സ്വന്തം ലേഖകൻ
തൃശൂർ: കഞ്ചാവ് പിടികൂടിയ സംഭവത്തിൽ കടുത്ത ശിക്ഷ വിധിച്ച തൃശൂർ കോടതിയുടെ ശക്തമായ ഇടപെടൽ സംസ്ഥാനത്തെ കഞ്ചാവ് മാഫിയക്ക് ഞെട്ടൽ. അറുപത്തിയെട്ടര കിലോ കഞ്ചാവ് പിടികൂടിയ കേസിൽ പ്രതികൾക്ക് 15 വർഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.
ഒന്ന്, മൂന്ന് പ്രതികൾക്കു 15 വർഷം തടവും രണ്ട്, നാല് പ്രതികൾക്കു പതിനാലു വർഷവുമാണ് തടവുശിക്ഷ. ഒന്നാം പ്രതി കൊല്ലം പ്ലാപ്പള്ളിയിൽ മുട്ടക്കാട്ടിൽ ഗ്യാസ് രാജേന്ദ്രൻ എന്ന രാജേന്ദ്രൻ (57), മൂന്നാം പ്രതി ഇടുക്കി മുനിയറ കല്ലേപുളിക്കൽ പവിത്രൻ (52) എന്നിവർക്കു 15 വർഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
രണ്ടാം പ്രതി ഇടുക്കി രാജാക്കാട് കാഞ്ഞിരത്തിങ്കൽ അനിൽ (47) നാലാം പ്രതിയായ ഇടുക്കി വാത്തിക്കുടിയിൽ കോണിപ്പാട്ട് ഷിജു (44) എന്നിവർക്കു 14 വർഷം തടവും ഒരു ലക്ഷം രൂപ പിഴും ശിക്ഷ വിധിച്ചു.
പിടികൂടിയ കഞ്ചാവിന്റെ വലിയ തോതിലുള്ള അളവാണ് പ്രതികൾക്ക് ഇത്രയും കടുത്ത ശിക്ഷ നൽകാൻ കോടതിയെ പ്രേരിപ്പിച്ചതെന്നും അറുപത്തിയെട്ടര കിലോ കഞ്ചാവ് വാണിജ്യ ഉപയോഗത്തിനാണെന്ന്
കോടതിയെ ബോധ്യപ്പെടുത്താൻ സാധിച്ചതും കഞ്ചാവ് കടത്താൻ വേണ്ടി ഉപയോഗിച്ച വാഹനങ്ങൾ പ്രതികളുടേതാണെന്നും തെളിയിക്കാനായതും പ്രോസിക്യൂഷന് നേട്ടമായെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കെ.ബി.സുനിൽകുമാർ പറഞ്ഞു.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.ബി. സുനിൽകുമാർ, അഭിഭാഷകരായ പി.കെ. മുജീബ്, പി.ആർ. ശിവ, ശ്രീപ്രിയ രമേഷ് എന്നിവരാണ് ഹാജരായത്.
2017 മേയ് മാസത്തിലാണു വലപ്പാട് കോതകുളം ബീച്ചിൽ നിന്ന് വാഹനത്തിൽ വില്പനയ്ക്കെത്തിച്ച 68.52 കിലോ കഞ്ചാവാണു വലപ്പാട് പോലീസ് പിടികൂടിയത്.
കഞ്ചാവ് കടത്തുന്ന സംസ്ഥാനത്തെ മാഫിയക്ക് കോടതി വിധി വലിയൊരു താക്കീതാണെന്നും അതുകൊണ്ടു തന്നെ ഈ വിധി ഏറെ പ്രധാനപ്പെട്ടതാണെന്നും നിയമവിദഗ്ധർ പറയുന്നു.
പോലീസും പ്രോസിക്യൂഷനും ശക്തമായി മുന്നോട്ടുപോയതാണ് പ്രതികൾക്ക് ഇത്രയും കടുത്ത ശിക്ഷ തന്നെ വാങ്ങിക്കൊടുക്കാൻ ഇടയാക്കിയതെന്നും പ്രോസിക്യൂട്ടർ പറഞ്ഞു.
ജില്ലാ കോടതിയിലും മറ്റും നിരവധി തവണ പ്ര തികൾ ജാമ്യാപേക്ഷ നൽകിയെങ്കിലും നേടാനായില്ല. പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെയാണ് അതിവേഗം വിചാരണ നടന്നതും ശിക്ഷ വിധിച്ചതും.