പുതുക്കാട്: പാലിയേക്കരയിൽ വാഹന പരിശോധനക്കിടെ പച്ചക്കറി ലോറിയിലെ രഹസ്യ അറയിൽ നിന്നു പിടികൂടിയതു കോടികൾ വിലയുള്ള കഞ്ചാവ്.
ലോറിയുടെ പ്ലാറ്റ്ഫോമിൽ നിന്ന് ഒരടി ഉയരത്തിൽ ചക്രങ്ങൾ ഘടിപ്പിച്ചു മാറ്റാവുന്ന തരത്തിലുള്ള ഇരുന്പു തട്ടിനടിയിലെ രഹസ്യ അറയിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.
150 കിലോയോളം കഞ്ചാവ് പാക്കറ്റുകളാണു രഹസ്യ അറയിൽ കണ്ടെത്തിയത്. കാബിൻ തുറന്നാൽ പോലും തിരിച്ചറിയാൻ കഴിയാത്ത തരത്തിലാണ് അറയുടെ നിർമാണം.
ഇത്തരത്തിൽ സജ്ജമാക്കിയ ലോറിയിൽ മുന്‍പും കഞ്ചാവു കടത്തിയിട്ടുണ്ടാകാമെന്ന നിഗമനത്തിലാണു പോലീസ്.രഹസ്യ അറയ്ക്കു മുകളിൽ ഒഴിഞ്ഞ പ്ലാസ്റ്റിക് പെട്ടികൾ അടക്കിവച്ചാണ് ആന്ധ്രയിൽ നിന്നും കഞ്ചാവു കടത്തിയത്.
കേരള രജിസ്ട്രേഷനിലുള്ള വാഹനങ്ങളിൽ ഇത്തരം രഹസ്യ അറ നിർമിക്കുന്നവരെ കുറിച്ച് അന്വേഷിക്കേണ്ടതുണ്ട്.രണ്ടുകോടി രൂപയോളം ചില്ലറ വിപണിയുള്ള കഞ്ചാവാണു പാലിയേക്കരയിൽ പിടികൂടിയത്.
ഗ്രീൻ കഞ്ചാവെന്നറിയപ്പെടുന്ന ഇതിനു ഗ്രാമിന് 500 രൂപയിലേറെയാണു ചില്ലറ വില. കഞ്ചാവ് കടത്തിയ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ലോക്ഡൗണ്‍ സാഹചര്യം മുതലെടുത്താണു യുവാക്കൾ അന്യസംസ്ഥാനങ്ങളിൽ നിന്നു കഞ്ചാവു കടത്തുന്നതെന്നു പോലീസ് പറയുന്നു.