ജോൺസൺ പൂവന്തുരുത്ത്
സങ്കടം കൂടുകെട്ടിയ മുഖവുമായിട്ടാണ് ആ ദന്പതികൾ കൗണ്‍സലിംഗ് സെന്ററിന്റെ പടിയിറങ്ങിപ്പോയത്. നിറഞ്ഞുവന്ന കണ്ണുകൾ മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ ആ സ്ത്രീ പണിപ്പെട്ടു തുടയ്ക്കുന്നതും കാണാമായിരുന്നു. കൈവിട്ടുപോയ മകൻ നീരജിനെ (യഥാർഥ പേരല്ല) തിരിച്ചുപിടിക്കാനുള്ള പരക്കംപാച്ചിലിന്റെ ഭാഗമായിട്ടാണ് അവർ ഈ കൗണ്‍സലിംഗ് സെന്ററിലും എത്തിയത്.
അവന്റെ ഇഷ്ടപ്രകാരം തന്നെയാണ് പ്രമുഖ കോളജിൽ കാറ്ററിംഗ് കോഴ്സിനു ചേർത്തത്. പക്ഷേ, ഒരു വർഷം തികയുന്നതിനു മുന്‍പേ കോളജിൽ വലിയ പ്രശ്നമായി. അടിപിടിയിലും മറ്റും നീരജ് ഉൾപ്പെട്ടെന്നു കോളജിൽനിന്നറിയിച്ചു. അതു കേട്ടപ്പോൾ അവിശ്വസനീയമായിട്ടാണ് തോന്നിയത്. കാരണം, നീരജിനെ അറിയുന്ന ആരും അവൻ ഇങ്ങനെയൊക്കെ പെരുമാറുമെന്നു വിശ്വസിക്കില്ല.
അപ്രതീക്ഷിതം
തുടർന്നു കോളജിനു പുറത്തെ താമസസ്ഥലത്തു ചെന്നു മകനെ കണ്ടപ്പോൾത്തന്നെ എന്തോ പന്തികേടു തോന്നിയിരുന്നു. എങ്കിലും കൗമാരചാപല്യമാണെന്നു കരുതി വിട്ടുകളഞ്ഞു. ഇനിയും പ്രശ്നമൊന്നും ഉണ്ടാക്കില്ലെന്ന് എഴുതി നൽകി വീണ്ടും പഠനം തുടർന്നു. എന്നാൽ, കഷ്ടിച്ചു രണ്ടു മാസം പിന്നിട്ട ഒരു ദിവസം കെട്ടും കിടക്കയുമൊക്കെയായി അവൻ തിരികെ എത്തി. അവിടെ പഠിക്കാൻ ഇഷ്ടമില്ലെന്നും ഇനി പോകുന്നില്ലെന്നും കൂസലെന്യെ പറഞ്ഞു. മാതാപിതാക്കൾ വേവലാതിയോടെ കോളജിൽ വിളിച്ചപ്പോഴാണ് അറിഞ്ഞത്, നീരജും കൂട്ടുകാരും വീണ്ടും എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടാണ് തിരികെ പോന്നതെന്ന്.
ഉറക്കമില്ലാതെ
അവൻ ആകെ മാറിപ്പോയിരുന്നു. കൂടുതൽ സമയവും സ്വന്തം മുറിയിൽത്തന്നെ. പഠനം മുടങ്ങിയതിലുള്ള വിഷമമായിരിക്കാമെന്നാണ് വീട്ടുകാർ കരുതിയത്. അതിനിടയിൽ അവർ ഒരു കാര്യം മനസിലാക്കി, രാത്രി ഏറെ വൈകിയാണ് നീരജിന്റെ ഉറക്കം, മിക്കവാറും പുലർച്ചെ വരെ അവന്റെ മുറിയിൽ വെളിച്ചം കാണാം. ഒരു ദിവസം അവൻ പുറത്തേക്കു പോയ സമയം അമ്മ അവന്റെ മുറി വൃത്തിയാക്കാനായി ചെന്നു. അവൻ പുകവലിക്കാറുണ്ടായിരുന്നോയെന്ന് അവർക്കു സംശയം തോന്നി.
