വൈപ്പിൻ: പോലീസിന്റെ സാന്നിധ്യം ഇല്ലാത്തതിനാൽ മുരിക്കുംപാടത്ത് വീണ്ടും സാമൂഹ്യ വിരുദ്ധർ അഴിഞ്ഞാടുന്നതായി റെസിഡൻസ് അസോസിയേഷനുകൾ പരാതിപ്പെട്ടു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി, കഞ്ചാവ് മാഫിയാ സംഘം മുരിക്കുംപാടം പ്രദേശത്ത് നിരന്തരം ആക്രമണം അഴിച്ചുവിട്ട് ജനങ്ങൾക്കിടയിൽ ഭീതി സൃഷ്ടിക്കുകയാണെന്ന് അസോസിയേഷനുകൾ കുറ്റപ്പെടുത്തി.
മുരിക്കുംപാടം വെസ്റ്റ് റോഡിൽ കൂടി സഞ്ചരിക്കുന്ന സ്ത്രീകളും കുട്ടികളും ഭീതിയോടെയാണ് ഇതുവഴി കടന്ന് പോകുന്നത്. കഞ്ചാവ്, വ്യാജമദ്യ വിൽപ്പന കണ്ണികളിൽ പെട്ടവർ കഴിഞ്ഞ ദിവസം പെട്രോൾ പന്പിൽ വച്ച് പുതുവൈപ്പ് സ്വദേശിയായ ഒരു യുവാവിനെ യാതൊരു പ്രകോപനവും ഇല്ലാതെ ക്രൂരമായി മർദ്ദിച്ചിരുന്നു.
ഇത് ചോദ്യം ചെയ്ത നാട്ടുകാരെ ക്രിമിനൽ സംഘം വടിവാൾ ഉപയോഗിച്ച് ആക്രമിക്കുവാൻ ശ്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തുവത്രേ. പോലീസാകട്ടെ ഈ ഭാഗത്ത് പട്രോളിംഗ് കാര്യമായി നടത്തുന്നില്ലെന്നാണ് സ്ഥലവാസികളുടെ പരാതി.
ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പ് മന്ത്രിക്കും പരാതി നൽകുമെന്നും റെസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.