കോട്ടയം: ക്രിസ്മസ് -പുതുവത്സരാഘോഷങ്ങൾക്കായി വൻതോതിൽ ലഹരി പദാർഥങ്ങൾ എത്തിക്കുന്നതായി സൂചന. കഞ്ചാവ്, ഹാഷിഷ്, എംഡിഎംഎ ഉൾപ്പെടെയുള്ളവയാണ് ആഘോഷങ്ങൾക്കായി എത്തിക്കുന്നത്.
ആഘോഷങ്ങളിൽ പങ്കെടുക്കുന്ന പുതുതലമുറയ്ക്കു കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി പദാർഥങ്ങളോടാണ് താൽപര്യം. ഇവ ഉപയോഗിച്ചാൽ പെട്ടെന്ന് പിടിക്കപ്പെടില്ല എന്നതും ദീർഘനേരം ലഹരി നിലനില്ക്കുമെന്നതുമാണ് ഉപയോഗിക്കാൻ പുതുതലമുറയെ പ്രേരിപ്പിക്കുന്നത്.
ആഘോഷ പാർട്ടികളിൽ പങ്കെടുക്കുന്ന യുവതികളും മയക്കുമരുന്നുകൾ ഉപയോഗിക്കുന്നതായാണ് പോലീസിനു ലഭിച്ചിരിക്കുന്ന വിവരം.
ആഘോഷങ്ങൾക്കു മുന്നോടിയായി വൻതോതിൽ ലഹരി പദാർഥങ്ങൾ എത്തിക്കുമെന്ന് സ്പെഷൽ ബ്രാഞ്ചിന്റെ മുന്നറിയിപ്പുമുണ്ട്. പരിശോധിക്കാൻ സാധ്യതയുള്ളതിനാൽ ഹോട്ടലുകളും റിസോർട്ടുകളും ഒഴിവാക്കി ചില പ്രത്യേക സ്ഥലങ്ങൾ കേന്ദ്രീകരിച്ചു മയക്കുമരുന്ന് ഉപയോഗം നടക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.
ചില കേന്ദ്രങ്ങളെ പോലീസ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ കൂടുതലായി നടക്കുന്ന വാഗമണ്, കുമരകം പ്രദേശങ്ങളിലാണ് ലഹരി പദാർഥങ്ങൾ കൂടുതലായി എത്തിക്കുന്നതെന്നാണ് പോലീസിനു ലഭിക്കുന്ന സൂചന.
അതിനാൽ ഈ പ്രദേശങ്ങളെ പോലീസ് ലഹരിയുടെ ഹോട്ട് സ്പോട്ടായി കണക്കാക്കിയാണ്് കർശനമായ പരിശോധനകൾ നടത്തുന്നത്. ജില്ലയിൽ എത്തിക്കുന്ന ലഹരി വസ്തുക്കൾ പല സ്ഥലങ്ങളിൽ സൂക്ഷിച്ചശേഷം ആഘോഷങ്ങൾ നടക്കുന്ന സമയത്ത് ആവശ്യക്കാർക്ക് എത്തിച്ചു നല്കുകയാണ് ചെയ്യുന്നത്.
ആഘോഷങ്ങൾക്കു മാത്രമായി ലഹരി പദാർഥങ്ങൾ എത്തിക്കുന്നതിനു പ്രത്യേക സംഘങ്ങളും പ്രവർത്തിക്കുന്നുണ്ട്. ലഹരി പദാർഥങ്ങൾ എത്തിക്കുന്ന സംഘമായിരിക്കില്ല വിതരണം ചെയ്യുന്നത്. ലഹരി വസ്തുക്കൾ വാങ്ങുന്നതും പണം നല്കുന്നതും ഡിജിറ്റൽ ഇടപാടിലുടെയാണ്.
വാട്സ് ആപ്പിലുടെ മയക്കുമരുന്ന് ആവശ്യപ്പെട്ടശേഷം ഗൂഗിൾ പേയിലുടെ പണം നല്കുകയാണ് ചെയ്യുന്നത്.ഒരു ഗ്രാമിന് 4000 രൂപ വരെ നൽകിയാണ് മയക്കുമരുന്നുകൾ പലരും വാങ്ങി ഉപയോഗിക്കുന്നത്. ലഹരി നിറച്ച കുഞ്ഞൻ പാക്കറ്റുകൾ ഒളിപ്പിക്കാനും പ്രയാസമില്ല.
സമീപകാലത്ത് സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ ലഹരി പാർട്ടികൾ നടന്നതും സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ഗൗരവത്തിലെടുത്ത് ശക്തമായ നിരീക്ഷണം നടത്താൻ പോലീസിനെയും എക്സൈസിനെയും പ്രേരിപ്പിച്ചിട്ടുണ്ട്.
അടുത്ത ദിവസങ്ങളിൽ കുമരകത്തെയും വാഗമണ്ണിലെയും റിസോർട്ടുകളും ഹോം സ്റ്റേകളും കേന്ദ്രീകരിച്ചു പോലീസിനെയും എക്സൈസിന്റെയും പരിശോധനകളും പ്രത്യേക നിരീക്ഷണങ്ങളും ഉണ്ടാകും. ഇവിടങ്ങളിൽ ലഭിച്ചിരിക്കുന്ന ബുക്കിംഗുകളും പരിശോധിക്കുന്നുണ്ട്.
കുമരകത്ത് ഹൗസ് ബോട്ടുകൾ കേന്ദ്രീകരിച്ചും പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.സംശയം തോന്നുന്ന സംഘങ്ങൾ ഹോട്ടലുകളിൽ ബുക്കിംഗ് നടത്തുന്പോൾ വിവരം അറിയിക്കണമെന്നും നിർദേശമുണ്ട്.
ഡിജെ പാർട്ടികൾ ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ വിവരം പോലീസിനു കൈമാറണം. പോലീസും എക്സൈസും സംയുക്തമായിട്ടായിരിക്കും മിന്നൽ പരിശോധന നടത്തുക.