വൈക്കം: ആദ്യം കഞ്ചാവിന്റെ പൊട്ടുംപൊടിയും നൽകി ലഹരിക്കടിമയാക്കും. പിന്നെ കഞ്ചാവ് കൈമാറുന്ന കണ്ണികളാക്കും. കൗമാരക്കാരായ വിദ്യാർഥികളെ പ്രലോഭിപ്പിച്ചു ലഹരിക്കടിമപ്പെടുത്തി കഞ്ചാവു വിൽപനക്കാരാക്കി മാറ്റുന്ന വൻ ലോബി വൈക്കത്ത് വളർന്നു വരുന്നു. ഇതിനെതിരേ പോലീസ് ശക്തമായ നടപടിയുമായി രംഗത്തെത്തി.
കഴിഞ്ഞ രണ്ടാഴ്ച പോലീസ് വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ രഹസ്യാന്വേഷണത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ പോലും ഞെട്ടിച്ച സംഭവങ്ങളാണു മനസിലാക്കാൻ കഴിഞ്ഞത്.
വൈക്കം എഎസ്പി അരവിന്ദ് സുകുമാർ സ്കൂൾ വിദ്യാർഥികളിലെ ലഹരി ഉപയോഗത്തെക്കുറിച്ചു അന്വേഷിക്കുന്നതിന് വൈക്കം സിഐ എസ്.പ്രദീപിനെ ചുമതല ഏൽപിച്ചതിനെ തുടർന്ന് സിഐ, എസ് ഐ നാരായണനുണ്ണി, വൈക്കംസ്റ്റേഷൻ പിആർഒ എഎസ്ഐ മോഹനൻ എന്നിവരുമായി ചേർന്നു നടത്തിയ രഹസ്യാന്വേഷണമാണ് സ്കൂൾ കുട്ടികളെ ലഹരി ലോബി ഉപയോഗപ്പെടുത്തുന്നത് കണ്ടെത്തിയത്.
വൈക്കം നഗരത്തിലെ മൂന്നു ഹയർ സെക്കൻഡറി സ്കൂളുകളിലെ ഏതാനും വിദ്യാർഥികളാണ് കഞ്ചാവു ലോബിയുടെ വിൽപനക്കാരായി മാറിയത്.ആദ്യം കഞ്ചാവിന്റെ പൊട്ടും പൊടിയും നൽകി കുട്ടികളെ വശത്താക്കി ലഹരിക്കടിമപ്പെടുത്തിയ ശേഷം കുട്ടികളെ വിൽപനക്കാരാക്കി മാറ്റുന്ന തന്ത്രമാണ് കഞ്ചാവു വിൽപനക്കാർ നടത്തിയത്.
മഫ്ടിയിൽ സ്കൂളിനു സമീപത്തെ നിരത്തിൽ ചുറ്റിത്തിരിഞ്ഞ പോലീസ് ഉദ്യോഗസ്ഥൻ സൈക്കിളിൽ വന്ന് ഇടംവലം നോക്കാതെ ഒരു പതിനഞ്ചുകാരൻ കടലാസു പൊതി കാത്തു നിന്ന കുട്ടികൾക്ക് കൈമാറി പോകുന്നതു കണ്ടു കുട്ടികളെ ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവിന്റെ കണ്ണികളെക്കുറിച്ചുള്ള ചുരുളഴിഞ്ഞത്. വിദ്യാർഥികൾ നൽകിയ വിവരത്തെ തുടർന്ന് പോലീസ് സംഘം ഒരു ഇരുനില വീട്ടിലെത്തി.
ഫോണിൽ ടിക് ടോക്കു കണ്ടിരുന്ന വീട്ടമ്മ കാര്യമറിയാതെ പോലിസിനോടു തട്ടിക്കയറി. വീട്ടമ്മയേയും കൂട്ടി വീടിന്റെ ഫസ്റ്റ് ഫ്ളോറിൽ പോലിസ് എത്തിയപ്പോൾ മൊബൈൽ കണ്ട് കട്ടിലിൽ കിടക്കുന്ന മൂന്നു കൗമാരക്കാരായ വിദ്യാർഥികളെയാണ് കണ്ടത്.ഇവരെ പരിശോധിച്ചപ്പോൾ മൂവരിൽ നിന്നും കഞ്ചാവു പൊതികൾ കണ്ടെടുത്തതായി പോലിസ് പറഞ്ഞു.
പല വിദ്യാർഥികളിലൂടെ കൈമറിഞ്ഞു നടക്കുന്ന വിൽപന പോലീസിനെയും സ്തബ്ധരാക്കി. വിദ്യാർഥികൾക്കു കഞ്ചാവു എത്തിച്ചു നൽകിയ 23 കാരൻ തലയാഴം സ്വദേശിയായ ഒരു ഓട്ടോറിക്ഷ ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു.കേസിൽ ഇനിയും കൂടുതൽ പേർ കുടുങ്ങുമെന്നും വൈക്കത്തെ കഞ്ചാവിന്റെ വേരറുക്കുമെന്നും സി ഐ എസ് പ്രദീപ് പറഞ്ഞു. അന്വേഷണ സംഘത്തിൽ ഓഫിസർമാർക്കൊപ്പം സി പി ഒ മാരായ സെയ്ഫുദ്ദീൻ,ജോമി,അരുണ്, മനോജ്,വിനോദ് കണ്ണങ്കര,ജയൻ തുടിയവരുമുണ്ടായിരുന്നു.