പത്തനാപുരം: സ്കൂളുകൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് ഗുളികകൾ വിൽപ്പന നടത്തിവന്ന യുവാവിനെ പോലീസ് പിടികൂടി.വകയാർ മുതുവേലിങ്കൽ പുതുവേലിൽ വീട്ടിൽ ശ്രീക്കുട്ടൻ(23) ആണ് പത്തനാപുരം പോലീസിന്റെ പിടിയിലായത്.ഗുളികകൾ ചെറിയ പൊതികളിലാക്കി ആവശ്യക്കാരായ വിദ്യാർത്ഥികൾക്ക് കച്ചവടം നടത്തിവരികയായിരുന്നു.പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുന്നല ഗവ.ഹയർസെക്കണ്ടറി സ്കൂളിന് സമീപത്ത് നിന്നുമാണ് പ്രതിയെ പിടികൂടിയത്.
കഞ്ചാവ്, മയക്കുമരുന്ന് സംഘങ്ങളിലെ മുഖ്യകണ്ണിയാണ് ശ്രീക്കുട്ടനെന്ന് പോലീസ് പറഞ്ഞു. പത്തനാപുരം മേഖലയിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ ഇയാളുടെ ഇടപാടുകാരാണന്നാണ് സൂചന. പ്രായപൂർത്തിയാകാത്ത കുട്ടികളും ഇതിൽ ഉൾപ്പെടുന്നുണ്ട്.
പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം വിദ്യാലയ പരിസരങ്ങൾ കേന്ദ്രീകരിച്ച് പരിശോധന കർശനമാക്കാനാണ് പോലീസിന്റെ തീരുമാനം. പ്രതിയുടെ കൈയ്യിൽ നിന്നും മയക്കു മരുന്ന് വിഭാഗത്തിൽപ്പെട്ട ഗുളികകൾ കണ്ടെടുത്തിട്ടുണ്ട്.