ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ ഒരു ഇടവേളയ്ക്ക് ശേഷം കഞ്ചാവ് മാഫിയ വീണ്ടും സജിവമാകുന്നു. ഇതര സംസ്ഥാനത്തു നിന്നും ഇവിടെയെത്തിക്കുന്ന കഞ്ചാവ് ചെറു പൊതികളാക്കിയാണ് ആവശ്യക്കാരിലെത്തിക്കുന്നത്.
വേണ്ടി വന്നാൽ തങ്ങളെ എതിർക്കുന്നവരെ നേരിടാനായി കൈയിൽ മാരാകായുധങ്ങളുമായിട്ടാണ് ഇവർ സഞ്ചരിക്കുന്നത്. ഇന്നലെ അതിരന്പുഴ കോട്ടമുറി ഇന്ദിരാ പ്രിയദർശിനി കോളനിയിലെ ആൾതാമസമില്ലാത്ത വീട്ടിൽനിന്ന്
മൂന്നര കിലോ കഞ്ചാവുമായി പിടിയിലായ മൂവരും ഏറ്റുമാനൂർ കേന്ദ്രീകരിച്ചുള്ള കഞ്ചാവ് സംഘത്തിലെ പ്രധാന കണ്ണികളാണ്. ഇതിൽ ഒരാൾ മുന്പു തന്നെ പല കേസുകളിലും പ്രതിയാണ്.
അതിരന്പുഴ ശ്രീകണ്ഠമംഗലം കറുകച്ചേരിയിൽ അനന്തകൃഷ്ണൻ എന്ന അനന്തു ഷാജി (20), അതിരന്പുഴ കദളിമറ്റം തലയ്ക്കൽ അഭിജിത് (19), അതിരന്പുഴ ശ്രീകണ്ഠമംഗലം നീണ്ടൂർപറന്പിൽ ജിബിൻ ജോസ് (19) എന്നിവരെയാണ് ഇന്നലെ വൈകുന്നേരം 5.30നു ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ആൾതാമസമില്ലാത്ത വീട്ടിൽ കഞ്ചാവ് എത്തിച്ചതിനു ശേഷം ചെറു പൊതികളായി വിൽപനയ്ക്കായി തരം തിരിക്കുന്നതിനിടയിലാണ് ഏറ്റുമാനൂർ പോലീസ് നടത്തിയ പരിശോധനയിൽ മൂവരും പിടിയിലായത്.
തമിഴ്നാട്ടിൽ നിന്നും അതിവിദഗ്ധമായി ഇവിടെ എത്തിച്ച ശേഷം കഞ്ചാവ് ചെറുപൊതികളാക്കി കോവിഡിന്റെ മറവിൽ ആവശ്യക്കാർക്ക് എത്തിക്കുകയാണ് ഇവർ ചെയ്യുന്നത്. അതിവിദഗ്ധമായ പ്ലാനിംഗിലൂടെയാണ് ഇവർ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്.
ആവശ്യക്കാർ പറയുന്നിടത്ത് സാധനമെത്തിച്ചാണ് വിപണനം നടത്തിയിരുന്നത്. സബ് ഇൻസ്പെക്ടർ മനു വി. നായരുടെ നേതൃത്വത്തിൽ എസ് ഐമാരായ വി.വി. ഷാജിമോൻ, ജയരാജ്, ജയകുമാർ, എഎസ്ഐ ബി. മനോജ് കുമാർ,
സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഗോപകുമാർ, പത്മകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ എൻ.ജി. സന്തോഷ്, സാബു മാത്യു, രാകേഷ്, സുനിൽ, ശരത്കൃഷ്ണ, സാബു മാത്യു, ജോബി എന്നിവരടങ്ങിയ വൻസംഘമാണ് വീടു വളഞ്ഞാണ് യുവാക്കളെ പിടികൂടിയത്.