ഗാന്ധിനഗർ: കച്ചവടത്തിനായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവിനെ പോലീസ് പിടികൂടി. ആർപ്പൂക്കര കരിപ്പ പുത്തൻപുരയ്ക്കൽ എബിൻ ജോസഫിനെ (26)യാണ് ജില്ലാ പോലീസ് ചീഫിന്റെ ലഹരി വിരുദ്ധ സ്ക്വാഡും ഗാന്ധിനഗർ പോലീസും ചേർന്നു പിടികൂടിയത്.
ആർപ്പൂക്കര, മണലേപ്പള്ളി, കരിപ്പ ഭാഗങ്ങളിൽ കഞ്ചാവ് വിൽപ്പനയും ഉപയോഗവും വ്യാപകമായി നടക്കുന്നതായി ജില്ലാ പോലീസ് ചീഫ് ജി. ജയകുമാറിനു രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എബിനെക്കുറിച്ച് സൂചന ലഭിച്ചത്.
പോലീസ് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കച്ചവടത്തിനായി സൂക്ഷിച്ച 20 പൊതി കഞ്ചാവാണ് പിടികൂടിയത്.ഇയാൾക്ക് കഞ്ചാവ് എത്തിച്ചുകൊടുത്ത ആളിനെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്.
ഇയാളെ പോലീസ് അന്വേഷിച്ചു വരുന്നു. ജില്ലാ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി വിനോദ് പിള്ളയുടെ നിർദേശപ്രകാരം ഗാന്ധിനഗർ എസ്എച്ച്ഒ കെ.ഷിജി, എസ്ഐ മാരായ പ്രശോഭ് ഷാജി, എ.കെ. അനിൽ, എം.പി.സജി, ജില്ലാ പോലീസ് ചീഫിന്റെ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ പ്രതീഷ് രാജ്, വി.കെ. അനീഷ്, കെ.ആർ.അജയകുമാർ, കെ.ആർ. ഷിബു എന്നിവരാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ദിവസം ചിങ്ങവനത്ത് എട്ടു കിലോ കഞ്ചാവ് ലഹരിവിരുദ്ധ സ്ക്വാഡ് പിടികൂടിയിരുന്നു.