കൊച്ചി: 30 കിലോ കഞ്ചാവുമായി പോലീസ് പിടിയിലായ യുവാക്കള്‍ക്കെതിരേ നിലവിലുള്ളതു നിരവധി കേസുകള്‍. പ്രതികള്‍ മുമ്പും പലപ്രാവശ്യം കഞ്ചാവുമായി പിടിയിലായിട്ടുണ്ടെന്നു പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
തൃശൂര്‍ ചങ്ങാലൂര്‍ സ്വദേശി അഭിലാഷ് (29), തൃശൂര്‍ ആനന്ദപുരം സ്വദേശി ഷിജു (43), തൃശൂര്‍ വല്ലൂര്‍ സ്വദേശി സിജോ (23) എന്നിവരെയാണു കണ്ടെയ്നര്‍ റോഡില്‍ കളമശേരി ഡക്കാത്തലോണിനു സമീപത്തുനിന്നും കൊച്ചി സിറ്റി ഡിസ്ട്രിക്ട് ആന്റി നാര്‍ക്കോട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സും കളമശേരി പോലീസും ചേര്‍ന്ന് പിടികൂടിയത്.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജുവിന്റെ നിര്‍ദേശാനുസരണം നര്‍ക്കോട്ടിക് സെല്‍ അസി. കമ്മീഷണര്‍ കെ.എ. അബ്ദുള്‍ സലാമിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണു വന്‍തോതില്‍ കഞ്ചാവ് പിടിച്ചത്.
കാറിന്റെ ഡിക്കിയില്‍ രണ്ടു കിലോവീതമുള്ള 15 പാക്കറ്റുകളിലായിട്ടായിരുന്നു 30 കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പ്രതികളില്‍ അഭിലാഷ്, ഷിജു എന്നിവര്‍ക്കെതിരേ 170 കിലോ കഞ്ചാവ് കടത്തിയതിനു തൃശൂരില്‍ കേസ് നിലവിലുണ്ട്.
പ്രതിയായ സിജോയ്ക്കെതിരേ 27 കിലോ കഞ്ചാവ് കടത്തിയ സംഭവത്തില്‍ തൃശൂര്‍ മാള പോലീസ് സ്റ്റേഷനിലും നാലു കിലോ കഞ്ചാവ് കടത്തിയതിന് തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനിലും 1.25 കിലോ കടത്തിയതിന് നെടുപുഴ സ്റ്റേഷനിലും കേസ് നിലവിലുണ്ട്. ഷിജു ആളൂര്‍ പോലീസ് സ്റ്റേഷനിലെ അടിപിടി കേസിലും പ്രതിയാണ്.
കളമശേരി, എലൂര്‍ ഭാഗങ്ങളിലുള്ള ചെറുകിട വില്പനക്കാര്ക്കു നല്‍കുന്നതിനായാണു കഞ്ചാവ് എത്തിച്ചതെന്നു പ്രതികള്‍ പറഞ്ഞു. വളാഞ്ചേരി സ്വദേശിയില്നിന്നാണു കഞ്ചാവ് വാങ്ങിയതെന്ന് ചോദ്യംചെയ്യലില്‍ പ്രതികള്‍ വെളിപ്പെടുത്തി. ഇയാള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.