പുതുനഗരം: കൊടുവായൂർ മേഖലയിൽ കഞ്ചാവ് വിപണനം കൊഴുക്കുന്നു. ഇന്നലെ വീണ്ടും നാലു കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ജില്ലാ ലഹരി വിരുദ്ധ സേന നടത്തിയ തിരച്ചിലിൽ എത്തനൂർ വിദേശമദ്യശാലയ്ക്ക് സമീപം ബാഗിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. നാലു കിലോ കഞ്ചാവിനു മൂന്നു ലക്ഷത്തോളം വില ഉണ്ടെന്ന് പോലീസ് പറഞ്ഞു. ഡാൻസാഫ് സ്ക്വാഡിന്റെ തിരച്ചിലിൽ കഴിഞ്ഞ പത്തു ദിവസത്തിനിടെ 12 കിലോ കഞ്ചാവാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
ജില്ലാ പോലീസ് മേധാവി ശിവവിക്രമിന്റെ നിർദേശത്തെ തുടർന്ന് എസ്ഐ ശശികുമാർ, എഎസ്ഐ ഷാജു, സിപിഒ മാരായ വിപിൻ, ദിലീപ് , ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ സി.എസ് സാജിദ്, ആർ. കിഷോർ, സൂരജ് ബാബു, കെ.അഹമദ് കബീർ, ആർ. വിനീഷ് ഉൾപ്പെട്ട ടീമാണ് കൊടുവായൂർ മേഖലയിൽ ഉൗർജിത പട്രോളിങ്ങ് നടത്തി വരുന്നത്.
കൊല്ലങ്കോട് എക്സൈസ് റെയ്ഞ്ച് അധികൃതരും കൊടുവായൂർ പുതുനഗരം മേഖലയിൽ നിരവധി തവണ കഞ്ചാവ് കടത്ത് പിടികൂടിയിരുന്നു. ഒരു വർഷം മുൻപ് പുതുനഗരം വിരിഞ്ഞിപ്പാടത്ത് റയിൽപ്പാളത്തിനു സമീപത്ത് ഐടി ഐ വിദ്യാർത്ഥിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സമീപത്തായി മറ്റൊരു യുവാവിനെമർദ്ദനമേറ്റ പരിക്കുകളോടെ അബോധാവസ്ഥയിലും കിടന്നിരുന്നത്. കഞ്ചാവ് വിപണനമേഖലയിലെ വിശ്വാസ വഞ്ചനയാണ് സംഭവത്തിനു പിന്നിലെന്ന് പൊതുജന ആരോപണവും ഉയർന്നിരുന്നു.