ലാപ്ടോപ് ബാഗ് എടുത്തു മാറ്റുന്നതിനിടെയാണ് ചെറിയൊരു പൊതി താഴേക്കു വീണത്. അവർ അതെടുത്തുതുറന്നു… സംശയം തോന്നി ഭർത്താവിനെ വിളിച്ചു കാണിച്ചു… ഇരുവരും ഞെട്ടിത്തരിച്ചുനിന്നു… കഞ്ചാവ്! ഏകമകൻ കഞ്ചാവ് ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നുവെന്ന സത്യം ആധിയോടെ അവർ തിരിച്ചറിഞ്ഞു. ഇരുവരും ഏറെ നേരമിരുന്നു കരഞ്ഞു. വഴക്കുപറയണോ? അവനോട് ഇതിനെക്കുറിച്ചു ചോദിക്കണോ? എന്തായിരിക്കും അവന്റെ പ്രതികരണം ?.. ആകെ ആശയക്കുഴപ്പത്തിലായ അവർ അവസാനം തത്കാലം അറിഞ്ഞതായി ഭാവിക്കേണ്ട എന്ന തീരുമാനമെടുത്തു.
പരക്കംപാച്ചിൽ
അവനെ ഇതിൽനിന്നു രക്ഷപ്പെടുത്താനുള്ള വഴി തേടിയാണ് കുറെ ദിവസങ്ങളായി അവരുടെ ഓട്ടം. അങ്ങനെയാണ് അവർ മധ്യകേരളത്തിലുള്ള കൗണ്‍സലിംഗ് സെന്ററിലും എത്തിയത്. ആ കുടുംബത്തിന്റെ ദുരന്തകഥ കേട്ടുകഴിഞ്ഞപ്പോൾ കൗണ്‍സലറോടു ചോദിച്ചു: നീരജിനെ സാധാരണ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാൻ കഴിയുമോ? മറുപടി ഇങ്ങനെയായിരുന്നു: തിരിച്ചുകൊണ്ടുവരാൻ പറ്റും, പക്ഷേ, അതത്ര എളുപ്പമല്ല.
ഒരു കൗതുകത്തിനും കൂട്ടുകാരുടെ മുന്നിൽ ആളാകാനും കൂട്ടുകെട്ട് നഷ്ടമാകാതിരിക്കാനുമൊക്കെ കഞ്ചാവ് പരീക്ഷിച്ചു തുടങ്ങുന്ന നമ്മുടെ കൗമാരതലമുറ തിരിച്ചറിയാതെ പോകുന്ന യാഥാർഥ്യവും ഇതു തന്നെയാണ്. ഒരിക്കൽ ചെന്നു തലവച്ചുകൊടുത്താൽ അത്ര പെട്ടെന്നൊന്നും തലയൂരിപ്പോകാനാവാത്ത ഉൗരാക്കുടുക്കാണ് കഞ്ചാവ് ലഹരി.
ഡി അഡിക്ഷൻ സെന്ററുകളിലും കൗണ്‍സലിംഗ് സെന്ററുകളിലും മാനസികാരോഗ്യ കേന്ദ്രങ്ങളിലുമൊക്കെ എത്തുന്ന കൗമാരക്കാർക്കും യുവാക്കൾക്കും പറയാനുള്ളത് ഏറെയും ഇത്തരം കഥകളാണ്. പലർക്കും ഇതു നിർത്തണമെന്നും ഇത്തരം കൂട്ടുകെട്ടുകളിൽനിന്നു രക്ഷപ്പെടണമെന്നും ആഗ്രഹമുണ്ട് പക്ഷേ, പലപ്പോഴും കഴിയുന്നില്ല. വീണ്ടും വീണ്ടും അതിനു പിന്നാലെതന്നെ പോകുന്നു.
