കോട്ടയം: കഞ്ചാവുമായി പിടിയിലായ യുവാവിന്റെ സംഘത്തിൽപ്പെട്ടവർക്കായി എക്സൈസ് അധികൃതർ അന്വേഷണം ആരംഭിച്ചു. തുരുത്തി കാഞ്ഞിരത്തിങ്കൽ സാജു ജോജോ (25)യെയാണ് ഇന്നലെ കഞ്ചാവ് പൊതിയുമായി എക്സൈസ് അധികൃതർ പിടികൂടിയത്.
സാജുവിനൊപ്പമുള്ള ചിലർ ഗുണ്ടാ സംഘത്തിൽ ഉൾപ്പെട്ടവരുമാണ്. കഞ്ചാവ് എത്തിക്കുന്നതിലും വില്പന നടത്തുന്നതിലും ഇവർക്കും പങ്കുണ്ട്. അതിനാലാണ് എക്സൈസ് സംഘം മറ്റുള്ളവരെ പിടികൂടുന്നതിനു വല വിരിച്ചിരിക്കുന്നത്.
തുരുത്തിയും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ചു വൻ തോതിൽ കഞ്ചാവ് വിൽപ്പനയും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്നതായി എക്സൈസിനു രഹസ്യ വിവരം ലഭിച്ചിരുന്നു.
രാത്രികാലങ്ങളിൽ ഇവിടുത്തെ ആളൊഴിഞ്ഞ പ്രദേശങ്ങൾ കേന്ദ്രീകരിച്ചു പരസ്യമദ്യപാനവും നടന്നിരുന്നതായും പ്രദേശവാസികൾ എക്സൈസിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് അധികൃതർ മഫ്തിയിൽ എത്തി പരിശോധനകൾ ആരംഭിച്ചത്.
സാജു ഉൾപ്പെട്ടിരുന്ന ഗുണ്ടാ സംഘങ്ങൾ വാടകയ്ക്കു വീടെടുത്താണ് കഞ്ചാവ് എത്തിച്ചിരുന്നതും മറ്റുള്ള ചെറുകിട സംഘങ്ങൾക്കു നല്കിയിരുന്നതും. തമിഴ്നാട്ടിൽ നിന്നും പലപ്പോഴായി കിലോക്കണക്കിനു കഞ്ചാവ് സാജുവിന്റെ നേതൃത്വത്തിലുള്ള സംഘം തുരുത്തിയിലും സമീപ പ്രദേശങ്ങളിലും എത്തി വില്പന നടത്തിയിട്ടുണ്ടെന്നും എക്സൈസിനു സൂചന ലഭിച്ചു.
ഇയാളുടെ മൊബൈൽ ഫോണ് ഉൾപ്പെടെ എക്സൈസ് അധികൃതർ പരിശോധിച്ചു വരികയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് സാജുവിനൊപ്പം കഞ്ചാവ് കടത്തലിൽ പങ്കാളികളായവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിരിക്കുന്നത്.
സൈബർ സെല്ലിന്റെ സഹായത്തോടെ ഇവരെയും കണ്ടെത്താൻ എക്സൈസ് അധികൃതർ തീരുമാനിച്ചിട്ടുണ്ട്. എക്സൈസ് സ്ക്വാഡ് സിഐ ആർ. രാജേഷ്, ചങ്ങനാശേരി എക്സൈസ് ഇൻസ്പെക്്ടർ അൽഫോൻസ് ജേക്കബ്, എക്സൈസ് കമ്മീഷണറുടെ സ്ക്വാഡ് അംഗം ഫിലിപ്പ് തോമസ്, പ്രിവന്റീവ് ഓഫീസർ പി. മണിക്കൂട്ടൻ പിള്ള, സിവിൽ എക്സൈസ് ഓഫീസർ രാജേഷ് പ്രേം, പ്രവീണ് ശിവാനന്ദ് എന്നിവർ ചേർന്നാണ് റെയ്ഡ് നടത്തിയത്.