തിരുവനന്തപുരം: കഞ്ചാവ് നൽകാത്തതിലുള്ള വിരോധം ഏറ്റുമുട്ടലിൽ കലാശിച്ചു. സുഹൃത്തുക്കളായ യുവാക്കൾ തമ്മിലാണ് ഏറ്റുമുട്ടിയത്. ഒരാൾക്ക് വെട്ടേറ്റു. കാൽമുട്ടിലാണ് വെട്ടേറ്റത്. കഴക്കൂട്ടം ആറാട്ടുവഴിയിൽ ഇന്നലെ രാത്രി പതിനൊന്നു മണിയോടെയായിരുന്നു സംഭവം. പ്രദേശവാസിയായ വിൻസന്റ് (22) നാണ് വെട്ടേറ്റത്.
ഇയാളുടെ സുഹൃത്ത് ലിയോണ്‍ (23) ആണ് വെട്ടിപ്പരിക്കേൽപ്പിച്ചതെന്ന് പോലീസിൽ മൊഴി നൽകി. ലിയോണിന് കഞ്ചാവ് നൽകാതെ വിൻസന്റ് കഞ്ചാവ് ഉപയോഗിച്ചതിലുള്ള വിരോധമാണ് ആക്രമണകാരണമെന്ന് പോലീസ് പറഞ്ഞു.
കാൽ മുട്ടിന് വെട്ടേറ്റ് അവശനിലയിൽ കണ്ടെത്തിയ വിൻസന്റിനെ പോലീസും നാട്ടുകാരും ചേർന്ന് മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴക്കൂട്ടം പോലീസ് കേസെടുത്തു. ലിയോണ്‍ ഒളിവിലാണ്. ഇരുവരുടെയും പേരിൽ കഴക്കൂട്ടം പോലീസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.