സ്വന്തംലേഖകന്‍
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ 20 കിലോ കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍. തൃശൂര്‍ സ്വദേശിയും ബ്യൂട്ടിപാര്‍ലര്‍ നടത്തിപ്പുകാരുയുമായ ലീന(43), പാലക്കാട് പട്ടാമ്പി സ്വദേശി സനല്‍ (35) എന്നിവരാണ് പിടിയിലായത്.
ഇന്ന് പുലര്‍ച്ചെ ജില്ലാ നാര്‍ക്കോട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സും (ഡെന്‍സാഫ്) കുന്ദമംഗലം പോലീസും ചേര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഗ്രാന്‍ഡ് ഐ 10 കാറും പോലീസ് പിടികൂടി.വയനാട്ടിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.
രണ്ടു ദിവസമായി ഇവര്‍ കോഴിക്കോട് നഗരത്തിലുണ്ടായിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്ന് കുന്നമംഗലം സിഐ യൂസഫ് നടുത്തറേമ്മലും എസ്ഐ എ.അഷ്റഫും ഡെന്‍സാഫ് അംഗങ്ങളും ഇരുവരേയും കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു.
തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ വാഹന പരിശോധനയും ശക്തമാക്കിയിരുന്നു.അതിനിടെയാണ് ഇന്ന് രാവിലെ കാറുമായി പുറത്തിറങ്ങിയ ഇവരെ പിടികൂടിയത്.
ബ്യൂട്ടിപാര്‍ലര്‍ നടത്തിപ്പുകാരിയായ ലീനയും ബേക്കറി ജീവനക്കാരനായ സനലും വര്‍ഷങ്ങളായി കഞ്ചാവ് വില്പന നടത്തിവരികയാണെന്നാണ് പോലീസ് പറയുന്നത്.
വന്‍തുക വരുമാനമായി ലഭിക്കാന്‍ തുടങ്ങിയതോടെ ഇവര്‍ വിവിധ ജില്ലകളില്‍ മൊത്ത വിതരണത്തിനിറങ്ങുകയായിരുന്നു. അതിനിടെയാണ് ഇവര്‍ പിടിയിലാവുന്നത്.
ഡെന്‍സാഫ് അംഗങ്ങളായ ഡെന്‍സാഫ് അംഗങ്ങളായ എഎസ്ഐമാരായ മുഹമ്മദ് ഷാഫി, എം.സജി, എസ് സിപിഒ അഖിലേഷ്, ജോമോന്, സിപിഒ എം.ജിനേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
ഇക്കഴിഞ്ഞാഴ്ചയാണ് കോഴിക്കോട്ടെ ലോഡ്ജില്‍ നിന്ന് മയക്കുമരുന്നുമായി ഒരു യുവതിയുള്‍പ്പെടെ എട്ടുപേരെ പോലീസ് പിടികൂടിയത് . കഴിഞ്ഞ ദിവസം മൂന്നരകിലോ കഞ്ചാവുമായി വില്ല്യാപ്പള്ളി സ്വദേശിയെ പന്നിയങ്കര പോലീസ് പിടികൂടിയിരുന്നു.