കോട്ടയം: ലോക്ക്ഡൗണ്‍ കാലത്ത് ലഹരിക്കടത്തു വർധിച്ചതായി പോലീസ്. കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ വൻതോതിലാണു സംസ്ഥാനത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. കഞ്ചാവിന് ആവശ്യക്കാർ കൂടിയതായാണ് റിപ്പോർട്ട്.
ലോക്ക് ഡൗണ്‍ ആരംഭിക്കുകയും കോവിഡ് പ്രതിസന്ധി രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തിൽ പരിശോധനകൾ ചുരുങ്ങിയപ്പോൾ തന്നെ കഞ്ചാവ് ഉൾപ്പെടെയുള്ളവയുടെ ലഹരിക്കടത്ത് വ്യാപകമാകുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് ഉണ്ടായിരുന്നു.
കഴിഞ്ഞ ഏതാനും നാളുകൾക്കിടയിൽ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽനിന്നും വൻതോതിൽ കഞ്ചാവ് പോലീസും എക്സൈസും ചേർന്നു പിടികൂടിയിരുന്നു. ആന്ധ്രയിൽനിന്നും ലോറിയിൽ എത്തിച്ച 60 കിലോഗ്രാം കഞ്ചാവും ഇന്നലെ കുറുപ്പന്തറയിൽ പിടിച്ചെടുത്തിരുന്നു.
ഒരു മാസം മുന്‍പ് ഏറ്റുമാനൂരിൽനിന്നും എക്സൈസ് അധികൃതർ ചേർന്നു 65 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തിരുന്നു. ആന്ധ്രാപ്രദേശ്, ഒഡീഷ തുടങ്ങിയ സ്ഥലങ്ങളിൽനിന്നും ചരക്ക് ലോറികളിലാണു പ്രധാനമായും കഞ്ചാവ് ഉൾപ്പെടെയുള്ളവ കടത്തിക്കൊണ്ടു വരുന്നത്.
വളരെ കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ പോലീസും എക്സൈസ് അധികൃതരും ഇപ്പോൾ ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പരിശോധിക്കുന്നുള്ളൂ. കോവിഡ് ഭീതിയുള്ളതിനാൽ സംശയമുള്ള ലോറികളോ മറ്റുവാഹനങ്ങളോ കൃത്യമായി പരിശോധിക്കാൻ പോലീസിനു ബുദ്ധിമുട്ടുണ്ട്.
മാസ്കും ഗ്ലൗസും മാത്രമാണു കോവിഡ് പ്രതിരോധനത്തിന്റെ ഭാഗമായി പോലീസിനു ലഭിച്ചിട്ടുള്ളത്. എൽഎസ്ഡി സ്റ്റാംപ് അടക്കമുള്ള ലഹരിമരുന്നുകൾ ബാഗുകളിലും പഴ്സുകളിലുമുൾപ്പെടെ സൂക്ഷിച്ചാണു പലരും കടത്തുന്നത്.
ഇവയൊക്ക കണ്ടെത്തണമെങ്കിൽ ദേഹ പരിശോധന ഉൾപ്പെടെ ആവശ്യമാണ്. നിലവിലത്തെ സാഹചര്യത്തിൽ ഇതൊന്നും സാധിക്കില്ല. കോവിഡ് സുരക്ഷാ സംവിധാനങ്ങൾ പോലീസിനു നല്കി പരിശോധനകൾ കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.