സ്വന്തം ലേഖകൻ
മുളങ്കുന്നത്തുകാവ്: കഞ്ചാവ് വിൽപന ചോദ്യം ചെയ്യാൻ ശ്രമിക്കുന്നവരെ വെട്ടിനുറുക്കാൻ രണ്ടും കൽപിച്ച് കഞ്ചാവ് വിൽപന സംഘങ്ങളുടെ തേർവാഴ്ച. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെട്ടേറ്റ് കൊണ്ടുവന്ന ഇരുപതോളം പേർ കഞ്ചാവ് വിൽപന ചോദ്യം ചെയ്ത സംഭവവുമായി ബന്ധപ്പെട്ടാണ് ആക്രമണത്തിനിരയായത്.
കുന്നംകുളത്ത് കൗമാരപ്രായക്കാർക്ക് കഞ്ചാവ് നൽകുന്നതിനെ ചോദ്യം ചെയ്ത കുന്നംകുളം അടുപ്പൂട്ടി മുണ്ടും പറന്പിൽ വീട്ടിൽ വിൽസണ്‍ മകൻ വിജീഷിനെ (33) 20 അംഗ സംഘമാണ് വെട്ടിപരിക്കേൽപ്പിച്ചത്. ഞായറാഴ്ച രാത്രി 12ന് വീടിനു സമീപം വെച്ച് വടിവാൾ ഉപയോഗിച്ച് വിജീഷിനെ സംഘം വെട്ടുകയായിരുന്നു. ഇരുകാലുകൾക്കും കൈകൾക്കും തലയിലും പുറത്തുമായി നിരവധി വെട്ടുകളാണ് ഏറ്റിരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ വിജീഷ് തീവ്രപരിചരണ വിഭാഗത്തിലാണ്.
തോളൂരിലും കഞ്ചാവ് വിൽപന ചോദ്യം ചെയ്തവർക്ക് നേരെ ആക്രമണമുണ്ടായി. ഏഴ് ഡിവൈഎഫ്ഐ പ്രവർത്തകരടക്കം 14 പേർക്ക് സംഭവത്തിൽ പരിക്കേറ്റു.ഇവരിൽ ഡിവൈഎഫ്ഐ പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ.റജീൽ(27), ജോ.സെക്രട്ടറി അരൂണ്‍ (22) രമേഷ്(24) രജീഷ് (26) ജിഷ്ണു(21) വിശാൽ (25) പ്രിൻസ്(27) എന്നിവരെയും എതിർ സംഘത്തിലെ നാലു പേരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു.