കൊച്ചി: എറണാകുളം ജില്ലയില്‍ മൂന്നിടങ്ങളിലായി ഇന്നലെ പോലീസും എക്സൈസും പിടികൂടിയത് 18.5 കിലോ കഞ്ചാവ്.
കാക്കനാട് വാഴക്കാലയില്‍ നിധിന് ആന്റണിയെന്ന ലഹരി വില്പന ഇടനിലാക്കാരനില് നിന്ന് 16.5 കിലോയും കാക്കനാടുള്ള ഒരു ഹോട്ടലില്‍ പിടികിട്ടാപുള്ളിയടക്കം മൂന്ന് പേരില്‍ നിന്ന് 1.60 കിലോ കഞ്ചാവും പെരുമ്പാവൂരിലെ ഇതരസംസ്ഥാനത്തൊഴിലാളി ക്യാമ്പില്‍ നിന്ന് 180 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്.
കാക്കനാട് വാഴക്കാല താണപ്പാടത്ത് വീട് വാടകയ്ക്കെടുത്ത് കഞ്ചാവു കച്ചവടം നടത്തിവരുന്നതിനിടെയാണ് 16.5 കിലോഗ്രാം കഞ്ചാവുമായി നിധിന് ആന്റണി എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പിടിയിലാകുന്നത്.
ഇയാള്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍നിന്നു കഞ്ചാവ് എത്തിച്ചു നല്‍കിയിരുന്ന ചിറ്റൂര്‍ നിവാസി ആന്റ്ണി റിജോയ് എക്സൈസ് സംഘം എത്തുന്നതിനു തൊട്ടുമുമ്പ് രക്ഷപ്പെട്ടു. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
കാക്കനാട് അത്താണിയിലെ ക്രിസ്റ്റല്‍ റസിഡന്‍സി ഹോട്ടലില്‍ നിന്നാണ് ഫോര്‍ട്ട്കൊച്ചി, തൃക്കാക്കര പോലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസംഘം 1.60 കിലോ കഞ്ചാവ് പിടികൂടിയത്. വില്പനക്കായി എത്തിച്ചതായിരുന്നു ഇത്.
തിരുവനന്തപുരം ആനക്കാവിള സ്വദേശി സിദ്ദു.എസ്. രവീന്ദ്രന്(25), കണ്ണൂര്‍ തലശേരി കുണ്ടുചിറ സ്വദേശി മുഹമ്മദ് സാബിത്ത് (25), കണ്ണൂര്‍, തലശേരി കുണ്ടുചിറ സ്വദേശിയുമായ മുഹമ്മദ് ഷിയാദ് എന്നിവരെയാണ് പിടികൂടിയത്.
ഇതില്‍ മുഹമ്മദ് ഷിയാദ് കഞ്ചാവ് കേസിലെ പിടികിട്ടാപ്പുള്ളിയും ഫോര്‍ട്ട്കൊച്ചി പോലീസ് രജിസ്റ്റര്‍ ചെയ്ത കഞ്ചാവ് കേസിലെ പ്രതിയുമാണ്.
ഇവര്‍ താമസിച്ചിരുന്ന മുറിയില്‍ നിന്നും കഞ്ചാവ് നുറുക്കുന്നതിനുള്ള മെഷീന്, ചെറിയ പ്ലാസ്റ്റിക് കവറുകള്‍ എന്നിവയും കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
പെരുമ്പാവൂരില്‍ അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് പോലീസ് നടത്തിയ റെയ്ഡിലാണ് കഞ്ചാവും നിരോധിത പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തത്.
ജ്യോതി ജംഗ്ഷനിലും ഇവിഎം തിയേറ്ററിനു സമീപവും നടത്തിയ പരിശോധനകളിലാണ് ആസാം ജൂലിയ സ്വദേശി ആസാദുള്‍ ഹഖ് (21), ആസാം മൗനവും സ്വദേശി സാദിഖുല്‍ ഇസ്ലാം(18) എന്നിവരെ അറസ്റ്റ് ചെയ്തു.