ആലുവ: വിനോദസഞ്ചാര മേഖല ഉണർന്നതോടെ യുവാക്കൾക്കും സഞ്ചാരികൾക്കും മയക്കുമരുന്നുകളെത്തിച്ചു കൊണ്ട് മാഫിയകളും സജീവമായി തുടങ്ങി. വിനോദ സഞ്ചാര മേഖലകളെ ലക്ഷ്യമിട്ട് വില്പനനടത്തുന്നതിനായി ആലുവയിൽ എത്തിച്ച മാരക മയക്കുമരുന്നായ എംഡിഎംഎയുമായി കൊച്ചി സ്വദേശികളായ രണ്ട് യുവാക്കളെ ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാറും സംഘവും പിടികൂടി.
കൊച്ചി പള്ളുരുത്തി സ്വദേശികളായ ഷിനാസ് (22), സുധീഷ് (22) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും വിപണിയിൽ അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന മാരക മയക്കുമരുന്നാണ് പിടികൂടിയത്. കർണാടകയിൽനിന്നും വാങ്ങി കേരളത്തിലെ പ്രധാന വിനോദ സഞ്ചാര മേഖലകളെ ലക്ഷ്യമിട്ടാണ് ഇവർ വില്പന നടത്തി വന്നത്. കോളജ് വിദ്യാർഥികളും യുവാക്കളുമാണ് ഇവരുടെ പ്രധാന ഇടപാടുകാർ.
ചെറുപൊതികൾക്കു വില…
ചെറു പൊതികളാക്കി അയ്യായിരം മുതൽ ഏഴാംയിരം രൂപവരെ ഇടാക്കിയാണ് ഇവർ വില്പന നടത്തിയിരുന്നത്. ആലുവ, അങ്കമാലി, കാലടി തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ ലഹരി വിപണനം. കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ ഇത്തരത്തിലുള്ള നിരവധി കേസുകളാണ് ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസിൽ പിടികൂടിയിട്ടുള്ളത്.
ഇതിലെ പല പ്രതികളും റിമാൻഡിലാണ്. ഇരുപതു വർഷം വരെ കഠിന തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ് ഇത്. ഇതുകൊണ്ടുതന്നെ അതീവ രഹസ്യമായിട്ടാണ് ഇവർ ആവശ്യക്കാരെ കണ്ടെത്തി ഇടപാടുകൾ നടത്തിവരുന്നത്.
വിദ്യാലയങ്ങളും വിനോദ സഞ്ചാര മേഖലകളും തുറന്നതോടെ മയക്കുമരുന്ന് മാഫിയ ആലുവ-അങ്കമാലി മേഖലകളിൽ സജീവമാണെന്ന് എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ അശോക് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പരിശോധനകൾ നടത്തിവന്നതും മയക്കുമരുന്നുമായി പ്രതികളെ പിടികൂടിയതും.