍പ്പുണ്ടെങ്കിലും കഞ്ചാവ് മാഫിയയെ ഭയന്ന് പോലീസിനോട് പോലും പരാതിപ്പെടാനാകാത്ത സ്ഥിതിയാണ്.