കോട്ടയം: ടൂറിസ്റ്റ് ഹോമിൽ നിന്നും കഞ്ചാവുമായി ഈരാറ്റുപേട്ട പോലീസ് പിടികൂടിയ മൂന്നംഗ സംഘത്തെക്കുറിച്ചു കൂടുതൽ അന്വേഷണം ആരംഭിച്ചു.ഈരാറ്റുപേട്ട നടക്കൽ സ്വദേശികളായ സഹൽ (23), മുഹമ്മദ് ഷെഫിൻ (19), ഷാബിർ (22) എന്നിവരെയാണു ഈരാറ്റുപേട്ട പോലീസ് അറസ്റ്റു ചെയ്തത്.
പ്രതികൾകെതിരേ നിരവധി കഞ്ചാവ് കേസുകൾ കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ നിലവിലുണ്ട്. ഇവരിൽ നിന്നും 100 ഗ്രാം കഞ്ചാവ്, മൂന്നു ഹുഡ്ക്ക, ഒരു വടിവാൾ, മൂന്നു മൊബൈൽ എന്നിവ പിടിച്ചെടുത്തിരുന്നു. ഇവരുടെ മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
ലോക്ക്ഡൗണിൽ കഞ്ചാവ് വില്പന ലക്ഷ്യമിട്ടാണ് സംഘം ടൂറിസ്റ്റ് ഹോമിൽ ഒത്തുചേർന്നത്. ഇതിനു പുറമെ മറ്റു ചില പദ്ധതികളും സംഘം തയാറാക്കിയിരുന്നു. ഇതിനായിരുന്നു വടിവാൾ സൂക്ഷിച്ചിരുന്നത്. കഞ്ചാവ് വലിക്കാൻ താൽപര്യമുള്ളവരെ ഇവർ ടൂറിസ്റ്റ് ഹോമിലേക്ക് എത്തിച്ച് ഇതിനുള്ള സൗകര്യങ്ങൾ ചെയ്തു നല്‍കിയിരുന്നു.
ഹുഡ്ക വലിക്കുന്ന തരത്തിലുള്ള പൈപ്പിൽ കഞ്ചാവ് നിറച്ചുനൽകും. ഇത് ഒരുതവണ ഉപയോഗിക്കുന്നതിന് 100 രൂപ ഫീസ് ഇടാക്കിയിരുന്നത്. ലോക്ക് ഡൗണ്‍ ആരംഭിച്ചതോടെ കഞ്ചാവ് ഉപയോഗിക്കാൻ എത്തുന്നവരുടെ എണ്ണം ഗണ്യമായി കുറയുകയും കച്ചവടം കുറയുകയും ചെയ്തു.
പോലീസിനു വെട്ടിച്ചു എങ്ങനെ കഞ്ചാവ് വിൽപ്പന പുനരാരംഭിക്കാമെന്ന് ആലോചിക്കാനാണ് സംഘം ഒത്തു ചേർന്നത്. ഈരാറ്റുപേട്ട നഗരത്തിൽ വ്യാപകമായി കഞ്ചാവ് കച്ചവടം നടത്തുന്നുവെന്നും ഇത്തരം സംഘങ്ങൾ ഒത്തു ചേരുന്നതായും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് വ്യാപകമായി പരിശോധനകളും ആരംഭിച്ചിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് 12നു ഒരു സംഘം ടൂറിസ്റ്റ് ഹോമിലെത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇരാറ്റുപേട്ട ഇൻസ്പെക്ടർ എസ്.എം. പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥർ ഹോട്ടലിന്റെ പരിസരത്തു നിലയുറപ്പിച്ചു.
നിരീക്ഷണത്തിനുശേഷം മഫ്ടി വേഷത്തിൽ സ്ഥലത്തുണ്ടായിരുന്ന പോലീസ് സംഘം ഹോട്ടലിന്റെ അകത്തു കടന്നു പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആന്ധ്രയിൽനിന്നുമാണു പ്രതികൾ കഞ്ചാവ് വിൽപ്പനയ്ക്കായി എത്തിക്കുന്നത്. ലോക്ക് ഡൗണിനു മുന്‍പു പ്രതികൾ മൂന്നു കിലോ കഞ്ചാവ് ആന്ധ്രയിൽനിന്നു കേരളത്തിൽ എത്തിച്ചു വിൽപ്പന നടത്തിയതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്.
ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ വി.ബി. അനസ്, സുരേഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ജിനു, ജസ്റ്റിൽ, സിവിൽ പോലീസ് ഓഫീസർ കിരണ്‍ എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.