സ്വന്തം ലേഖകൻ
തൃശൂർ: കോവിഡ് കാലത്തു സാന്പത്തിക ബുദ്ധിമുട്ടിൽപ്പെട്ടവരെ ലക്ഷ്യമിട്ടു മയക്കുമരുന്നു മാഫിയ പ്രവർത്തനം ശക്തമാക്കിയതായി സൂചന. ലോക്ക്ഡൗണിൽ വരുമാനം കുറഞ്ഞും നിലച്ചും ദുരിതത്തിലായവരെ പ്രലോഭിപ്പിച്ചു മയക്കുമരുന്നു കടത്തിനും വിതരണത്തിനും ഉപയോഗിക്കുകയാണ് ലഹരി മാഫിയ.
നിരവധി ചെറുപ്പക്കാർ ഇങ്ങനെ മയക്കുമരുന്നു മാഫിയയുടെ വലയിൽ അകപ്പെട്ടെന്നാണ് ലഭിക്കുന്ന വിവരം. ഒരിക്കൽപ്പെട്ടു കഴിഞ്ഞാൽ രക്ഷപ്പെടാൻ പറ്റാത്ത കുരുക്കാനാണ് ലഹരിമാഫിയയുടേത്.
കഴിഞ്ഞ ദിവസങ്ങളിൽ മയക്കുമരുന്നുകളുമായി പിടിയിലായവരെ ചോദ്യം ചെയ്തതിൽനിന്നാണ് അധികൃതർക്ക് ഈ വിവരം ലഭിച്ചത്. ഇതിനെതിരേ ശക്തമായ നടപടിയെടുത്തില്ലെങ്കിൽ വളരെ അപകടകരമായ സാഹചര്യങ്ങളിലേക്കു പോകുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
അസ്വസ്ഥരായ യുവാക്കളെ കണ്ടെത്തി നെറ്റ് വർക്കിലേക്കു കൊണ്ടുവരാൻ കേരളത്തിലെന്പാടും ഒരു സംഘംതന്നെ പ്രവർത്തിക്കുന്നുണ്ട്. രം കാരിയർമാർക്കു നൽകുന്നതയത്ര പ്രതിഫലം പുതുതായി എത്തുന്നവർക്കു നൽകേണ്ടതില്ലെന്നതും മയക്കുമരുന്ന് റാക്കറ്റുകൾക്കു ലാഭകരമാണ്.
കോവിഡ്കാല കഷ്ടതകളിൽനിന്നു കരകയറാൻ യുവതലമുറയ്ക്കായി പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കി അവർക്കുസുരക്ഷിതബോധം നൽകണം.
ചിക്ക് കൂടെയുണ്ടെങ്കിൽ?
ലിവിംഗ് ടുഗെദർ പാർട്ടികളിലേക്ക് അതിമാരക മയക്കുമരുന്ന് എത്തിക്കുന്ന കാസർഗോഡ് സ്വദേശിയെ പിടികൂടി ചോദ്യം ചെയ്യുന്നതിനിടെയാണ് അയാൾ പറഞ്ഞത് – ചിക്ക് കൂടെയുണ്ടെങ്കിൽ എല്ലാം സേയ്ഫ് എന്നാണ്. എന്താണ് ചിക്ക് എന്നു ചോദിച്ചപ്പോഴാണ് പെണ്‍കുട്ടികളെ പറയുന്ന പുതിയ കോഡാണ് ചിക്കെന്നു മനസിലായത്.
കാരിയർമാർക്ക് ബുദ്ധിമുട്ടുകളില്ലാതെ ചെക്കിംഗുകളിൽനിന്നു മറ്റും തലയൂരുന്നതിനു ബൈക്കിനു പിന്നിൽ ഒരു ചിക്ക് ഉണ്ടെങ്കിൽ കാര്യം എളുപ്പമാണെന്നു മയക്കുമരുന്നു കേസിൽ പിടിയിലായ പുതിയ കാരിയർമാർ പറയുന്നു.
പെണ്‍കുട്ടിയുമായി ബൈക്കിൽ വരുന്നവരെ പെട്ടെന്നു സംശയിക്കില്ലെന്നും പല വാഹനപരിശോധനകളിലും ഇത്തരത്തിൽ നൈസായി ഉൗരിപ്പോരാൻ കഴിയാറുണ്ടെന്നും പലപ്പോഴും ചിക്കിന്റെ ബാഗിലോ മറ്റും ഐറ്റം ഒളിപ്പിച്ചിരിക്കുമെന്നും ഇവർ പറയുന്നു.
പെണ്‍കുട്ടികൾക്കു കെണി
മയക്കുമരുന്ന് റാക്കറ്റുകളുടെ കൈയിൽ പെണ്‍കുട്ടികൾ എങ്ങനെ പെട്ടുപോകുന്നുവെന്ന അന്വേഷണം ചെന്നെത്തിയതും സാന്പത്തിക പ്രതിസന്ധികളുടെ മുന്നിലാണ്.
കാസർഗോഡുനിന്നും വയനാടുനിന്നുമെല്ലാം എറണാകുളത്തും തിരുവനന്തപുരത്തും കോഴിക്കോടും ചെറിയ ജോലികൾക്കായി വരുന്ന പെണ്‍കുട്ടികൾക്കു കോവിഡ് കാലത്തു വരുമാനം കുത്തനെ കുറഞ്ഞു.
കിട്ടുന്ന പൈസ ഹോസ്റ്റൽ ഫീസ് അടയ്ക്കാൻ പോലും തികയാത്ത അവസ്ഥ. ഇത്തരം പെണ്‍കുട്ടികളെ സ്ഥിരമായി നിരീക്ഷിക്കുന്ന സംഘത്തിന്റെ വലയിൽ ഈ കുട്ടികളെ വീഴ്ത്താൻ നിയോഗിക്കുന്ന യുവാക്കൾ പണം നൽകി സൗഹൃദം നടിച്ച് ഇവരെ വലയിലാക്കുകയാണ്.
ചിക്കിനോട് ഒരു യാത്ര പോയി വരാമെന്നു പറയും, ഒന്നും വേണ്ട ബൈക്കിനു പിന്നിലിരുന്നാൽ മതി, ഒരു റൈഡ്, അതിർത്തിയിലെ ചെക്പോസ്റ്റ് വരെ പോയി മടങ്ങി വരും, സുരക്ഷിതമായി തിരിച്ചെത്തിയാൽ ഒരു ചെറിയ എമൗണ്ട് കൊടുക്കും.
പിന്നെ വയറുനിറയെ ഫുഡും. അത്രയേ വേണ്ടൂ ഐറ്റം തമിഴ്നാട്ടിൽനിന്ന് കേരളത്തിലെത്തിയിരിക്കും – ഇതാണ് പെണ്‍കുട്ടികളെയും കൊണ്ടുള്ള റൈഡിന്റെ കഥയെന്നു മയക്കുമരുന്നു കാരിയർമാർ വെളിപ്പെടുത്തുന്നു.
നിശാ പാർട്ടികൾ
തൃശൂരിൽ എംഡിഎംഎ എന്ന അതിമാരക മയക്കുമരുന്നും കഞ്ചാവും പിടികൂടിയ സംഭവവും മയക്കുമരുന്ന് എത്തുന്നത് ലിവിംഗ് ടുഗെദർ നിശാപാർട്ടികളിലേക്കാണെന്ന കാര്യവും വിശദമായി അന്വേഷിക്കാൻ എക്സൈസ് കമ്മീഷണർ നിർദേശം നൽകിയിട്ടുണ്ട്. എക്സൈസ് വകുപ്പ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.