അബദ്ധധാരണകൾ
കഞ്ചാവ് ഉപയോഗിച്ചു തുടങ്ങുന്നതോടെ ആ മയക്കുമരുന്നിനു മാത്രമല്ല, അറിഞ്ഞോ അറിയാതെയോ മറ്റു പലതിനുംകൂടി അടിമയായി മാറുന്നുവെന്നതാണ് സത്യം. നിരവധി അബദ്ധധാരണകളാണ് നമ്മുടെ കൗമാരതലമുറയെ കഞ്ചാവിന്റെ ലോകത്തേക്ക് ആട്ടിത്തെളിച്ചുകൊണ്ടിരിക്കുന്നത്.
മദ്യത്തേക്കാൾ സുരക്ഷിതമായ ലഹരിയാണ് കഞ്ചാവ് എന്നു കരുതി ഇതിൽ വീണുപോയവർ നിരവധി. മദ്യം കഴിച്ചിട്ടുള്ള ഒരു വ്യക്തിയെ വളരെപ്പെട്ടെന്ന് മറ്റൊരാൾക്കു തിരിച്ചറിയാനാകും. മദ്യത്തിന്റെ ഗന്ധം, സംസാരത്തിലുള്ള കുഴയൽ, ബാലൻസിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവയൊക്കെ മദ്യം കഴിച്ചിട്ടുള്ളവരിൽ പ്രകടമാണ്. അതിനാൽ മദ്യം കഴിച്ചിട്ടു സ്കൂളിലോ കോളജിലോ ഒക്കെ ചെന്നുകഴിഞ്ഞാൽ വളരെ എളുപ്പത്തിൽ പിടിവീഴും.
അതേസമയം, കഞ്ചാവ് ഉപയോഗിക്കുന്നവരിൽ എളുപ്പത്തിൽ തിരിച്ചറിയാവുന്ന ലക്ഷണങ്ങൾ ഉടനെ പ്രകടമാകാറില്ല. അതിനാൽ ഇതു നിർദോഷിയാണെന്നും ഉപയോഗിച്ചാൽതന്നെ ആരും തിരിച്ചറിയാൻ പോകുന്നില്ലെന്നുമുള്ള ചിന്തയാണ് അപക്വമായ പല കൗമാരമനസുകളെയും ഭരിക്കുന്നത്.
മദ്യത്തേക്കാൾ എളുപ്പത്തിൽ കൈവശം വയ്ക്കാനും ഉപയോഗിക്കാനുമൊക്കെയുള്ള സൗകര്യങ്ങളും കൗമാരതലമുറയ്ക്കുമുന്നിൽ കഞ്ചാവ് ഒരു പ്രലോഭനമായി മാറാൻ ഇടയാക്കിയിട്ടുണ്ട്. കഞ്ചാവിനെ പുകഴ്ത്തുന്ന ചില സിനിമകളും തെറ്റായ കൂട്ടുകെട്ടുകളും കൂടിയാകുന്പോൾ ലഹരിയുടെ ഈ ഇരുണ്ട വഴിയിലേക്കു വഴുതിവീഴാൻ വലിയ സാധ്യതകളാണ് നമ്മുടെ കുട്ടികൾക്കു മുന്നിൽ പതിയിരിക്കുന്നത്.
കൗമാരവിപണി
കേരളത്തിലെ ഏറ്റവും വലിയ കഞ്ചാവ് വിപണി സ്കൂൾ- കോളജ് പരിസരങ്ങളും പ്രദേശങ്ങളുമാണെന്ന് എക്സൈസും പോലീസും ഒരേ സ്വരത്തിൽ പറയുന്നു. ഹൈസ്കൂൾതലം മുതൽ പ്രഫഷണൽ കോളജുകളിൽ വരെ ഇരകളെ കണ്ടെത്താൻ ഇത്തരം സംഘങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്. ടണ്‍ കണക്കിനു കഞ്ചാവ് ആണ് കൗമാരതലമുറയെ ലക്ഷ്യമിട്ടു കേരളത്തിലേക്കു കടത്തിക്കൊണ്ടിരിക്കുന്നത്.
