കോട്ടയം: വൻ കഞ്ചാവ് വേട്ട നടത്തിയാലും അതിന്റെ ഉറവിടം കണ്ടെത്താൻ പോലീസിനോ എക്സൈസിനോ കഴിയുന്നില്ല. മിക്കപ്പോഴും പിടിയിലാകുന്നതു ചെറുകിട കച്ചവടക്കാരും ഇടനിലക്കാരും മാത്രമാണ്. ഇവരുടെ പക്കൽ നിന്നും വിവരങ്ങൾ ശേഖരിച്ചു ലഹരി വസ്തുക്കൾ എത്തിയതിന്റെ ഉറവിടം കണ്ടെത്താൻ പോലീസിനും എക്സൈസിനും സാധിക്കാതെ വരുകയാണ്.
കോട്ടയം ജില്ലയിൽ രണ്ടു മാസത്തിനിടെ ലഹരി വസ്തുക്കളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ 150ൽപ്പരമാണ്. ഏതാനും നാളുകൾക്കുള്ളിൽ കഞ്ചാവും മയക്കുമരുന്നുമായി യുവതികളെ അടക്കം പിടികൂടി. ഹാഷിഷ് ഓയിലുമായി യുവാവിനെയും പിടികൂടി. എന്നാൽ ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ലഹരി കടത്തുസംഘത്തിലെ മുഖ്യ കണ്ണികളെ കണ്ടെത്താൻ പോലീസിനോ എക്സൈസിനോ കഴിഞ്ഞിട്ടില്ല
. ലഹരി വസ്തുക്കൾ ഇവരുടെ കൈവശം എങ്ങനെയെത്തുന്നു എന്നതു സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കാത്തതാണു ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാൻ കാരണമെന്നും പറയപ്പെടുന്നു. നിരോധിത പുകയില ഉല്പന്നങ്ങൾ അധികൃതർ പിടികൂടിയാലും പ്രതികൾ പിഴയടച്ചു രക്ഷപ്പെടുകയാണ് ചെയ്യുന്നത്. ലക്ഷങ്ങൾ വിലയുള്ള പുകയില ഉത്പന്നങ്ങൾ കേരളത്തിൽ പിടികൂടിയാലും അന്വേഷണം സംസ്ഥാനത്തിന്റെ അതിർത്തിക്കപ്പുറത്തേക്ക് നീളുന്നില്ല.
കന്പം, തേനി ഭാഗങ്ങളിൽ നിന്നാണ് കഞ്ചാവ് കേരളത്തിലെത്തിക്കുന്നത്. ഗ്രേഡ് അനുസരിച്ച് കിലോഗ്രാമിനു 6,000 മുതൽ 15,000 രൂപവരെയാണ് വൻകിടക്കാർ കഞ്ചാവിന് ഇട്ടിരിക്കുന്ന വില. വിവിധ ജില്ലകളിലെ ആവശ്യക്കാർക്ക് ഇത് ഗ്രാം അടിസ്ഥാനത്തിൽ വിൽക്കുന്പോൾ ഇരട്ടിയിലേറെ തുക കൈയിലെത്തും. ഈ നേട്ടമാണു പലരും കഞ്ചാവ് കച്ചവടത്തിൽ നിന്നും പിൻമാറാത്തതിനു കാരണമെന്നും എക്സൈസും പോലീസും വ്യക്തമാക്കുന്നു.
മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഒട്ടുമിക്ക സ്ഥലങ്ങളിലും ആഡംബര കാറുകളിലും ബൈക്കുകളിലും കെഎസ് ആർടിസി ബസുകളിലും എത്തിയാണു ഇപ്പോൾ ഏജന്റുമാർ കഞ്ചാവ് വിൽക്കുന്നത്. ഒട്ടുമിക്ക പ്രദേശങ്ങളിലും രാപ്പകൽ വ്യത്യാസമില്ലാതെ ഈ സംഘങ്ങൾ ചുറ്റിയടിക്കുകയാണ്. കുമളിയിൽ നിന്ന് മുണ്ടക്കയം വഴി മുൻപ് കഞ്ചാവ് കടത്തിയിരുന്നെങ്കിലും ഇപ്പോൾ തെങ്കാശിയിൽ നിന്ന് കൊല്ലം വഴിയാണ് കഞ്ചാവ് കടത്തുന്നതെന്നാണു എക്സൈസ് അധികൃതർ കണ്ടെത്തിയിരിക്കുന്നത്.