സ്വന്തം ലേഖകന്‍
തൃശൂര്‍: പൂക്കുന്നത് അപ്പുറത്താണെങ്കിലും പുകയ്ക്കുന്നത് ഇപ്പുറത്താണ്. അന്യസംസ്ഥാനങ്ങളില്‍ പൂക്കുന്ന കഞ്ചാവ് വിളവെടുത്ത് പാകപ്പെടുത്തി അതിര്‍ത്തി കടത്തി ഇവിടെയെത്തിക്കുമ്പോള്‍ അത് പുകയ്ക്കുന്നത് കേരളീയരാണ്.
ചെറുപ്പക്കാരെന്നോ പ്രായമായവരെന്നോ വ്യത്യാസം കഞ്ചാവ് ഉപയോഗിക്കുന്നതില്‍ ഇല്ലെന്നാണ് അധികൃതര്‍ തന്നെ പറയുന്നത്. അതുകൊണ്ടുതന്നെ കഞ്ചാവിന് മുന്‍പുള്ളതിനേക്കാള്‍ ആവശ്യക്കാര്‍ ഏറിയിരിക്കുന്നു.
കേരളത്തില്‍ തന്നെ കൃഷിചെയ്യുന്ന കഞ്ചാവ് തമിഴ്നാട്ടിലേക്കും ആന്ധ്രയിലേക്കുമൊക്കെ പോയി അവിടെ ഉപയോഗത്തിനായി പാകപ്പെടുത്തി വീണ്ടും കേരളത്തിലേക്ക് തന്നെ തിരിച്ചെത്തുന്ന രീതിയുമുണ്ട്.
തമിഴ്നാടിനും ആന്ധ്രയ്ക്കും പുറമെ അസാം, ബീഹാര്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും കഞ്ചാവ് കേരളത്തിലേക്ക് ട്രെയിന്‍ മാര്‍ഗവും അന്യസംസ്ഥാന തൊഴിലാളികളിലെ കാരിയര്‍മാര്‍ വഴിയും എത്തുന്നുണ്ട്.
പലപ്പോഴും ട്രെയിനില്‍ പാഴ്സലായി കഞ്ചാവ് അയച്ചുകൊടുക്കുന്നുണ്ട്. ഒരുതരത്തിലും കഞ്ചാവിന്റെ മണം പുറത്തറിയാത്ത രീതിയില്‍ പായ്ക്ക് ചെയ്ത് അയക്കുന്ന ഈ പാഴ്സല്‍ പിടിച്ചെടുക്കുന്നത് രഹസ്യവിവരങ്ങളുടേയോ ഒറ്റിന്റെയോ സഹായത്താല്‍ മാത്രമാണ്.
കഴിഞ്ഞ വര്‍ഷം ഇന്റലിജന്‍സ് 375 കിലോ കഞ്ചാവ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടിയിരുന്നു. തൃശൂരില്‍ നിന്നുള്ളവര്‍ കഞ്ചാവ് കടത്ത് കാരിയര്‍മാരായി എത്തുന്നത് കൂടിയിട്ടുണ്ട്.
കഞ്ചാവ് കേസില്‍ പ്രതികള്‍ പിടിയിലാകുന്നുണ്ടെങ്കിലും കാരിയര്‍മാരുടെ എണ്ണം കൂടുന്നതും കഞ്ചാവ് കടത്തല്‍ നിര്‍ബാധം തുടരുന്നതും എക്സൈസിനും പോലീസിനും തലവേദനയാകുന്നുണ്ട്.
ആന്ധ്രയില്‍ നിന്ന് നൂറുലോഡോളം കഞ്ചാവ് കേരളത്തിന്റെ പല ഭാഗങ്ങളിലേക്കും ദിവസേന എത്തുന്നുവെന്നാണ് അധികൃതര്‍ തന്നെ പറയുന്നത്. ലോറികളിലും ട്രെയിനിലും മറ്റു വാഹനങ്ങളിലും കഞ്ചാവ് കടത്തുന്നുണ്ട്. യുവാക്കളും കൗമാരപ്രായക്കാരായ വിദ്യാര്‍ഥികളുമെല്ലാം വന്‍തുക മോഹിച്ച് കാരിയര്‍മാരായി എത്തുന്നുണ്ട്.
ചങ്ങലക്കണ്ണികള്‍ ചെറുതല്ല…..
ആര്‍ക്ക് വേണ്ടിയെന്നോ ആരാണ് നല്‍കുന്നതെന്നോ കഞ്ചാവ് കാരിയര്‍മാര്‍ക്ക് അറിയുന്നില്ല.
ഫോണിലൂടെ കിട്ടുന്ന നിര്‍ദ്ദേശങ്ങള്‍ അതേപടി അനുസരിക്കുക, കഞ്ചാവ് കയറ്റിയ വാഹനം നിര്‍ദ്ദേശമനുസരിച്ച് കൃത്യമായി അവര്‍ പറയുന്ന ദിക്കിലെത്തിക്കുക, വണ്ടിയില്‍ നിന്ന് ഇറങ്ങിമാറുക, അല്ലെങ്കില്‍ വണ്ടിയില്‍ നിന്ന് സാധനം നിര്‍ദ്ദേശപ്രകാരം മറ്റു വണ്ടികളിലേക്ക് മാറ്റുക എന്നിങ്ങനെയാണ് കഞ്ചാവ് കടത്തലിന്റെ രീതി.
പിടിക്കപ്പെട്ടാല്‍ ചങ്ങലക്കണ്ണിയിലെ ചിലര്‍ മാത്രം കുടുങ്ങും. ഡീലിലെ പ്രധാനികളപ്പോഴും പുറത്തായിരിക്കും. ലോഡ് കൃത്യസ്ഥലത്ത് സുരക്ഷിതമായി എത്തിക്കഴിഞ്ഞാലുടന്‍ അവ ചെറു ലോഡുകളായി പല ആളുകളിലേക്ക് കൈമാറ്റം ചെയ്യപ്പെടും.
സുരക്ഷിതമായി ഒളിപ്പിച്ചു വെക്കുന്നതിന് ആളൊഴിഞ്ഞ വീടുകള്‍, കെട്ടിടങ്ങള്‍, പറമ്പുകള്‍ എന്നിവ ഉപയോഗിക്കും. സ്വന്തം വീടുകളില്‍ കഞ്ചാവ് ഒളിപ്പിച്ചു വെക്കുന്ന ഏജന്റുമാരും കൂട്ടത്തിലുണ്ട്.
സ്ഥിരം കേസുകളില്‍ പെടുന്നവരെ എക്സൈസ് നിരന്തരം നിരീക്ഷിക്കുകയും പരിശോധന നടത്തുകയും ചെയ്യുന്നുണ്ട്. എന്നിട്ടും അപ്പുറത്തു പൂക്കുന്ന കഞ്ചാവ് ഇപ്പുറത്തേക്ക് പ്രവഹിക്കുന്നു. ഇവിടെ ലഹരിയുടെ വിഷപ്പുക നിറയുന്നു…..