വിദ്യാർഥികൾക്കു വിതരണം ചെയ്യാൻ കഞ്ചാവ് കടത്തിക്കൊണ്ടുവന്നു പിടിയിലാകുന്നവരുടെ വാർത്തകളില്ലാതെ ഇന്നു ദിനപത്രങ്ങൾ പുറത്തിറങ്ങുന്നതുതന്നെ അപൂർവമായി മാറിയിരിക്കുന്നു. കിലോക്കണക്കിനു കഞ്ചാവ് ഓരോ ദിവസവും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എക്സൈസും പോലീസും ചേർന്നു പിടിച്ചെടുക്കുന്നുണ്ട്.
2018ൽ ഇടുക്കി ജില്ലയിൽ മാത്രം 463 കഞ്ചാവ് കേസുകളാണ് എക്സൈസ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ഇടുക്കിയിൽ 117 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്. ഇത് എക്സൈസ് നൽകുന്ന കണക്കാണ്. പോലീസ് പിടിച്ചെടുത്തതു വേറെ. മുണ്ടക്കയത്തു മാത്രം കഴിഞ്ഞ ഒരു വർഷത്തിനിടയിൽ അന്‍പതു കിലോഗ്രാം കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തതെന്നു കണക്കുകൾ പറയുന്നു.
മയക്കുമരുന്നു കേസുകളിൽ ആശങ്കാജനകമായ വർധനയാണ് കഴിഞ്ഞ വർഷങ്ങളിൽ ദൃശ്യമായിക്കൊണ്ടിരിക്കുന്നത്. 2017ൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട 5944 കേസുകളാണ് എക്സൈസ് വിഭാഗം മാത്രം രജിസ്റ്റർ ചെയ്തത്. അതേസമയം, 2018ൽ ഇത് ഏഴായിരം കടന്നു. ഇതിൽ ബഹുഭൂരിപക്ഷവും കഞ്ചാവു കേസുകളാണ്. ഇന്നലെ തിരുവനന്തപുരം നേമത്തുനിന്ന് 80 കിലോഗ്രാം കഞ്ചാവ് പോലീസ് പിടിച്ചതാണ് ഒടുവിലത്തെ സംഭവം.
കാറിൽ കടത്തുകയായിരുന്നു ഇത്. കഞ്ചാവ് മലവെള്ളപ്പാച്ചിൽ പോലെ കേരളത്തിലേക്ക് ഒഴുകുകയാണെന്ന സൂചനയാണ് ഇവയൊക്കെ നൽകുന്നത്. എത്തുന്നതിൽ വളരെ ചെറിയൊരു അളവ് മാത്രമാണ് പിടിക്കപ്പെടുന്നത് എന്നതുകൂടി ചേർത്തു വായിക്കുന്പോഴാണ് കഞ്ചാവിന്റെ വ്യാപനം കേരളത്തിൽ എത്രത്തോളം ശക്തമാണെന്നു വ്യക്തമാകുന്നത്.
കൗമാരവിപണിയിൽ ഭീതിപ്പെടുത്തുന്ന ഒരു കരിന്തേൾ കണക്കെ ഇഴഞ്ഞുകയറുകയാണ് ഈ ലഹരിവസ്തു. ഉപയോഗിച്ചുതുടങ്ങുന്നവർ പിന്നീടു വിതരണക്കാരായും കച്ചവടക്കാരായും മാറേണ്ടി വരുന്നതാണ് കഞ്ചാവ് വിപണനത്തിന്റെ വലിയ അപകടങ്ങളിലൊന്ന്. (തുടരും).