പാലക്കാട്: ജില്ലയിൽ ഇന്നലെ മാത്രം പിടികൂടിയത് 1029 കിലോ കഞ്ചാവ്. ഇവയുടെ ആകെ മൂല്യം നൂറുകോടി 30 ലക്ഷം രൂപ. മൂന്നിടങ്ങളിലായാണ് ഇത്ര യും കഞ്ചാവ് പിടികൂടി യത്. ആകെ ഏഴു പേർ അറസ്റ്റിലായി. സംസ്ഥാനത്തെ തന്നെ എക്സൈസ് വകുപ്പിന്റെ ഏറ്റവും വലിയ കഞ്ചാവ് വേട്ടകളിലൊന്നാണ് ഇന്നലെ വാളയാറിൽ നടന്നത്.
ഇവിടെ ചരക്കുലോറിയിൽ കടത്തിയ ആയിരം കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. ചരക്കുലോറിയുടെ രഹസ്യ അറയിൽ കടത്തിയ കഞ്ചാവ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡാണ് പിടികൂടിയത്.ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്.
വാഹനം കാലിയായിരുന്നു എന്നും രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയതെന്നും എക്സൈസ് അറിയിച്ചു. സംഭവത്തിൽ മൂന്നുപേരെ അറസ്റ്റുചെയ്തു.പെരിന്തൽമണ്ണ മേലാറ്റൂർ എപ്പിക്കാട് സ്വദേശികളായ ബാദുഷ (26), ഫായിസ് (21) ഇടുക്കി ഉടുന്പൻചോല കട്ടപ്പന ജിഷ്ണു എന്ന ബിജു(24) എന്നിവരാണ് പിടിയിലായത്.
23 കിലോ കഞ്ചാവുമായി മൂന്ന് മലപ്പുറം സ്വദേശികളെ മണ്ണാർക്കാട്ട് പിടികൂടിയതാണ് രണ്ടാമത്തെ സംഭവം. നിലന്പൂർ കാളിക്കാവ് സ്വദേശി തെക്കഞ്ചേരി റിനീഷ് (29), കൊണ്ടോട്ടി കാഞ്ഞിരപറന്പ് തൊട്ടിയിൽ ഫർഷാദ് (28), നിലന്പൂർ വെള്ളയൂർ ഇരഞ്ഞിയിൽ ഫെബിൻ(30) എന്നിവരാണ് അറസ്റ്റിലായത്.
പൊതികളിലായി സൂക്ഷിച്ചിരുന്ന 23 കിലോ കഞ്ചാവാണ് ഇവരിൽ നിന്ന് പിടികൂടിയത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച മഹീന്ദ്ര ബൊലോറോ വാഹനവും എക്സൈസ് സംഘം പിടികൂടിയിട്ടുണ്ട്.ബൈക്കിൽ കടത്തിയ ആറുകിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശിയെ പിടികൂടിയതാണ് മൂന്നാമത്തെ കേസ്.
പാലക്കാട് ഡാൻസാഫ് സ്ക്വാഡും, വാളയാർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ ഇന്നലെ വൈകുന്നേരം അട്ടപ്പള്ളം ടോൾ പ്ലാസക്കു സമീപം വെച്ചാണ് ബൈക്കിൽ ഇടപാടുകാർക്ക് കൈമാറാൻ കൊണ്ടു വന്ന ആറുകിലോ കഞ്ചാവ് പിടികൂടിയത്.
കോയന്പത്തൂർ മധുക്കരൈ അരിസിപാളയം സ്വദേശി ശ്രീധർ (22)നെയാണ് വാളയാർ പോലീസ് അറസ്റ്റു ചെയ്തത്. വാളയാർ, കഞ്ചിക്കോട് ഭാഗത്തുള്ള ഇടപാടുകാർക്ക് കൈമാറാൻ കൊണ്ടുവന്നതാണെന്ന് പ്രതി പറഞ്ഞു.
മൂന്നു കേസുകളിലും പ്രതികൾ സ്ഥിരമായി കഞ്ചാവും മറ്റു മയക്കുമരുന്നുകളും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കടത്തി രഹസ്യ സങ്കേതത്തിൽ സൂക്ഷിച്ച് വിൽപന നടത്തി വരുകയാണെന്നും ഈ കഞ്ചാവ് സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിരിക്കാമെന്നും അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.